എഡിറ്റര്‍
എഡിറ്റര്‍
‘മോദി ജീ, നിങ്ങള്‍ കാവല്‍ക്കാരനോ അതോ ഇടനിലക്കാരനോ?’; പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനുമായി വീണ്ടും രാഹുല്‍ ഗാന്ധി
എഡിറ്റര്‍
Saturday 11th November 2017 9:17pm

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ മകനെതിരായ സാമ്പത്തിക ആരോപണത്തില്‍ മൗനം പാലിക്കുന്നതില്‍ മോദിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ ഉന്നയിച്ചത്.

‘മോദി ജി പറയുന്നത് അദ്ദേഹം നാടിന്റെ കാവല്‍ക്കാരന്‍ ആണെന്നാണ്. എന്നാലിന്ന് ആളുകള്‍ ചോദിക്കുന്നത് അദ്ദേഹം കാവല്‍ക്കാരനാണോ അതോ ഇടനിലക്കാരാനാണോ? എന്നാണ്.’ രാഹുല്‍ പറയുന്നു.

ജയ്ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ അസ്വാഭാവിക വളര്‍ച്ച പുറത്തു കൊണ്ടു വന്നത് ദ വയര്‍ ആയിരുന്നു. 50000 രൂപ മാത്രം വരുമാനമുണ്ടായിരുന്ന കമ്പനി മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം 80 കോടിയോളം രൂപയുടെ ടേണോവര്‍ ഉള്ള കമ്പനിയായി മാറുകയായിരുന്നു.

നേരത്തെ ജി.എസ്.ടിയ്‌ക്കെതിരെയും രാഹുല്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ഗബ്ബര്‍ സിംഗ് ടാക്‌സ് ഗുഡ്‌സ് സര്‍വ്വീസ് ടാക്‌സ് ആക്കുന്നതു വരെ വിശ്രമിക്കില്ലെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

‘ കേന്ദ്രത്തെ ഞങ്ങള്‍, ഗുജറാത്തിലെ ജനങ്ങളും ചെറിയ ഷോപ്പുകള്‍ നടത്തുന്നവരും ചേര്‍ന്ന്, സമ്മര്‍ദ്ദത്തിലാക്കി. അതുകൊണ്ട് ജി.എസ്.ടിയില്‍ 28 ശതമാനമുണ്ടായിരുന്ന പലതിനേയും 18 ശതമാനത്തിലേക്ക് മാറ്റിയതെന്ന് സന്തോഷത്തോടെ എനിക്ക് പറയാം.’ രാഹുല്‍ പറയുന്നു.


Also Read: ‘ഞാന്‍ മൈക്ക് വച്ച് ഹിന്ദുക്കളെ ഉണരൂ എന്ന് കവല പ്രസംഗം നടത്തിയോ?’; സഖാക്കളേ ഉണരൂ എന്നു പറഞ്ഞാലും യുദ്ധാഹ്വാനമല്ലേയെന്നും മേജര്‍ രവി


‘അഞ്ച് തലങ്ങളുള്ള ജി.എസ്.ടി ഗബ്ബര്‍ സിംഗ് ടാക്‌സ് ആണ്. ഒരു ലെവന്‍ മാത്രമാകുമ്പോള്‍ അത് ജി.എസ്.ടിയാകും. ഗുജറാത്തിനോ ഇന്ത്യയ്‌ക്കോ ഗബ്ബര്‍ സിംഗ് ടാക്‌സ് വേണ്ടതില്ല. 18 ശതമാനം മാത്രമുള്ള ഒരു ടാക്‌സ് സംവിധാനം മാത്രമേ ജി.എസ്.ടിയില്‍ പാടുള്ളൂ എന്ന് കോണ്‍ഗ്രസ് ബി.ജെ.പിയോട് വ്യക്തമാക്കിയതാണ്.’ അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഗബ്ബര്‍ സിംഗ് ടാക്‌സ് രാജ്യത്തെ ചെറുകിട കച്ചവടക്കാര്‍ക്ക് ആഘാതം ഏല്‍പ്പിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഗബ്ബര്‍ സിംഗ് ടാക്‌സ് രാജ്യത്തെ പാവങ്ങളെ കൊള്ളയടിക്കുകയാണ്. ചെറുകിട-മധ്യവര്‍ഗ്ഗ കച്ചവടക്കാരുടെ നട്ടെല്ലൊടിക്കുക മാത്രമാണ് ഗബ്ബര്‍ സിംഗ് ടാക്‌സിന്റെ ലക്ഷ്യം.’ അദ്ദേഹം പറയുന്നു.

അതേസമയം ജി.എസ്.ടിയില്‍ കഴിഞ്ഞ ദിവസം ചെറിയ മാറ്റങ്ങള്‍ വരുത്തിയത് നല്ലതാണെന്നും പക്ഷെ തങ്ങള്‍ ഇവിടം കൊണ്ട് നിര്‍ത്തില്ലെന്നും ഗുജറാത്തിനും രാജ്യത്തിനും ഗബ്ബര്‍ സിംഗ് ടാകസിന് പകരം ജി.എസ്.ടി ലഭിക്കുന്നതുവരെ പോരാടുമെന്നും രാഹുല്‍ പറഞ്ഞു.

 

Advertisement