മഹേഷിന്റെ പ്രതികാരത്തില്‍ ജിംസിയുടെ റോളിലേക്കായിരുന്നില്ല എന്നെ ആദ്യം വിളിച്ചത്: അപര്‍ണ ബാലമുരളി
Entertainment news
മഹേഷിന്റെ പ്രതികാരത്തില്‍ ജിംസിയുടെ റോളിലേക്കായിരുന്നില്ല എന്നെ ആദ്യം വിളിച്ചത്: അപര്‍ണ ബാലമുരളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th August 2022, 9:21 pm

ഫഹദ് ഫാസില്‍ നായകനായ മഹേഷിന്റെ പ്രതികാരത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് അപര്‍ണ ബാലമുരളി. പിന്നീട് മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങിയ അപര്‍ണ ഇന്ന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരത്തിന്റെ നിറവിലാണുള്ളത്.

ദിലീഷ് പോത്തന്റെ ആദ്യ സംവിധാന സംരംഭമായിരുന്ന മഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്ന കഥാപാത്രമായുള്ള അപര്‍ണയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാചുറല്‍ ആക്ടിങ്ങിലൂടെ നിരൂപകരുടെയും സിനിമാ ആസ്വാദകരുടെയും കയ്യടി അപര്‍ണ നേടിയിരുന്നു.

എന്നാല്‍ ജിംസി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായിരുന്നില്ല തന്നെ മഹേഷിന്റെ പ്രതികാരത്തിലേക്ക് വിളിച്ചത് എന്ന് പറയുകയാണ് അപര്‍ണ. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ലിജിമോള്‍ ജോസ് ചെയ്ത സോണിയ എന്ന കഥാപാത്രത്തിന് വേണ്ടിയായിരുന്നു തന്നെ ആദ്യം ചിത്രത്തിലേക്ക് വിളിച്ചതെന്നും എന്നാല്‍ പിന്നീട് നടത്തിയ ഓഡീഷനിലാണ് ഫഹദിന്റെ നായികയായ ജിംസിയുടെ കഥാപാത്രം ലഭിച്ചതെന്നുമാണ് അപര്‍ണ പറയുന്നത്.

”കാസ്റ്റിങ് കോള്‍ കണ്ടിട്ടാണ് മഹേഷിന്റെ പ്രതികാരത്തിലേക്ക് പോകുന്നത്. ഉണ്ണിമായ മാം എന്റെ ടീച്ചറായിരുന്നു. അവര്‍ പറഞ്ഞിട്ടാണ് ഓഡീഷന് പോകുന്നത്. ഒന്ന് ശ്രമിച്ചുനോക്കാം എന്നുവെച്ച് പോയതാണ്.

എറണാകുളത്ത് ആഷിക് അബുവിന്റെ ഓഫീസിലായിരുന്നു അത്. മാഗസിന്‍ വായിച്ചിരിക്കുന്ന ഒരു സീനാണ് തന്നത്.

സിനിമയില്‍ ലിജോ ചേച്ചി ചെയ്ത കഥാപാത്രത്തിന് വേണ്ടിയായിരുന്നു ആദ്യം എന്നെ വിളിച്ചത്. പിന്നീടൊരു ഓഡീഷനില്‍ വന്നപ്പോഴാണ് ജിംസിയുടെ റോള്‍ തരുന്നത്.

ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് എന്നെയും ലിജോ ചേച്ചിയെയും ഇടുക്കിയിലേക്ക് വിളിപ്പിച്ചു. അവിടത്തെ നാട്ടുകാരുടെ അടുത്ത് പോയി അവരുടെ ശരീരഭാഷയും സ്ലാങും ഒക്കെ മനസിലാക്കി വരാന്‍ പറഞ്ഞു. ഞങ്ങള്‍ അവിടെ ചുറ്റിക്കറങ്ങി.

ലിജോ ചേച്ചി ഇടുക്കിക്കാരി തന്നെയാണ്. അതൊക്കെ കഴിഞ്ഞ് തിരിച്ചുവന്നപ്പോഴാണ് ഞങ്ങളുടെ അടുത്ത് കഥ പറയുന്നത്. അതിന്റെ ഇടയിലാണ് ഞാന്‍ ഫഹദിന്റെ നായികയാണ് എന്ന് പറയുന്നത്.

അത് കേട്ടപ്പോള്‍ എനിക്ക് ഭയങ്കര അത്ഭുതവും സന്തോഷവും തോന്നി. ആ സന്തോഷത്തിലാണ് ഞാന്‍ കഥ കേട്ടത്. അങ്ങനെയാണ് മഹേഷിന്റെ പ്രതികാരം തുടങ്ങുന്നത്,” അപര്‍ണ ബാലമുരളി പറഞ്ഞു.

സൂര്യക്കൊപ്പം ചെയ്ത സുധ കൊങ്കര ചിത്രം ‘സൂററൈ പോട്ര്’ലെ അഭിനയത്തിനായിരുന്നു അപര്‍ണക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.

സുന്ദരി ഗാര്‍ഡന്‍സ്, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങളാണ് അപര്‍ണയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ബിജു മേനോനൊപ്പമുള്ള ‘തങ്കം’, ഇനി ഉത്തരം എന്നീ സിനിമകളാണ് ഇനി ചെയ്യാനിരിക്കുന്ന പ്രോജക്ടുകള്‍.

ഫെഫ്കക്ക് വേണ്ടി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. പൃഥ്വിരാജാണ് കാപ്പയിലെ നായകന്‍.

Content Highlight: Aparna Balamurali says she was not invited for the role of Jimsy in Maheshinte Prathikaaram