എഡിറ്റര്‍
എഡിറ്റര്‍
ജനസാഗരത്തില്‍ മക്ക; അറഫാ സംഗമം നാളെ
എഡിറ്റര്‍
Saturday 10th September 2016 2:13pm

arafa


ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 13 ലക്ഷത്തിലേറെ തീര്‍ഥാടകര്‍ മക്കയിലെത്തിയിട്ടുണ്ട്. സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റിന്റെ കണക്കുപ്രകാരം 13,10,408 പേരാണ് ചൊവ്വാഴ്ച വരെ സൗദിയിലത്തെിയത്.


മക്ക: ജനസാഗരത്തില്‍ നിറഞ്ഞൊഴുകി മിന. ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫ സംഗമത്തിലേക്കുള്ള തയാറെടുപ്പിലാണ് ഹാജിമാര്‍.

ഹജ്ജിന്റെ തൊട്ടുമുമ്പായി ഹറമില്‍ നടന്ന ജുമുഅ നമസ്‌കാരത്തില്‍ 15 ലക്ഷത്തിലധികം തീര്‍ഥാടകരാണ് പങ്കെടുത്തത്. ഡോ. ഫൈസല്‍ ഖസാവിയാണ് ഹറമില്‍ ജുമുഅക്കും ഖുതുബക്കും നേതൃത്വം നല്‍കിയത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 13 ലക്ഷത്തിലേറെ തീര്‍ഥാടകര്‍ മക്കയിലെത്തിയിട്ടുണ്ട്. സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റിന്റെ കണക്കുപ്രകാരം 13,10,408 പേരാണ് ചൊവ്വാഴ്ച വരെ സൗദിയിലത്തെിയത്.

ആഭ്യന്തര തീര്‍ഥാടകര്‍കൂടി എത്തുന്നതോടെ 14 ലക്ഷത്തിലധികം ഹാജിമാരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍നിന്ന് ഹജ്ജ് കമ്മിറ്റി വഴി 99,904 ഹാജിമാരാണ് എത്തിയത്

സൗദിയില്‍ നിന്നുള്ള ഹാജിമാരും മദീനയില്‍ നിന്നു വന്ന അവസാന സംഘങ്ങളും കഅ്ബയെ പ്രദക്ഷിണം ചെയ്താണ് മിനായിലേക്ക് നീങ്ങുക.

തിരക്കൊഴിവാക്കാന്‍ തീര്‍ഥാടകരെ നേരത്തെ തന്നെ തമ്പുകളിലത്തെിക്കാന്‍ അതത് രാജ്യങ്ങളിലെ ഹജ്ജ് മിഷനുകള്‍ തയാറെടുപ്പ് നടത്തിയിട്ടുണ്ട്. മലയാളികളടങ്ങുന്ന ഇന്ത്യന്‍ ഹാജിമാര്‍ വെള്ളിയാഴ്ച രാത്രി തന്നെ മിനായിലേക്ക് തിരിച്ചു.

മിനാ തമ്പുകളില്‍ നാലുനാള്‍ തങ്ങുന്ന ഹാജിമാര്‍ ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് ബുധനാഴ്ചയോടെ മക്കയില്‍നിന്ന് മടങ്ങിത്തുടങ്ങും. തിരക്കിനിടയില്‍ അപകടമുണ്ടാവുന്നത് ഒഴിവാക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് സൗദിഭരണകൂടം ഒരുക്കിയത്. സുരക്ഷയുടെ കാര്യത്തിലും ഇത്തവണ അതീവ ജാഗ്രതയുണ്ട്.

ഇന്ന് അര്‍ധരാത്രിയോടെ  അറഫാ സംഗമത്തിനു തിരിക്കുന്ന ഹാജിമാര്‍ ഞായറാഴ്ച വൈകീട്ട് മുസ്ദലിഫയിലെത്തി അവിടെ രാത്രി തങ്ങി വീണ്ടും മിനായിലെ കൂടാരത്തില്‍ തിരിച്ചത്തെും. അറഫയിലെ നില്‍പും മുസ്ദലിഫയിലെ രാത്രി തങ്ങലും കഴിഞ്ഞ് ജംറകളില്‍ പിശാചിനെ കല്ലെറിഞ്ഞ് കഅ്ബ പ്രദക്ഷിണവും ബലിയുമൊക്കെ തീര്‍ഥാടകര്‍ നിര്‍വഹിക്കുന്നത് മിനായില്‍ താമസിച്ചാണ്.

ഭീകരവിരദ്ധ സേന, വ്യോമസേന, അടിയന്തരസേന, സിവില്‍ ഡിഫന്‍സ് തുടങ്ങി 20ഓളം സേനകളാണ് ഹാജിമാര്‍ക്കായി ഏര്‍പ്പെടുത്തിയത്.

ഹാജിമാര്‍ക്ക് ഇലക്ട്രോണിക്‌സ് കൈവളകള്‍, ബസുകളില്‍ ജി.പി.എസ് സംവിധാനം തുടങ്ങിയവയും ഇത്തവണത്തെ പ്രത്യേകതകളില്‍ പെടും.

അറഫയില്‍ ചൂട് കുറക്കാന്‍ 1,20,000 ചതുരശ്ര മീറ്ററില്‍ 18,000 നൂതനമായ തമ്പുകള്‍ ഒരുക്കിയിട്ടുണ്ട്. മിനയിലെ തമ്പുകളില്‍ പതിനായിരത്തോളം പുതിയ എയര്‍ കണ്ടീഷനിങ് യൂനിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

Advertisement