ആദ്യ പരീക്ഷയില്‍ സാങ്കേതിക സര്‍വ്വകലാശാല 'തോറ്റത് ' കുട്ടികള്‍ പഠിക്കാഞ്ഞിട്ടോ?; എഞ്ചിനീയറിങ് ഫലം, തിരിച്ചറിയപ്പെടേണ്ട, തിരുത്തേണ്ട വസ്തുതകള്‍
Daily News
ആദ്യ പരീക്ഷയില്‍ സാങ്കേതിക സര്‍വ്വകലാശാല 'തോറ്റത് ' കുട്ടികള്‍ പഠിക്കാഞ്ഞിട്ടോ?; എഞ്ചിനീയറിങ് ഫലം, തിരിച്ചറിയപ്പെടേണ്ട, തിരുത്തേണ്ട വസ്തുതകള്‍
ആര്യ അനൂപ്‌
Monday, 29th July 2019, 3:39 pm

കോഴിക്കോട്: സംസ്ഥാനത്തെ എഞ്ചിനിയറിങ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സാങ്കേതിക സര്‍വകലാശാല (കെ.ടി.യു) ആദ്യബാച്ച് ബി.ടെക് ഫലം ജൂലൈ 20 ാം തിയതിയാണ് പുറത്തുവന്നത്. സര്‍വകലാശാലയില്‍ ആദ്യ ബാച്ചിലുണ്ടായ 144 ല്‍ 112 കോളേജുകളിലും 40 ശതമാനത്തില്‍ താഴെയായിരുന്നു വിജയം. എഞ്ചിനിയറിങ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ചോദ്യം ചെയ്യപ്പെടുന്ന ഒരു പരീക്ഷാഫലമായിട്ടാണ് വിദ്യാഭ്യാസ മേഖലയിലെ ചിലര്‍ ഇതിനെ വിലയിരുത്തുന്നത്.

10 സ്വകാര്യ സ്വാശ്രയ എഞ്ചിനിയറിങ് കോളേജുകളിലും വിജയം 10 ശതമാനത്തില്‍ താഴെയായിരുന്നു. ഇതില്‍ തന്നെ ചില കോളേജുകള്‍ അടച്ചുപൂട്ടുകയോ പ്രവേശനം നിര്‍ത്തിവെക്കുകയോ ചെയ്തവയാണ്.

മുത്തൂറ്റ്, രാജഗിരി തുടങ്ങിയ സ്വകാര്യ സാശ്രയ കോളേജുകള്‍ 60 ശതമാനത്തിന് മുകളില്‍ വിജയശതമാനം നേടിയപ്പോള്‍ മുന്‍പില്‍ വരേണ്ടിയിരുന്ന പല ഗവര്‍മെന്റ് എഞ്ചിനിയറിങ് കോളേജുകളും സ്വകാര്യ സ്വാശ്രയ കോളേജുകളിലേക്കാള്‍ ഏറെ പിറകിലായെന്നതും വസ്തുതയാണ്.

നിരാശാജനകമായ ഫലമെന്നായിരുന്നു റിസള്‍ട്ടിനെ വിദ്യാഭ്യാസ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തിയത്. 37 കോളേജുകളില്‍ 20 നും 30 നും ഇടയില്‍ മാത്രമായിരുന്നു വിജയശതമാനം. ഇതില്‍ ഒരു സര്‍ക്കാര്‍ കോളേജും(ഗവ. എഞ്ചിനിയറിങ് കോളേജ് ഇടുക്കി)നാല് സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകളും ഉള്‍പ്പെട്ടിട്ടുണ്ട്. 32 കോളേജുകള്‍ക്ക് മാത്രമാണ് 40 ശതമാനത്തിന് മുകളില്‍ വിജയം നേടാനായത്. ഇതില്‍ 19 കോളേജുകള്‍ 50 ശതമാനത്തിന് മുകളിലാണ്. ഏഴ് കോളേജുകള്‍ മാത്രമാണ് 60 ശതമാനത്തിന് മുകളില്‍ വിജയം നേടിയത്.

വിദ്യാര്‍ത്ഥികള്‍ക്ക് സിലബസും കരിക്കുലവും അല്പം ബുദ്ധിമുട്ടായിരുന്നെന്നും ബി.ടെക് ഡിഗ്രി നേടുന്നതിന് ആവശ്യമായ ആകെ ക്രെഡിറ്റ് 182 ആക്കിയതും തിരിച്ചടിയായെന്നുമാണ് 6.35 വിജയശതമാനം മാത്രമുള്ള തൃശൂര്‍ എറണാകുളത്തപ്പന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. നിര്‍മല്‍ രാജ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.

”വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ അധികഭാരം വന്നതുകൊണ്ടാണ് റിസള്‍ട്ട് മോശമായത്. എം.ജി യൂണിവേഴ്സിറ്റിയ്ക്കും കേരള യൂണിവേഴ്സിറ്റിയ്ക്കും കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കും കീഴിലായപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇയര്‍ ഔട്ട് ഇല്ലായിരുന്നു. എന്നാല്‍ കെ.ടി.യുവിന് കീഴില്‍ വന്നപ്പോള്‍ അവര്‍ക്ക് അല്പം കൂടി സ്ട്രെയിന്‍ ചെയ്യേണ്ടി വന്നു. എന്നാല്‍ ഇപ്പോള്‍ കെ.ടി.യു കരിക്കുലം മാറ്റിയിട്ടുണ്ട്, 183 ക്രഡിറ്റ് 163 ആക്കിയിട്ടുണ്ട്. ഇത് ഒരു മാറ്റമായി വരാന്‍ സാധ്യതയുണ്ട്”- അദ്ദേഹം പറഞ്ഞു.

സാങ്കേതിക സര്‍വകലാശാല പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ കൊല്ലം ജില്ലയിലെ പിനാക്കിള്‍ എഞ്ചിനീയറിങ് കോളേജിലേയും അരിപ്പയിലെ ഹിന്ദുസ്ഥാന്‍ കോളേജിലേയും പരീക്ഷയെഴുതിയ എല്ലാ വിദ്യാര്‍ത്ഥികളും തോറ്റിരുന്നു.

എന്നാല്‍ ഈ വര്‍ഷം കോളേജ് അവസാനിപ്പിക്കുകയാണെന്നും മിക്കവാറും വിദ്യാര്‍ത്ഥികള്‍ വേറെ കോളേജിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങിച്ചുപോയെന്നുംഅതുകൊണ്ടാണ് റിസള്‍ട്ട് ഇത്തരത്തില്‍ ആയതെന്നുമാണ് ഹിന്ദുസ്ഥാന്‍ എഞ്ചിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.

32 കോളേജുകളിലാണ് 10 നും 20 നും ഇടയില്‍ വിജയശതമാനം ലഭിച്ചത്. ഇതില്‍ സര്‍ക്കാര്‍ എഞ്ചിനിയറിങ് കോളേജായ വയനാട് എഞ്ചിനിയറിങ് കോളേജും (19.18) ഉള്‍പ്പെട്ടിട്ടുണ്ട്.

റിസള്‍ട്ടുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് വയനാട് ഗവണ്‍മെന്റ് എഞ്ചിനിയറിങ് കോളേജില്‍ റിസര്‍വേഷന്‍ കാറ്റഗറിയില്‍ വരുന്ന വിദ്യാര്‍ത്ഥികളാണ് മിക്കവരുമെന്നും സ്റ്റേറ്റ് മെറിറ്റില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ ഒന്നോ രണ്ടോ പേര് മാത്രമേ ഉണ്ടാവാറുള്ളൂവെന്നുമാണ് ഡോ. അനിത വി.എസ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.

” റാങ്ക് താരതമ്യേന കുറവുള്ള വിദ്യാര്‍ത്ഥികളാണ് അഡ്മിഷന് വരുന്നത്. ലെക്കേഷന്‍ നോക്കുകയാണെങ്കില്‍ വയനാട് ആയതുകൊണ്ട് തന്നെ പല വിദ്യാര്‍ത്ഥികളും ഇവിടെ പരിഗണിക്കാറില്ല. പരമാവധി പിന്തുണച്ചും ശ്രദ്ധിച്ചും കുട്ടികളെ പഠനത്തില്‍ സഹായിച്ചിട്ടുണ്ട്. 50:40 അനുപാതത്തില്‍ സംവരണം നടപ്പാക്കിയാല്‍ പോലും മറ്റ് കോളേജുകളിലെപ്പോലെ കൃത്യമായ പാസ്സ് ഔട്ട് ഇവിടെ ഉണ്ടാകും. അധ്യാപകരുടെ കാര്യമാണെങ്കിലും ട്രാന്‍സ്ഫറും മറ്റുമായി പലരും പോകുകയാണ്. വയനാട്ടില്‍ സ്ഥിരമായി നില്‍ക്കാന്‍ ആരും താത്പര്യപ്പെടാറില്ല. അതും ഒരു കാരണമാണ്. ഇത്തരം കാര്യങ്ങളിലെല്ലാം ഒരു മാറ്റം വന്നാല്‍ തന്നെ റിസള്‍ട്ട് മെച്ചപ്പെടുമെന്നാണ് തോന്നുന്നത്- പ്രിന്‍സിപ്പല്‍ പറഞ്ഞു.

ഇത്തരമൊരു പരീക്ഷാ ഫലം പരിശോധിക്കേണ്ടത് തന്നെയാണെന്നും സ്വകാര്യ സ്വാശ്രയ കോളേജായാലും ഗവര്‍മെന്റ് കോളേജായാലും തുടങ്ങുന്നതും അതിന്റെ അസറ്റ് ക്രിയേറ്റ് ചെയ്യുന്നതും വളരെ സൂക്ഷിച്ചു വേണമെന്നുമാണ് മുന്‍ അധ്യാപകനും ടെക്നോളജി എഴുത്തുകാരനും നിരീക്ഷകനുമായ വി.കെ ആദര്‍ശ് ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

”സ്വകാര്യ കോളേജുകള്‍ പോലും വിജയകരമല്ലാതാവുന്നത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ ദോഷമാണ്. കാരണം ബിടെക് പാസ്സാവാത്ത കുട്ടികളുടെ പിന്നീടുള്ള കാര്യം, അവിടെ വരുന്ന അധ്യാപകര്‍ക്ക് ശമ്പളം കിട്ടാത്ത അവസ്ഥ ഇതെല്ലാം നഷ്ടം തന്നെയാണ്.

കമ്പനികള്‍ക്കെല്ലാം എഞ്ചിനിയര്‍മാരെ വേണം. അത് ഉണ്ടാക്കിക്കൊടുക്കേണ്ട ഉത്തരവാദിത്തം സമൂഹത്തിനുമുണ്ട്. സര്‍ക്കാര്‍ സാശ്രയ കോളേജുകള്‍ക്ക് അനുമതി നല്‍കി. ഇനി വേണ്ടത് ഇവിടുത്തെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ എന്ത് വേണം എന്ന ആലോചനയാണ്. എന്നാല്‍ അത് സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ല.

ചില സ്വകാര്യ കോളേജുകള്‍ക്ക് ഗവര്‍മെന്റ് കോളേജുകള്‍ക്കൊപ്പമോ അതിനേക്കാളും മുന്‍പിലോ വരാന്‍ പറ്റിയെങ്കില്‍ അത് എങ്ങനെയെന്ന് പഠിക്കുന്നത് ഉപകാരപ്പെടും. അധ്യാപകര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന അതേ ശ്രദ്ധ വിദ്യാര്‍ത്ഥികളുടെ നിലവാരം ഉറപ്പുവരുത്തുന്നതിലും വേണം.- അദ്ദേഹം പറയുന്നു.

മുത്തൂറ്റ് ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സില്‍ കേരള എന്‍ട്രന്‍സ് റാങ്കില്‍ 5000 റാങ്കിനുള്ളിലോ 95 ശതമാനമോ മാര്‍ക്കുള്ളവര്‍ക്കാണ് ഗവര്‍മെന്റ്/മെറിറ്റ് ക്വാട്ട അഡ്മിഷന്‍ നല്‍കുന്നത്. മാത്തമാറ്റിക്‌സില്‍ പ്ലസ്ടു വിഭാഗത്തില്‍ 90 ശതമാനത്തിന് മുകളിലും മാര്‍ക്ക് ആവശ്യമുള്ളവര്‍ക്കാണ് അഡ്മിഷന്‍. ഗവര്‍മെന്റ് ക്വാട്ടയില്‍ 8500 രൂപ വര്‍ഷം ഫീസ് വരുമ്പോള്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ 37, 500 ആണ് സെമസ്റ്റര്‍ ഫീസ്.

ഗവര്‍മെന്റ് കോളേജുകളിലെ പരീക്ഷാഫലം മെച്ചപ്പെട്ട് നില്‍ക്കുന്നതും അവിടെ നിലവാരം ഉയരുന്നതിന്റെയും കാരണം അവര്‍ മികച്ച വിദ്യാര്‍ത്ഥികളെ മാത്രമേ എടുക്കുന്നുള്ളൂ എന്നതുകൊണ്ട് കൂടിയാണെന്നുമാണ് അദ്ദേഹം പറയുന്നത്.

ഇന്‍പുട്ട് ക്വാളിറ്റി കൂട്ടണമെങ്കില്‍ അതിന്റെ വേരാഴങ്ങള്‍ വിരല്‍ചൂണ്ടുന്നത് നമ്മുടെ ഹയര്‍ സെക്കന്ററി- ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമില്ലായ്മയിലേക്കാണ്. സ്വാശ്രയ കോളേജിന് മാത്രം ഗുണനിലവാരമില്ല അവിടെ ആരും പാസ്സാവുന്നില്ല എന്ന് പറയുന്നതില്‍ കാര്യമില്ല. എന്തുകൊണ്ട് അവര്‍ക്ക് നല്ല വിദ്യാര്‍ത്ഥികളെ കിട്ടുന്നില്ല. നല്ല സയന്‍സും നല്ല മാത്ത്സും പഠിപ്പിച്ചു വിടുന്നില്ല. അതുകൊണ്ടാണ് എന്‍ട്രന്‍സിന് പൂജ്യം മാര്‍ക്കും മൈനസ് മാര്‍ക്കും കിട്ടുന്നത്. – ആദര്‍ശ് പറയുന്നു.

ഇന്‍സ്ട്രി പോയിന്റ് ഓഫ് വ്യൂയില്‍ ഈ പരീക്ഷാ ഫലത്തെ പരിശോധിച്ചാല്‍ എഞ്ചിനിയറിങ് കഴിഞ്ഞ് ഇറങ്ങുന്ന ആള്‍ക്കാരും ഇന്‍ഡസ്ട്രിക്ക് വേണ്ടുന്ന സ്‌കിലും തമ്മില്‍ ഒരു ഗ്യാപ്പുണ്ടെന്നാണ് മനസിലാക്കുന്നതെന്ന് ഐ.ടി വിദഗ്ധനും സൈബര്‍ ആക്ടിവിസ്റ്റുമായ ഋഷികേശ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.

കൊച്ചിയിലും മറ്റുമുള്ളസ്റ്റാര്‍ട് അപ്പ് കമ്പനികളുടെ കാര്യം എടുക്കുകയാണെങ്കില്‍ സ്‌കില്‍ഡ് ആയിട്ടുള്ള ആളുകളെ ലഭിക്കാത്ത ഒരു സാഹചര്യം ഉണ്ട്. ഒരുപാട് ആളുകളെ അഭിമുഖം നടത്തിയാല്‍ പോലും രണ്ടും മൂന്നും മാസം കഴിഞ്ഞാലും ആളുകളെ ലഭിക്കാത്ത അവസ്ഥ.

സോഷ്യല്‍ മീഡിയയില്‍ അടക്കം ‘ബി ടെക് മാമന്‍’ എന്ന് പറയുന്ന ഒരു ബിംബം തന്നെയുണ്ട്. ബി ടെക് പഠിച്ച് ഇറങ്ങിയിട്ടും ജോലി കിട്ടാത്ത ഒരുപാട് ആളുകള്‍. ഡിഗ്രിയുണ്ട്. പക്ഷേ ജോലിയില്ല. പഠിച്ചിറങ്ങിയാലും ജോലിയില്ലെന്ന ഇമേജ് ഉണ്ടാവുന്നു.

പ്രൊഫഷണല്‍ എഡ്യൂക്കേഷനാണ് എഞ്ചിനീയറിങ്. അപ്പോള്‍ പ്രൊഫഷണല്‍ ആവാന്‍ വേണ്ട സ്‌കില്‍ ഇവര്‍ക്കില്ല എന്ന് പറയുമ്പോള്‍ അത് പരിശോധിക്കേണ്ടതാണ്. – ഋഷികേശ് പറയുന്നു.

കോളേജുകള്‍ തന്നെ പലനിലവാരത്തിലുണ്ടെന്നും ഗവര്‍മെന്റും എയ്ഡഡുമായിട്ടുള്ള കോളേജുകളും ലാഭക്കച്ചവടമായി നോക്കുന്ന കോളേജുകളേയുമെല്ലാം ഒന്നിച്ച് സാങ്കേതിക സര്‍വകലാശാലയ്ക്ക് (കെ.ടി.യു) കീഴില്‍ ആക്കിയത് തന്നെ പ്രശ്നമാണെന്നാണ് കേരള സ്റ്റാര്‍ട് അപ്പ് മിഷന്‍ പ്രാജക്ട് കോര്‍ഡിനേറ്ററും ടിങ്കര്‍ ഹബ് ഫൗണ്ടേഷന്‍ (യുവാക്കള്‍ക്ക് സാങ്കേതിക പരിശീലനം നല്‍കാനായി ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം) സഹസ്ഥാപകനുമായ മൂസ മെഹര്‍ ഡൂള്‍ന്യൂസിനോട് പ്രതികരിക്കുന്നത്.

”നല്ല ലക്ഷ്യത്തോടെയാണ് ചെയ്തതെങ്കിലും പല ആള്‍ക്കും ആ ഒരു സ്പേസ് പിന്തുടരാന്‍ പറ്റിയിട്ടില്ല. സിലബസെല്ലാം മികച്ചതാണ്. എന്നാല്‍ അതെല്ലാം എം.ഐ.ടിയിലെയോ സ്റ്റാന്‍ഡ്ഫോഡിലേയോ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ പറ്റുന്നതാണ്. എല്ലായിടത്തേക്കും ഈ ഒരു പ്രൊസസ് ഒരുമിച്ച് എക്സ്പാന്‍ഡ് ചെയ്തപ്പോള്‍ അത് പ്രശ്നമായിട്ടുണ്ട്. പ്രത്യേകിച്ച് യൂണിവേഴ്സിറ്റിക്ക് അത്രയും മികച്ച ഇന്‍ഫ്രാസ്ട്രചറും കാര്യങ്ങളുമൊന്നും ഇല്ലാത്ത സാഹചര്യത്തില്‍.

നേരത്തെ വിദ്യാര്‍ത്ഥികള്‍ക്ക് അല്പം കൂടി സമയം ഉണ്ടായിരുന്നു. അവര്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ പഠിക്കാനും മറ്റുമായി. ഇപ്പോള്‍ സമയം ഇല്ലാതായി. സ്വാഭാവികമായും അവര്‍ക്ക് മറ്റൊന്നും പഠിക്കാന്‍ പറ്റാതായി. മിക്ക സ്വകാര്യ കോളേജുകളിലും അധ്യാപകര്‍ സിലബസ് മാത്രം പഠിപ്പിക്കും. പക്ഷേ എന്നിട്ടും ഈ റിസള്‍ട്ട് അത്ഭുതകരമാണ്. – മൂസ മെഹര്‍ പറയുന്നു.

എഞ്ചിനിയറിങ് മൂന്ന് തലങ്ങളിലായിട്ടാണ് ഇന്ത്യയില്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഗ്രാജുവേഷന്‍, ബി.ടെക്, ഡിപ്ലോമ, ഐ.ടി.ഐ. ഡിപ്ലോമയുടേയും ഐ.ടി.ഐയുടെയും ക്വാളിറ്റിയെ കുറിച്ച് നമ്മുടെ പൊതുമണ്ഡലത്തില്‍ ഇന്നേ വരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നത് തന്നെ കഷ്ടമാണെന്നാണ് വി.കെ ആദര്‍ശ് പറയുന്നത്.

നമ്മുടെ ഇന്‍ഡസ്ട്രിക്ക് ഐ.ടി.ഐ കഴിഞ്ഞവരേയും ഡിപ്ലോമക്കാരേയും നിരവധി ആവശ്യമുണ്ട്. മുന്‍പ് 1:3:5 എന്ന ഒരു അനുപാതമുണ്ടായിരുന്നു. ഒരു എഞ്ചിനിയറിങ് കോളേജ് ഉണ്ടെങ്കില്‍ മൂന്ന് പൊളിടെക്നിക് വേണം. അഞ്ച് ഐ.ടി.ഐ വേണം. പക്ഷേ കേരളത്തില്‍ പോളി ടെക്നിക്കിന്റെ എണ്ണം കൂടിയിട്ടില്ല. 40-45 പോളിടെക്നിക് മാത്രമേ ഇപ്പോഴും ഉള്ളൂ. പക്ഷേ എഞ്ചിനിയറിങ് കോളേജുകളുടെ എണ്ണം 140 ആയി. പക്ഷേ നമ്മുടെ എഞ്ചിനിയറിങ് ഡിപ്ലോയുമയുടെ ഗുണനിലവാരം ഇപ്പോഴും വളരെ പരിതാപകരമാണ്.

0-20 ശതമാനം വരെ റിസള്‍ട്ടുള്ള കോളേജുകളെ ഡിപ്ലോമ കേളേജുകളാക്കി മാറ്റുന്നത് നല്ലതായിരിക്കുമെന്ന നിര്‍ദേശമാണ് ആദര്‍ശ് മുന്നോട്ട് വെക്കുന്നത്. വലിയ രീതിയില്‍ അവര്‍ പണം മുടക്കിക്കഴിഞ്ഞിട്ടുണ്ട്. മിക്ക കോളേജിലും ലെയ്ത് ഉണ്ട് കമ്പ്യൂട്ടര്‍ ഉണ്ട് കെമിക്കല്‍ ലാബുകളുണ്ട്, അപ്പോള്‍ ഇതൊക്കെ വെച്ചുകൊണ്ട് എന്തുകൊണ്ട് കെമിക്കല്‍ ഡിപ്ലോമ അവര്‍ക്ക് കൊടുത്തൂട എന്ന ചോദ്യമാണ് അദ്ദേഹം ഉയര്‍ന്നത്.

നല്ല കെട്ടിടം പണി സൂപ്പര്‍വൈസ് ചെയ്യാനുള്ള എഞ്ചിനിയര്‍മാരെ നമുക്ക് കിട്ടുന്നില്ല. അത് ബിടെക്കുകാരല്ല ഡിപ്ലോമക്കാരാണ് ചെയ്യേണ്ടത്. മൂന്ന് വര്‍ഷമായി 25 ശതമാനത്തില്‍ താഴെ റിസള്‍ട്ട് ഉള്ള കോളേജുകളെ നിര്‍ബന്ധപൂര്‍വം ബി വോക്ക് (Bachelor of Vocational Studies [B.Voc) ആക്കുക, അല്ലെങ്കില്‍ ഡിപ്ലോമയാക്കുക. അത് മാത്രമേ ചെയ്യാന്‍ കഴിയുകയുള്ളൂ. – ആദര്‍ശ് പറയുന്നു.

ഗവര്‍മെന്റ് കോളേജുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇനിയും ശ്രദ്ധിക്കേണ്ടതായുണ്ടെന്നും ഇപ്പോഴത്തെ ട്രെന്‍ഡ് ഇതേ രീതിയില്‍ പോയാല്‍ പത്തുവര്‍ഷത്തിന് ശേഷം ഗവര്‍മെന്റ് കോളേജുകള്‍ വലിയ അട്രാക്റ്റീവ് പോയിന്റുകള്‍ ആവില്ലെന്നും ആദര്‍ശ് ചൂണ്ടിക്കാട്ടുന്നു.

ഗവര്‍മെന്റ് കോളേജുകളുടെ ഇപ്പോഴുള്ള ഒരു ആകര്‍ഷണം ഫീസ് കുറവാണെന്നാണ്. അയ്യായിരമോ ആറായിരമോ മാത്രമാണ് ഫീസെന്നതാണ് ക്വാളിറ്റി സ്റ്റുഡന്‍സിനെ കിട്ടാനുള്ള ഒരു കാരണം. അത് റിസള്‍ട്ടിനൊപ്പം തന്നെ അഡ്രസ് ചെയ്യപ്പെടേണ്ട ഒരു കാര്യമാണ്.

അതിനൊപ്പം ഗവര്‍മെന്റ് കോളേജുകളുടെ വിജയ ശതമാനം പോലും 70 കടക്കുന്നില്ല എന്നത് പരിശോധിക്കേണ്ട ഘടകമാണ്. നല്ല വിദ്യാര്‍ത്ഥികളെ കിട്ടിയിട്ടാണ് ഈ അവസ്ഥ. അപ്പോള്‍ സ്വകാര്യകോളേജുകളുടെ കാര്യം പറയേണ്ടതുണ്ടോ?

റിസള്‍ട്ട് വെച്ച് കോളേജുകളെ താരതമ്യം ചെയ്യുന്നത് ശുദ്ധവിഡ്ഡിത്തമാണ്. കുറഞ്ഞ ശതമാനം കിട്ടിയ വിദ്യാര്‍ത്ഥികളെ തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിലും അവിടുത്തെ വിദ്യാര്‍ത്ഥികളെ എടുത്ത് വിജയശതമാനം ഏറ്റവും കുറഞ്ഞ കോളേജിലും ഇട്ടാല്‍ റിസള്‍ട്ട് നേരെ തിരിയും. ഗവര്‍മെന്റ് കോളേജിലെ മേന്മകൊണ്ടല്ല മറിച്ച് അവിടെയെത്തുന്ന വിദ്യാര്‍ത്ഥികളുടെ ഗുണം കൊണ്ടാണ് റിസള്‍ട്ട് മെച്ചപ്പെടുന്നത്.

റിസള്‍ട്ട് 40 ഉം 30 ഉം ശതമാനം നില്‍ക്കുന്ന കോളേജുകളിലെ അധ്യാപകരുടെ ശമ്പളം എന്ന് പറയുന്നത് 10000മോ 15000 മോ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കോളേജുകള്‍ പൂട്ടുന്നതിനോട് യോജിപ്പില്ല. കാരണം നിരവധി പേര്‍ അവിടെ ജോലി ചെയ്യുന്നുണ്ട്. അതിനെ ഡിപ്ലോമ കോഴ്സാക്കി മാറ്റുക. നിസ്സാന്‍ കേരളം വിടുന്നത് ജോലിക്ക് പറ്റിയ ആളുകളെ കേരളത്തില്‍ നിന്ന് കിട്ടാത്തതുകൊണ്ടാണ്. ക്വാളിറ്റി ഓഫ് എഞ്ചിനിയറിങ് ഒരു ഘടകമാണ്.

എഞ്ചിനിയറിങ്ങിന് കിട്ടുന്ന മാര്‍ക്കും സ്‌കിലും തമ്മില്‍ വലിയ തരത്തില്‍ കോറിലേഷന്‍ ഇല്ലെന്നാണ് അനുഭവമെന്നാണ് ചിലര്‍ പ്രതികരിക്കുന്നത്. കഴിവുണ്ടെങ്കില്‍ നമ്മള്‍ തിരഞ്ഞെടുക്കപ്പെടും. സര്‍ട്ടിഫിക്കറ്റ് നോക്കി ഹയര്‍ ചെയുക എന്ന രീതി കുറഞ്ഞിരിക്കുന്നു. സ്‌കില്‍ ഉണ്ടെങ്കില്‍ ഇതൊന്നും വേണ്ട എന്ന രീതിയിലേക്കും മാറുന്നുണ്ട്. സര്‍ട്ടിഫിക്കേഷന്‍ എന്നത് കഴിഞ്ഞ ജനറേഷന്‍സാധമായി മാറിക്കൊണ്ടിരിക്കുകയാണ്.

ഇന്‍ഡസ്ട്രിയില്‍ ഉപയോഗിക്കുന്ന ടെക്നോളജി നാള്‍ക്കുനാള്‍ മാറും. രണ്ട് വര്‍ഷത്തിനുള്ളിലൊക്കെ ആ മാറ്റം വരും. പക്ഷേ ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും സിലബസ് മാറ്റുക എന്നത് നടക്കുന്ന കാര്യമില്ല.

നാല് വര്‍ഷത്തേക്ക് സെറ്റ് ചെയ്യുന്ന സിലബസ് മാറ്റാന്‍ പറ്റില്ല. നാല് വര്‍ഷത്തിനുള്ളില്‍ ടെക്നോളജി മാറിയിട്ടുണ്ടാകും. ഇന്‍ഡസ്ട്രിയില്‍ ഉപോഗിക്കുന്ന ട്രെന്‍ഡ് മാറിയിട്ടുണ്ടാകും.

സിലബസിനെ മാത്രം അടിസ്ഥാനപ്പെടുത്തി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കില്‍ ഉണ്ടാക്കുക എന്ന് പറയുന്നത് നടക്കുന്ന കാര്യമില്ല. അവര്‍ക്ക് അല്‍പം കൂടി ഇന്‍ഡസ്ട്രി എക്പോഷര്‍ കൊടുക്കണം.

കെ.ടി.യു യഥാര്‍ത്ഥില്‍ അത്തരമൊരു വിഷനോടെ ആരംഭിച്ചതായിരുന്നു. ഇന്റേണ്‍ഷിപ്പുകള്‍ നിര്‍ബന്ധമാക്കുന്നതും വേണമെങ്കില്‍ ഒരു വര്‍ഷം ബ്രേക്ക് എടുത്ത് പോകാവുന്ന രീതിയിലുമൊക്കെയായിരുന്നു. അങ്ങനത്തെ പ്രൊവിഷണന്‍സ് യൂണിവേഴ്സിറ്റി തലത്തില്‍ നിന്ന് ഉണ്ടെങ്കിലും അത് വിദ്യാര്‍ത്ഥികള്‍ എത്രമാത്രം ഉപയോഗിക്കുന്നുണ്ട് എന്നതും ടീച്ചിങ് സിസ്റ്റ് ആ രീതിയിലേക്ക് മാറിയിട്ടുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ടെന്നുമാണ് ഈ മേഖലയിലെ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.

90 ശതമാനം വിദ്യാര്‍ത്ഥികളും ബി ടെക് തിരഞ്ഞെടുക്കുന്നത് ജോലി കിട്ടാനാണ്. 10 ശതമാനം പേര്‍ റിസേര്‍ച്ചിനും. എന്നാല്‍ എഞ്ചിനിയറിങ് കഴിഞ്ഞവര്‍ക്ക് നേരെ ജോലി കൊടുക്കുന്ന രീതി മാറി. ഇപ്പോഴത്തെ കമ്പനികളൊന്നും അതല്ല ആഗ്രഹിക്കുന്നത്. കുട്ടികള്‍ക്ക് സ്വന്തമായി ടെക്നോളജി പഠിക്കാനുള്ള കഴിവും എക്സീരിയന്‍സും വേണം.

വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് ഓണര്‍ഷിപ്പ് എടുക്കേണ്ട ആവശ്യം ഇത്രയും കാലം ഉണ്ടായിരുന്നില്ല. ഇന്‍ഡസ്ട്രിയുടെ ഭാഗത്തുനിന്നും ഇല്ലായിരുന്നു. യൂണിവേഴ്സിറ്റിയും കോളേജുമായിരുന്നു നല്ല വിജയശതമാനവും അവസരവും ഉണ്ടാക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍. എന്നാല്‍ ഇപ്പോള്‍ കാര്യം മാറി.

സ്റ്റാര്‍ട് അപ്പുകളും മറ്റും വന്നപ്പോള്‍ ഒരുപാട് ജോലി അവസരം വന്നു. അവരൊക്കെ നോക്കുന്നത് സ്വന്തമായി സ്‌കില്‍ ഉള്ള ആളുകളെയാണ്. കെ.ടി.യു വിന്റെ റിസള്‍ട്ട് വന്നപ്പോള്‍ പരമാവധി കുട്ടികള്‍ തോറ്റു. കുട്ടികള്‍ക്ക് സമയം കിട്ടാത്തതുകൊണ്ട് സ്വന്തമായി എന്തെങ്കിലും പഠിക്കാനും സാധിച്ചില്ല. കെ.ടി.യുവിന്റെ ഇംപ്ലിമെന്റേഷനില്‍ പ്രശ്നം വന്നിട്ടുണ്ടാകാമെന്നാണ് തോന്നുന്നത്. പക്ഷേ അവരുടെ കാഴ്ചപ്പാട് തെറ്റായിരുന്നെന്ന് തോന്നുന്നില്ല.

നിരവധി അവസരങ്ങള്‍ വരികയാണ്. കോടികള്‍ മുടക്കിയ കമ്പനികള്‍ ആളെ കിട്ടാതെ ഇരിക്കുന്നു. കേരളത്തില്‍ മാത്രം കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ നില്‍ക്കുന്നുണ്ട്. ഈയൊരു സിസ്റ്റം മാറി വരണം. യൂണിവേഴ്സിറ്റി ബേസിക്സ് പഠിപ്പിക്കണം. അതിനങ്ങോട്ട് വിദ്യാര്‍ത്ഥികള്‍ സ്വയം പഠിക്കണം. സ്‌കില്‍ ബേസ്ഡ് സിസ്റ്റം വേണം. പോളി ടെക്നിക്കിനൊക്കെ വിദേശകാര്യങ്ങളില്‍ വലിയ പ്രധാന്യമുണ്ട്. പക്ഷേ ഇവിടെ അതില്ല. കാരണം ഹാന്‍ഡ്സ് ഓണ്‍ സ്‌കില്ലിന് ഇവിടെ അത്ര വലിയ താത്പര്യം ആര്‍ക്കുമില്ല. തിയറി വായിക്കുന്നതിനാലാണ് പ്രധാന്യം- മൂസ മെഹര്‍ പറയുന്നു.

ബി ടെക് കോഴ്സിന്റെ സ്ഥലത്ത് ഒരു പാട് വൈവിധ്യവത്ക്കരണത്തിന് പോകരുതെന്നാണ് വി.കെ ആദര്‍ശ് അഭിപ്രായപ്പെട്ടത്. നാനോ ടെക്നോളജി പ്ലാസ്റ്റിക് ടെക്നോളജി ഇതൊന്നും തുടങ്ങരുത്. മെക്കാനിക്കല്‍, സിവില്‍, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ബയോമെഡിക്കല്‍. ഇത്തരത്തില്‍ അടിസ്ഥാന ശാഖകളില്‍ ഡിഗ്രി കൊടുക്കുന്നതായിരിക്കും നല്ലത്. വിദ്യാര്‍ത്ഥികള്‍ എം.ടെക്കിന് പോകുകയാണെങ്കില്‍ അവര്‍ അപ്പോള്‍ സ്പെഷ്യലൈസേഷന്‍ ചെയ്തോട്ടെ.

പൊപ്പല്‍ഷന്‍ എഞ്ചിനിയറിങ് ( Propulsion Engineering) തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിലുണ്ട്. ഐ.എസ്.ആര്‍.ഒയ്ക്ക് ആവശ്യമുള്ളതാണ്. പക്ഷേ അത് കാസര്‍ഗോഡ് എഞ്ചിനിയറിങ് കോളേജില്‍ കൊണ്ടുപോയി തുടങ്ങരുത്.

എറണാകുളത്ത് നിരവധി പ്ലൈവുഡ് ഫാക്ടറികള്‍ ഉണ്ട്. എം.ടെക്കിന് വുഡ് ടെക്നോളജി വേണമെങ്കില്‍ ചെയ്യാം. വൊക്കേഷണല്‍ സ്പെസിഫിക്കായിരിക്കണം പി.ജി പ്രോഗ്രാം. ഇന്‍ഡസ്ട്രിയുടെ ആവശ്യത്തെ നിറവേറ്റുന്നതായിരിക്കണം. ബി.ടെക്കിന് ഇന്‍ഡസ്ട്രിയുടെ താത്പര്യം നോക്കരുത്. അവിടെ വിദ്യാര്‍ത്ഥികള്‍ക്ക് എഞ്ചിനിയറിങ്ങിന്റെ എല്ലാ അടിസ്ഥാന പാഠങ്ങളും പഠിക്കണം. ഒരു കാരണവശാലും ഹൈ എന്‍ഡ് കോഴ്സ് തുടങ്ങരുത്. – അദ്ദേഹം പറയുന്നു.

 

60 ശതമാനത്തിന് മുകളില്‍ വിജയശതമാനമുള്ള കോളേജുകള്‍

1. കോളേജ് ഓഫ് എഞ്ചിനിയറിങ് തിരുവനന്തപുരം 70.31
2 ഗവ. എഞ്ചിനിയറിങ് കോളേജ് ബാര്‍ട്ടണ്‍ഹില്‍ 63.75
3. എല്‍.ബി.എസ് വിമണ്‍ പൂജപ്പുര 62.58
4.മോഡല്‍ എഞ്ചിനിയറിങ് കോളേജ് എറണാകുളം 64.19
5. മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓപ് ടെക്നോളജി ആന്‍ഡ് സയന്‍സ് 67.69
6.രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനിയറിങ് ആന്‍ഡ് ടെക്നോളജി 63.56
7. ടി.കെ.എം കോളേജ് ഓഫ് എഞ്ചിനിയറിങ്, കൊല്ലം 60.47

10 ശതമാനത്തില്‍ താഴെ വിജയശതമാനമുള്ള കോളേജുകള്‍

1. പിനാക്കിള്‍ എഞ്ചിനിയറിങ് കോളേജ് അഞ്ചല്‍, കൊല്ലം 00
2. ഹിന്ദുസ്ഥാന്‍ അരിപ്പ എഞ്ചിനിയറിങ് കോളേജ് കൊല്ലം 00
3. വേദവ്യാസ വാഴയൂര്‍ മലപ്പുറം 5.54
4. ശ്രീ എറണാകുളത്തപ്പന്‍ തൃശൂര്‍ 6.35
5. കൊച്ചിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മൂവാറ്റുപുഴ 6.98
6. സെന്റ് തോമസ് ചെങ്ങന്നൂര്‍ 7.51
7. യൂനുസ് ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ണനല്ലൂര്‍,കൊല്ലം 7.58
8. മാത എറണാകുളം 8.04
9. അല്‍ അസ്ഹര്‍ തൊടുപുഴ 8.89
10. ആക്സിസ് തൃശൂര്‍ 9.57

2014 ല്‍ നിയസഭയില്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം 20 ശതമാനത്തില്‍ താഴെ വിജയശതമാനമുള്ള എഞ്ചിനിയറിങ് കോളേജുകളുടെ എണ്ണം രണ്ടായിരുന്നു. എന്നാല്‍ ഇന്ന് അത് 42 ആയി വര്‍ധിച്ചു. 10 ശതമാനത്തില്‍ താഴെ വിജയശതമാനം നേടിയ കോളേജുകളുടെ എണ്ണം പത്താവുകയും ചെയ്തു.

സംസ്ഥാനത്തെ എന്‍ജിനീയറിങ് വിദ്യാഭ്യാസം ഈ അധ്യയനവര്‍ഷം മുതല്‍ ഉടച്ചുവാര്‍ക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞിരുന്നു. എ പി ജെ അബ്ദുള്‍കലാം സാങ്കേതികസര്‍വകലാശാലയുടെ അഞ്ചാം ബാച്ചിന്റെ ആദ്യദിന ക്ലാസുകള്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായി വിദ്യാര്‍ഥികളെ ലൈവ് സ്ട്രീമിങ്ങിലൂടെ അഭിസംബോധന ചെയ്യവേയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അധ്യാപകരുടെ നിലവാരവും സേവനവേതന വ്യവസ്ഥകളും മെച്ചപ്പെടുത്തുന്നതിന് സര്‍വകലാശാലകളുടെ സ്റ്റാറ്റിയൂട്ട് ഭേദഗതി ചെയ്യുമെന്നും മന്ത്രി പറഞ്ഞിരുന്നു.

ഈ വര്‍ഷം മുതല്‍ പ്രവേശനത്തിന് ബി.ടെക് ഡിഗ്രി നേടുന്നതിന് ആവശ്യമായ ആകെ ക്രെഡിറ്റ് 162 ആക്കി. മുമ്പ് ഇത് 182 ആയിരുന്നു. ഈ വര്‍ഷം മുതല്‍ നൂതനപഠനശാഖകള്‍ ആയ റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടോമോഷന്‍, ബാച്ചിലര്‍ ഓഫ് ഡിസൈന്‍ തുടങ്ങിയ കോഴ്‌സുകള്‍ ആരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളില്‍ സംരംഭകത്വം പ്രോല്‍സാഹിപ്പിക്കാനായി സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച് കോളജുകളിലെ എന്റര്‍പ്രണര്‍ഷിപ്പ് സെല്ലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞിരുന്നു.

 

 

ആര്യ അനൂപ്‌
സീനിയര്‍ സബ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.