സമ്മതം ചോദിക്കാതെ ദേഹത്ത് കൈവെക്കുന്നത് ശരിയല്ല, ഇതൊന്നും ഒരു സ്ത്രീയോട് കാണിക്കേണ്ട മര്യാദയല്ല: അപര്‍ണ ബാലമുരളി
Entertainment news
സമ്മതം ചോദിക്കാതെ ദേഹത്ത് കൈവെക്കുന്നത് ശരിയല്ല, ഇതൊന്നും ഒരു സ്ത്രീയോട് കാണിക്കേണ്ട മര്യാദയല്ല: അപര്‍ണ ബാലമുരളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 20th January 2023, 11:50 am

എറണാകുളം ലോ കോളേജില്‍ വിദ്യാര്‍ഥിയില്‍ നിന്നുണ്ടായ മോശം പെരുമാറ്റം തന്നെ വേദനിപ്പിച്ചിരുന്നു എന്ന് നടി അപര്‍ണ ബാലമുരളി. തങ്കം എന്ന തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി എറണാകുളം ലോ കോളേജിലെത്തിയപ്പോഴാണ് താരത്തിന് മോശം അനുഭവം ഉണ്ടായത്. പരിപാടിക്കിടെ വേദിയില്‍ കയറിയ വിദ്യാര്‍ത്ഥികളിലൊരാള്‍ കയ്യില്‍ പിടിച്ച് എഴുന്നേല്‍പ്പിക്കുകയും തോളില്‍ കയ്യിട്ട് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഈ ദുരനുഭവത്തെ കുറിച്ച് പ്രതികരിക്കുകയാണ് നടി അപര്‍ണ ബാലമുരളി.

‘ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്ത് കൈവെക്കുന്നത് ശരിയല്ലെന്ന് ഒരു ലോ കോളേജ് വിദ്യാര്‍ത്ഥി മനസിലാക്കിയില്ലെന്നത് ഗുരുതരമാണ്. കൈപിടിച്ച് എഴുന്നേല്‍പിച്ചത് തന്നെ ശരിയല്ല. പിന്നീടാണ് കൈ ദേഹത്ത് വെച്ച് നിര്‍ത്താന്‍ നോക്കിയത്. ഇതൊന്നും ഒരു സ്ത്രീയോട് കാണിക്കേണ്ട മര്യാദയല്ല. ഞാന്‍ പരാതിപ്പെടുന്നില്ല. പിന്നാലെ പോകാന്‍ സമയമില്ല എന്നതാണ് കാരണം. എന്റെ എതിര്‍പ്പുതന്നെയാണ് ഇപ്പോഴത്തെ മറുപടി,’ അപര്‍ണ പറഞ്ഞു.

പരിപാടിയുടെ സംഘാടകരോട് തനിക്ക് പരിഭവമില്ലെന്നും, സംഭവം നടന്നപ്പോഴും അതിന് ശേഷവും അവര്‍ തന്നോട് മാപ്പ് പറഞ്ഞെന്നും അപര്‍ണ പറഞ്ഞു. അതേസമയം താരത്തിനോട് വിദ്യാര്‍ത്ഥി മോശമായി പെരുമാറിയതിന് ഖേദം പ്രകടിപ്പിച്ച് കൊണ്ട് ലോ കോളേജിലെ യൂണിയന്‍ രംഗത്ത് വന്നിരുന്നു.

താരത്തിന് പൂവ് സമ്മാനിക്കുവാനായി വേദിയില്‍ കയറിയ വിദ്യാര്‍ത്ഥി അപര്‍ണയുടെ കയ്യില്‍ പിടിച്ച് വലിച്ച് എഴുന്നേല്‍പ്പിക്കുകയും തുടര്‍ന്ന് തോളില്‍ കയറി പിടിക്കുകയുമായിരുന്നു. ഉടന്‍ അപര്‍ണ അതില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു. ‘എന്തോന്നാടോ, ലോ കോളേജ് അല്ലെ’ എന്ന് അപര്‍ണ പറയുന്നുണ്ട്. അപര്‍ണക്കൊപ്പം നടന്‍ വിനീത് ശ്രീനിവാസന്‍, സംഗീത സംവിധായകന്‍ ബിജിബാല്‍ തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പിന്നീട് വൈറലാവുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥിയുടെ പെരുമാറ്റത്തില്‍ മറ്റൊരു വിദ്യാര്‍ത്ഥി അപര്‍ണയോട് ക്ഷമ ചോദിക്കുന്നതും, പിന്നാലെ താന്‍ ഒന്നും ഉദ്ദേശിച്ച് ചെയ്തതല്ല എന്നും ആരാധകനായത് കൊണ്ട് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണെന്നും യുവാവ് വേദിയിലെത്തി പറയുന്നതും വീഡിയോയിലുണ്ട്. തുടര്‍ന്ന് അപര്‍ണക്ക് ഇയാള്‍ കൈകൊടുക്കാന്‍ ശ്രമിക്കുകയും നടി വിസമ്മതിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം.

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ സഹീദ് അറഫാത്ത് സംവിധാനം ചെയ്യുന്ന തങ്കം ജനുവരി 26നാണ് റിലീസ് ചെയ്യുന്നത്. ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയമായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാളം സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

content highlight: aparna balamurali about law college student behaviour