എഡിറ്റര്‍
എഡിറ്റര്‍
ഹോര്‍ലിക്‌സും ബൂസ്റ്റുമൊക്കെ കഴിച്ച് വളര്‍ന്നവനല്ല ഞാന്‍: ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്; കാരവന്‍ സ്വപ്‌നത്തില്‍ പോലുമില്ല; വിവാദത്തോട് പ്രതികരിച്ച് ശരത്
എഡിറ്റര്‍
Monday 23rd October 2017 12:47pm

തിരുവനന്തപുരം: അങ്കമാലി ഡയറീസും വെളിപാടിന്റെ പുസത്കവും കരിയറില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയെങ്കിലും അതിലൊന്നും അഹങ്കരിക്കുന്ന ആളല്ല താനെന്ന് പറയുകയാണ് ശരത്. സിനിമാസെറ്റില്‍ കാരവന്‍ ചോദിച്ചെന്നും സിനിമകളുടെ വിജയത്തിന് പിന്നാലെ സ്വഭാവം മാറിയെന്നുമുള്ള വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു ശരത്.

എന്റെ അച്ഛന്‍ കൂലിപ്പണിക്കാരനാണ്. എനിക്ക് 27 വയസേ ഉള്ളൂ. ആളുകളോട് ശരിക്കും സംസാരിക്കാന്‍ പോലും അറിയില്ല. 120 തെരുവു നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

പൊള്ളുന്ന റോഡില്‍ നിന്ന് അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വെയിലൊന്നും എന്നെ ബാധിക്കില്ല. കാരവനൊന്നും സ്വപ്നത്തില്‍ പോലും കാണാന്‍ കഴിയില്ല. എന്നെ അറിയാവുന്നവര്‍ക്കൊക്കെ ഇത് കേട്ടപ്പോള്‍ ചിരിയാണ് വന്നത്. പറയുന്നവര്‍ തെളിവു സഹിതം പറയട്ടെ. ഏത് സിനിമയുടെ ലൊക്കേഷനാണെന്നും പറയട്ടെ, ഞാന്‍ സിനിമാ ജീവിതം അവസാനിപ്പിക്കാം.- മനോരമ ഓണ്‍ലൈനോട് സംസാരിക്കവേ ശരത് പറഞ്ഞു.

ഇത്തരം ആരോപണങ്ങള്‍ക്ക് സിനിമ മറുപടി കൊടുക്കും. ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഇത്തരം വാര്‍ത്തകളൊന്നും തളര്‍ത്തില്ല. എന്റെ അച്ഛനും അമ്മയ്ക്കും ഇത് കേട്ടപ്പോള്‍ ചിരിയാണ് വന്നത്. നീ വല്ല്യ ആളായിപ്പോയല്ലോ എന്ന് തമാശയ്ക്ക് ചോദിച്ചു. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരുമായോ ഫേസ്ബുക്ക് പോസ്റ്റിടുന്നവരുമായോ എനിക്ക് യാതൊരു ബന്ധവുമില്ല. അവരെ അറിയുകയുമില്ല.


Dont Miss ഇനി ബി.ജെ.പിയില്‍ തുടരില്ല; നരേന്ദ്രപട്ടേലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് പട്ടേല്‍ നേതാവ് നിഖില്‍ സാവനി


ഹോര്‍ലിക്‌സും ബൂസ്റ്റുമൊക്കെ കഴിച്ച് വളര്‍ന്ന നല്ല ബോഡിയുള്ള നടനൊന്നുമല്ല ഞാന്‍. നാടകത്തില്‍ അഭിനയിക്കുമ്പോള്‍ ഒരുപാട് പേര് കളിയാക്കിയിട്ടുണ്ട്. വല്ല പണിക്കും പോയ്ക്കൂടെ എന്ന് ചോദിച്ചിരുന്നു. അവര്‍ക്കെല്ലാമുള്ള മറുപടിയായിരുന്നു സിനിമാ പ്രവേശനം.

ലിജോ ചേട്ടനും (ലിജോപെല്ലിശേരി) ചെമ്പന്‍ ചേട്ടനുമൊക്കെയാണ് സിനിമയിലേക്കുള്ള അവസരം തന്നത്. അവര്‍ എന്റെ അഭിനയം കണ്ട് ഇഷ്ടപ്പെട്ടാണ് അങ്കമാലി ഡയറീസിലേക്ക് വിളിച്ചത്. എന്റെ ജീവിത ലക്ഷ്യമായിരുന്നു സിനിമ. ഇപ്പോ അത് നേടി.

എന്റെ ജീവിത രീതിയില്‍ വന്ന ഒരേ ഒരു മാറ്റം ഞാന്‍ ഒരു കാര്‍ വാങ്ങി എന്നതാണ്. നേരത്തെ ബസില്‍ സഞ്ചരിച്ചിരുന്ന ഞാന്‍ ഇപ്പോള്‍ കാറിലാണ് യാത്ര ചെയ്യുന്നത്. മാസം 17,000 രൂപ കാറിന് ലോണും അടയ്ക്കുന്നുണ്ട്. ഇത്തരം വാര്‍ത്തകളൊന്നും എന്റെ വ്യക്തി ജീവിതത്തെയും സിനിമാ ജീവിതത്തേയും ഒട്ടും ബാധിച്ചിട്ടില്ല. ഇനി ബാധിക്കുകയുമില്ല- ശരത് പറയുന്നു.

Advertisement