'ഇത് ഞെട്ടിക്കുന്നത്'; വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും തെരഞ്ഞെടുപ്പു കമ്മീഷന്‍ എന്തുകൊണ്ട് ഔദ്യോഗിക കണക്ക് പുറത്തുവിടുന്നില്ലെന്ന് കെജ്‌രിവാള്‍
national news
'ഇത് ഞെട്ടിക്കുന്നത്'; വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും തെരഞ്ഞെടുപ്പു കമ്മീഷന്‍ എന്തുകൊണ്ട് ഔദ്യോഗിക കണക്ക് പുറത്തുവിടുന്നില്ലെന്ന് കെജ്‌രിവാള്‍
ന്യൂസ് ഡെസ്‌ക്
Sunday, 9th February 2020, 5:21 pm

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പോള്‍ ചെയ്ത കണക്കുകള്‍ വെളിപ്പെടുത്താത്ത തെരഞ്ഞെടുപ്പു കമ്മീഷന്റെ നിലപാട് ഞെട്ടിക്കുന്നതെന്ന് ആംആദ്മി നേതാവ് അരവിന്ദ് കെജ് രിവാള്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും എന്തു കൊണ്ടാണ് പോളിംഗ് കണക്കുകള്‍ പുറത്തുവിടാത്തതെന്ന് കെജ്‌രിവാള്‍ ട്വിറ്ററിലൂടെ ചോദിച്ചു.

‘ഇത് ഞെട്ടിക്കുന്നതാണ്. എന്താണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. എന്തു കൊണ്ടാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പോളിംഗ് കണക്കുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത്?,’ കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

തെരഞ്ഞെടുപ്പു കമ്മീഷന്‍ ഞായറാഴ്ച വൈകുന്നേരത്തിനുള്ളില്‍ ഔദ്യോഗിക കണക്ക് ജനങ്ങള്‍ക്കുമുന്നില്‍ പുറത്തുവിടണമെന്ന ദല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകന്‍ അരവിന്ദ് ഗുണശേഖറിന്റെ ട്വീറ്റ് ടാഗ് ചെയ്തുകൊണ്ടായിരുന്നു കെജ്‌രിവാളിന്റെ ട്വീറ്റ്.

പോളിംഗ് കഴിഞ്ഞ് 22 മണിക്കൂറ് പിന്നിട്ടിട്ടും കമ്മീഷന്‍ ഇതുവരെയും കണക്കുകള്‍ പുറത്തു വിട്ടിട്ടില്ല. സാധാരണഗതിയില്‍ പോളിംഗ് കഴിഞ്ഞ് വൈകുന്നേരം തന്നെ ഔദ്യോഗിക കണക്ക് പുറത്തുവിടാറുണ്ട്.

ശനയാഴ്ച വളരെ കുറഞ്ഞ പോളിംഗ് ആണ് ദല്‍ഹിയില്‍ നടന്നത്. 57.06 ശതമാനം എന്ന താത്കാലിക കണക്ക് കഴിഞ്ഞ ദിവസം കമ്മീഷന്‍ പുറത്തുവിട്ടിരുന്നു. അതായത് 2015 ല്‍ നടന്ന പോളിംഗ് ശതമാനമായ 67.5നെക്കാള്‍ കുറഞ്ഞ കണക്കാണിത്.

 

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വോട്ടിംഗ് നടക്കുന്ന സമയത്ത് തന്നെ ഇലക്ഷന്‍ കമ്മീഷന്റെ സ്മാര്‍ട്ട് ഫോണ് ആപ്ലിക്കേഷനില്‍ നിന്നും വന്നിരുന്ന കണക്കുകളില്‍ വലിയ തോതിലുള്ള കണക്കു വ്യത്യാസം ശ്രദ്ധയില്‍ പെട്ടിരുന്നു. എല്ലാ രണ്ടു മണിക്കൂറുകള്‍ കൂടുംതോറും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസറാണ് കണക്കുകള്‍ പുറത്തുവിട്ടിരുന്നത്.

കഴിഞ്ഞ ദിവസം രാത്രി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താവ് ഷേയ്ഫാലി ശരണ്‍ വോട്ടിംഗ് കഴിഞ്ഞെന്നും 61.43 ശതമാനം പോളിംഗ് നടന്നതായും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കമ്മീഷന്റെ ഔദ്യോഗിക കണക്ക് ഇതുവരെ പുറത്തുവന്നിട്ടും ഇല്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ആംആദ്മി പാര്‍ട്ടിക്ക് വിജയമുണ്ടാവുമെന്നും ബിജെപി മുന്നേറ്റമുണ്ടാക്കുമെന്നുമായിരുന്നു പ്രവചനങ്ങള്‍.