എംബാപ്പെയെ തടയേണ്ടത് ടീമിന്റെ മുഴുവന്‍ ഉത്തരവാദിത്തമാണ്, എന്നാല്‍ പേടിക്കേണ്ടത് അവനെ മാത്രമല്ല: അര്‍ജന്റൈന്‍ കോച്ച്
2022 Qatar World Cup
എംബാപ്പെയെ തടയേണ്ടത് ടീമിന്റെ മുഴുവന്‍ ഉത്തരവാദിത്തമാണ്, എന്നാല്‍ പേടിക്കേണ്ടത് അവനെ മാത്രമല്ല: അര്‍ജന്റൈന്‍ കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 18th December 2022, 1:19 pm

ഒരുമാസത്തോളം നീണ്ടുനിന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് ഖത്തറിലെ ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് വിരാമമാവുകയാണ്. ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ വശ്യതയാവാഹിച്ച അര്‍ജന്റീനയും യൂറോപ്പിന്റെ കരുത്തുമായി ഫ്രാന്‍സുമാണ് ഫൈനലിനിറങ്ങുന്നത്.

2002ന് ശേഷം ഫിഫ ലോകകപ്പ് യൂറോപ്യന്‍ ടീമുകളുടെ കുത്തകയാണ്. ആ കുത്തക നിലനിര്‍ത്താന്‍ ഫ്രാന്‍സും എന്നാല്‍ ആ വിന്നിങ് സ്ട്രീക്കിന് തടയിടാന്‍ അര്‍ജന്റീനയും കളത്തിലിറങ്ങുമ്പോള്‍ കലാശപ്പോരാട്ടത്തില്‍ തീ പാറും.

ക്ലാഷ് ഓഫ് ദി ടൈറ്റന്‍സില്‍ അര്‍ജന്റീനക്ക് കാര്യങ്ങള്‍ അത്രകണ്ട് എളുപ്പമാകില്ല. ഇറ്റലിക്കും ബ്രസീലിനും ശേഷം കിരീടം നിലനിര്‍ത്താനുറച്ചാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍സ് കളത്തിലിറങ്ങുന്നത്. അവരുടെ തുറുപ്പ് ചീട്ടാകട്ടെ കിലിയന്‍ എംബാപ്പെയെന്ന യുവതാരവും.

കളിക്കളത്തില്‍ കൊള്ളിയാന്‍ പോലെ ചടുലമായ നീക്കങ്ങള്‍ നടത്തുന്ന എംബാപ്പെക്കെതിരെ തന്നെയാകും അര്‍ജന്റൈന്‍ കോച്ച് ലയണല്‍ സ്‌കലോണി തന്ത്രങ്ങള്‍ മെനയുക.

എന്നാല്‍ ഫ്രാന്‍സില്‍ പേടിക്കേണ്ടത് എംബാപ്പെയെ മാത്രമല്ലെന്നും അവര്‍ ഒരു ടീം എന്ന നിലയില്‍ കരുത്തരാണെന്നുമാണ് സ്‌കലോണി അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായാണ് സ്‌കലോണി ഇക്കാര്യം പറഞ്ഞത്.

എംബാപ്പെയെ തടയാന്‍ ഏതെങ്കിലും ഒന്നോ രണ്ടോ താരങ്ങളെയല്ല ഏല്‍പിക്കുന്നതെന്നും അത് ടീമിന്റെ മുഴുവന്‍ ഉത്തരവാദിത്തമാണെന്നുമാണ് സ്‌കലോണി പറഞ്ഞത്.

‘എംബാപ്പയെ തടയുകയെന്നത് ഒരു താരത്തിന്റെ ഉത്തരവാദിത്തം എന്നതിനേക്കാളപ്പുറം അത് ടീമിന്റെ മുഴുവന്‍ ജോലിയാണ്. എന്നാല്‍ ഫ്രാന്‍സില്‍ എംബാപ്പെ മാത്രമല്ല ഉള്ളത്. എംബാപ്പെ മികച്ച താരം തന്നെയാണ് അക്കാര്യത്തില്‍ യാതൊരു വിധത്തിലുള്ള സംശയവുമില്ല, എന്നാല്‍ എംബാപ്പെയേക്കാള്‍ അപകടം വിതക്കാന്‍ സാധിക്കുന്ന താരങ്ങള്‍ ഫ്രാന്‍സ് ടീമില്‍ നിരവധിയുണ്ട്.

 

എംബാപ്പെക്ക് കൃത്യമായി പന്തെത്തിച്ചുകൊടുക്കാനുള്ള താരങ്ങളും ഫ്രഞ്ച് ടീമിലുണ്ട്. അതെല്ലാം ഞങ്ങള്‍ പരിഗണിച്ചേ മതിയാകൂ. എംബാപ്പെ ഇപ്പോഴും ഒരു യുവതാരമാണ്. എന്നാല്‍ അവന്‍ ദിനംപ്രതി മെച്ചപ്പെട്ടുകൊണ്ടേയിരിക്കുന്നു,’ സ്‌കലോണി പറഞ്ഞു.

ഈ ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനമാണ് എംബാപ്പെ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ അഞ്ച് ഗോള്‍ തന്റെ പേരിലാക്കിയ എംബാപ്പെ ഗോള്‍ഡന്‍ ബൂട്ട് റണ്ണിലും മുമ്പന്‍ തന്നെയാണ്.

 

Content Highlight: Argentina coach Lionel Scaloni about Kylian Mbappe