Administrator
Administrator
ആപ്പിള്‍ ഉടമകള്‍ കീഴടങ്ങി
Administrator
Saturday 18th June 2011 12:52pm

apple a day lookout noticeകൊച്ചി: ആപ്പിള്‍ എ ഡെ പ്രൊപ്പേര്‍ട്ടീസ് ഉടമകളായ രാജീവ് ചെറുവാരയും സൈജു കടവിലാനും കോടതിയില്‍ കീഴടങ്ങി. കാഞ്ഞിരപ്പള്ളി സെക്കന്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇവര്‍ കീഴടങ്ങിയത്. ഇരുവരേയും കോടതി റിമാന്റ് ചെയ്തു.

രാജീവും സൈജുവും ഒന്നരമാസമായി ഒളിവിലായിരുന്നു. ഇതേ തുടര്‍ന്ന് കോടതി ഇവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

മുന്‍കൂട്ടി പണം വാങ്ങിയ ശേഷം സമയപരിധിക്കുള്ളില്‍ ഫഌറ്റുകള്‍ നിര്‍മിച്ചു നല്‍കാതെ ഇടപാടുകാരെ കബളിപ്പിച്ചു എന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ചിലവ് കുറഞ്ഞ രീതിയില്‍ പാര്‍പ്പിടം നിര്‍മ്മിച്ച് നല്‍കാമെന്നായിരുന്നു ഇവര്‍ വാഗ്ദാനം നല്‍കിയത്. 800 ഓളം പേരാണ് ഇവരുടെ തട്ടിപ്പിനിരയായത്. ഇതിനു പുറമേ നൂറുകണക്കിന് വിദേശ മലയാളികളും തട്ടിപ്പിന് ഇരയായിട്ടുണ്ട്. 15 മുതല്‍ 30 ലക്ഷം രൂപ വരെ മുന്‍കൂറായി ഇടപാടുകാരില്‍ നിന്നും ഇവര്‍ വാങ്ങിയിട്ടുണ്ട്.

ഒളിവില്‍ പോയ ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരുടെ ബാങ്ക് അക്കൗണ്ടുകള്‍ കൊച്ചി സിറ്റി പോലീസ് മരവിപ്പിച്ചിരുന്നു. ഒമ്പത് പദ്ധതികള്‍ വഴിയാണ് ആപ്പിള്‍ ഉടമകള്‍ 100 കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയതെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.

ഇവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കൊടതി തള്ളിയിരുന്നു. അതിനിടെ തങ്ങളെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കുകയാണെന്ന് പറഞ്ഞ് ഒളിവില്‍ കഴിയുന്ന സമയത്ത് രാജീവ് ഒരു സ്വകാര്യ ചാനലിലൂടെ രംഗത്തുവന്നിരുന്നു. പോലീസ് കമ്മീഷണറുടെ ഓഫീസില്‍ ആരോ തനിക്കെതിരെ രാഷ്ട്രീയ സ്വാധീനം ചെലുത്തിയെന്നും ഉന്നതരുടെ പിന്തുണയില്ലാത്തതാണ് തനിക്ക് പ്രശ്‌നമായതെന്നും രാജീവ് ചെറുവാര വെളിപ്പെടുത്തിയിരുന്നു.

അതേസമയം, കേരളത്തില്‍ റിയല്‍ എസ്റ്റ് വ്യാപാരം വ്യാപകമായ കാലത്ത് വിദേശത്തുനിന്ന് കള്ളപ്പണം ഇവരുടെ പക്കലേക്ക് ഒഴുകിയെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോള്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement