'മസ്ജിദിനുള്ളിലെ ക്ഷേത്രത്തിന്റെ തെളിവുകള്‍ നീക്കം ചെയ്‌തേക്കും, സര്‍വേ നടത്താന്‍ അനുമതി നല്‍കണം'; ഷാഹി ഈദ്ഗാഹിനെതിരെ ഹരജി
national news
'മസ്ജിദിനുള്ളിലെ ക്ഷേത്രത്തിന്റെ തെളിവുകള്‍ നീക്കം ചെയ്‌തേക്കും, സര്‍വേ നടത്താന്‍ അനുമതി നല്‍കണം'; ഷാഹി ഈദ്ഗാഹിനെതിരെ ഹരജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th May 2022, 11:59 pm

മഥുര: മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദില്‍ ഹിന്ദു ക്ഷേത്രത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് പഠിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) സംഘത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി.

രണ്ട് അപേക്ഷകളാണ് വിഷയത്തില്‍ ഹരജിക്കാരന്‍ സമര്‍പ്പിച്ചത്. സീനിയര്‍ ഡിവിഷന്‍ കോടതിയില്‍ മനീഷ് യാദവാണ് അപേക്ഷ സമര്‍പ്പിച്ചത്.

ആദ്യ അപേക്ഷയില്‍ പള്ളിയില്‍ ഹിന്ദു ക്ഷേത്രത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് പഠിക്കാന്‍ എ.എസ്.ഐ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്.

രണ്ടാമത് സമര്‍പ്പിച്ച അപേക്ഷയില്‍ മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദിനുള്ളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും ഹരജിക്കാരന്‍ കോടതിയോട് ആവശ്യപ്പെട്ടു. നിലവില്‍ മസ്ജിദിലുള്ള ക്ഷേത്രത്തിന്റെ അടയാളങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.

ഈദ്ഗാഹ് പരിസരത്ത് താമസിക്കുന്നവര്‍ ഒഴികെയുള്ള ആളുകള്‍ക്ക് പള്ളിയില്‍ പ്രവേശനം നിരോധിക്കാനും പള്ളി നിരീക്ഷിക്കാനും ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കണമെന്നും ഹരജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു.

മസ്ജിദിനുള്ളിലെ ക്ഷേത്രത്തിന്റെ അടയാളങ്ങള്‍ അപകീര്‍ത്തിപ്പെടുത്താനോ നീക്കം ചെയ്യാനോ കേടുവരുത്താനോ സാധ്യതയുണ്ടെന്നും മനീഷ് ഹരജിയില്‍ വ്യക്തമാക്കി.

കൃഷ്ണ ജന്മഭൂമിയില്‍ നിന്നും മസ്ജിദ് നീക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ വാദികള്‍ നല്‍കിയ കേസ് കോടതി ഇന്ന് അംഗീകരിച്ചിരുന്നു. 17ാം നൂറ്റാണ്ടില്‍ നിര്‍മിച്ച പളളി കൃഷ്ണ ജന്മഭൂമി എന്ന് ഹിന്ദുത്വവാദികള്‍ അവകാശപ്പെടുന്ന സ്ഥലത്തു നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച നിരവധി ഹരജികളില്‍ ഒന്നാണ് നിലവില്‍ കോടതി അംഗീകരിച്ചത്. കേസ് നിലനില്‍ക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

1991ലെ ആരാധനാലയ നിയമപ്രകാരം കേസ് പരിഗണിക്കാനാകില്ലെന്ന് നേരത്തെ മഥുര സിവില്‍ കോടതി വ്യക്തമാക്കിയിരുന്നു.

Content Highlight: application seeking permission from court to conduct to survey in shahi idgah mosque