ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Social Media Trolls
‘താനൊക്കെ എന്തൊരു തോല്‍വിയാടോ’; വാട്‌സ്ആപ്പിലെ വ്യാജസന്ദേശം ട്വിറ്ററില്‍ ഷെയര്‍ ചെയ്ത് കേന്ദ്രമന്ത്രി; ട്രോള്‍ മഴയെത്തിയപ്പോള്‍ കുറ്റസമ്മതവും
ന്യൂസ് ഡെസ്‌ക്
Monday 11th December 2017 8:41pm

ന്യൂദല്‍ഹി: വാര്‍ത്തകളും വിവരങ്ങളും ഏറ്റവും വേഗത്തില്‍ ഷെയര്‍ ചെയ്യപ്പെടുക സോഷ്യല്‍മീഡിയയിലൂടെയാണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയത്തിനു ഇടയില്ല. അതുപോലെത്തന്നെയാണ് സോഷ്യല്‍മീഡിയില്‍ പ്രചരിക്കപ്പെടുന്ന വ്യാജ സന്ദേശങ്ങളും. ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ച് അബദ്ധത്തില്‍പ്പെടുന്നവരില്‍ പല പ്രമുഖരും ഉള്‍പ്പെടാറുണ്ട്. അത്തരത്തിലൊരു അബദ്ധമാണ് കേന്ദ്ര മന്ത്രി ബാബുള്‍ സുപ്രിയോയ്ക്ക് സംഭവിച്ചിരിക്കുന്നത്.

2018 ലെ എല്ലാ മാസങ്ങളിലെയും ഒന്നാം തിയതി ഞായറാഴ്ചയാണെന്ന് സൂചിപ്പിച്ചുകൊണ്ടു തുടങ്ങുന്ന വാട്‌സ്ആപ്പ് സന്ദേശം തന്റെ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത കേന്ദ്ര മന്ത്രിയുടെ അബദ്ധം ഫോളോവേഴ്‌സ് ഏറ്റെടുത്തതോടെ പിന്നെ ബാബുള്‍ സുപ്രിയോക്ക് ട്രോളുകളുടെ പെരുമഴയായിരുന്നു.

2018 ലെ ഒന്നാം മാസത്തിലെ ഒന്നാം തിയതി ഞായറാഴ്ചയും, രണ്ടാം മാസത്തിലെ രണ്ടാം തീയതി, മൂന്നാം മാസത്തിലെ മൂന്നാം തീയതി, നാലാം മാസത്തിലെ നാലാം തീയതി എന്നിവയെല്ലാം ഞായറാഴ്ചയാണെന്നായിരുന്നു കേന്ദ് മന്ത്രിയുടെ ട്വീറ്റ്. ഇങ്ങനെ തുടങ്ങി ഡിസംബര്‍ വരെയുള്ള മാസങ്ങളുടെ കാര്യം ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 12-ാം മാസമായ ഡിസംബറില്‍ 12-ാം തിയതി ഞായറാഴ്ചയാണ് എന്നും പറയുന്നു.

എന്നാല്‍ വാട്‌സ്ആപ്പിലെ സന്ദേശം തെറ്റാണെന്ന് 2018 ലെ കലണ്ടറില്‍ നോക്കുന്ന ആര്‍ക്കും മനസിലാകുന്ന കാര്യമാണ്. മന്ത്രി ട്വീറ്റ് ചെയ്തയുടന്‍ തന്നെ നിരവധിപ്പേര്‍ ഇത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തുകയും ചെയ്തു.

ആദ്യമെത്തിയ റിപ്ലെയില്‍ ജനുവരിയില്‍ ഒന്നാം തിയതി തിങ്കളാഴ്ചയാണെന്നായിരുന്നു മറുപടി. പിന്നാലെ എല്ലാ തീയ്യതികളുടെ കാര്യത്തിലും മന്ത്രിയുടെ വാദം തെറ്റാണെന്നും കമന്റുകള്‍ ചൂണ്ടികാട്ടുകയുണ്ടായി.

റീ ട്വിറ്റുകളിലൂടെ തനിക്ക പറ്റിയ തെറ്റു മനസിലാക്കിയ മന്ത്രി അബദ്ധം സംഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തുകയും ചെയ്തു. തെറ്റു ചൂണ്ടിക്കാട്ടിയവരോട് അബദ്ധം തുറന്ന് സമ്മതിച്ച മന്ത്രി എല്ലാവര്‍ക്കും തെറ്റ് സംഭവിക്കാമെന്ന് തുറന്ന് പറയുകയും ചെയ്തു. എന്നാല്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നതുപോലെ ട്വീറ്റ് താന്‍ ഡിലീറ്റ് ചെയ്യില്ലെന്നും മന്ത്രി മറ്റൊരു പോസ്റ്റിലൂടെ പറയുകയായിരുന്നു.

ട്വിറ്ററില്‍ തനിക്ക് പറ്റിയ തെറ്റ് സൂചിപ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങളെ നര്‍മബോധമുപയോഗിച്ച് മന്ത്രി നേരിടുകയായിരുന്നു. ഡിസംബറില്‍ ഏപ്രില്‍ ഫൂളാക്കപ്പെട്ടു എന്ന് പറഞ്ഞുകൊണ്ട് തനിക്ക് പറ്റിയ അബദ്ധം മന്ത്രി തുറന്ന് സമ്മതിച്ചു. എല്ലാവര്‍ക്കും തെറ്റ് സംഭവിക്കാമെന്നും നിങ്ങളില്‍ ചിലര്‍ നിര്‍ദ്ദേശിച്ചതുപോലെ ട്വീറ്റ് താന്‍ ഡെലീറ്റ് ചെയ്യുന്നില്ലെന്നും മന്ത്രി പിന്നീട് പോസ്റ്റ് ചെയ്ത ട്വീറ്റില്‍ പറയുന്നു.

Advertisement