ആ പച്ച ഇട്ടോല് ഫുള്‍ ഫൗള്‍ കാട്ടി, മെസി പോയാല്‍ അവര്‍ക്ക് ഗോളടിക്കാലോ, ലാസ്റ്റ് ഗോള്‍ അടിക്കാന്‍ നിക്കുമ്പളാ കളി തീര്‍ന്നേ; വൈറലായ കുഞ്ഞാരാധിക
Kerala News
ആ പച്ച ഇട്ടോല് ഫുള്‍ ഫൗള്‍ കാട്ടി, മെസി പോയാല്‍ അവര്‍ക്ക് ഗോളടിക്കാലോ, ലാസ്റ്റ് ഗോള്‍ അടിക്കാന്‍ നിക്കുമ്പളാ കളി തീര്‍ന്നേ; വൈറലായ കുഞ്ഞാരാധിക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd November 2022, 3:44 pm

മലപ്പുറം: കാല്‍പ്പന്തിന്റെ മാമാങ്കത്തില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ കളിയില്‍ തന്നെ സൗദി അറേബ്യയുടെ മുന്നില്‍ ലാറ്റിനമേരിക്കന്‍ രാജാക്കന്‍മാരായ അര്‍ജന്റീന അടിപതറിയപ്പോള്‍ നെഞ്ചുപിടഞ്ഞത് ഒരുപിടി കുട്ടി ഫാന്‍സിന്റെ കൂടിയാണ്.

കാതങ്ങള്‍ക്കപ്പുറം പ്രിയ ടീമിന്റെ ഇതിഹാസ താരം മെസിയുടെയും തോല്‍വി കണ്ടുനില്‍ക്കാന്‍ അവര്‍ക്കായില്ല. പലരും വിങ്ങിപ്പൊട്ടി, മറുവാദങ്ങള്‍ വിളിച്ചുപറഞ്ഞു.

മലപ്പുറം തിരൂരിലെ അര്‍ജന്റീനയുടെ കുഞ്ഞ് ആരാധിക ലുബ്‌ന ഫാത്തിമയുടെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കളിയില്‍ അര്‍ജന്റീന തോറ്റപ്പോള്‍ കൂക്കിവിളിച്ച മറ്റ് ടീമുകളുടെ ഫാന്‍സിനെ ‘മെസിക്കിനിയും കളിയുണ്ടെന്ന്’ പറഞ്ഞാണ് ലുബ്‌ന നേരിട്ടത്.

വൈറല്‍ ആരാധികയെ കാണാനെത്തിയ മാധ്യമങ്ങളോടിപ്പോള്‍ സംഭവം വിവരിക്കുകയാണ് ലുബ്‌ന ഫാത്തിമ.

‘മെസി തോറ്റപ്പോ എനിക്ക് സഹിച്ചില്ല. ഓരവിടെ മെസിടെ ഫോട്ടോകള്‍ വെച്ചിരുന്നു. അതില്‍ അവര് ചീത്തയാക്കിയപ്പോ എനിക്ക് സഹിച്ചില്ല. അപ്പോ ഞാന്‍ ദേഷ്യം പിടിച്ച് ചീത്ത പറഞ്ഞതാ.

ആദ്യം ഞാന്‍ റൊണാള്‍ഡോ ഫാന്‍ ആയിരുന്നു. പിന്നെ, മെസി ഗോളടിക്കുന്നത് കണ്ടപ്പോ മെസിടെ ആളായി. കൊറേ ആള്‍ക്കാര് മെസി തോറ്റൂന്ന് പറഞ്ഞിട്ട് അവടെ കരഞ്ഞിരുന്നു. അപ്പോ എനിക്കും സഹിച്ചില്ല.

കളീല് ഈ പച്ച ടീമുകള്‍ കൊറേ ഇങ്ങനെ ഫൗളുകള് കാട്ടി. മെസി പോയിക്കഴിഞ്ഞാ ഇവര്‍ക്ക് ഗോളടിക്കാലോ… അപ്പോ അവര് കൊറേ കച്ചറകള്‍ ഇങ്ങനെ കാട്ടി. ലാസ്റ്റിലെ ഗോള് അര്‍ജന്റീന അടിക്കാന്‍ നിക്കായിരുന്നു. അപ്പോത്തിന് ടൈം കഴിഞ്ഞു.

അടുത്ത ബ്രസീലിന്റെ കളീല് ഓര് തോക്കട്ടെ, ഞങ്ങള് പടക്കം പൊട്ടിച്ച് ഇവിടെ പൊളിക്കും.’

അതേസമയം, ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് അര്‍ജന്റീനക്ക് നേരെ ഉയരുന്നത്. സൗദി അറേബ്യയോട് 2-1നാണ് ടീം അര്‍ജന്റീന പരാജയപ്പെട്ടത്.

സ്‌കോര്‍ ചെയ്യാന്‍ പല അവസരങ്ങള്‍ ലഭിച്ചെങ്കിലും സൗദിയുടെ ആക്രമണത്തിന് മുന്നില്‍ മെസിപ്പടക്ക് മുന്നേറാന്‍ സാധിച്ചില്ല.

10ാം മിനിട്ടില്‍ പെരെഡെസിനെ സൗദിയുടെ അല്‍ ബുലയാഹി ബോക്‌സിനകത്തുവെച്ച് ഫൗള്‍ ചെയ്തതിന് അര്‍ജന്റീനയ്ക്കനുകൂലമായി ലഭിച്ച പെനാല്‍ട്ടി മെസി ഗോളാക്കുകയായിരുന്നു.

ചരിത്രത്തിലാദ്യമായാണ് സൗദി അറേബ്യയോട് അര്‍ജന്റീന തോല്‍വി വഴങ്ങുന്നത്. അട്ടിമറി വിജയം നേടിയ സൗദിയെ പ്രശംസിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയത്.

Content Highlight: Argentine Little Fan in Kerala Got Viral on Social Media