എ.പി. ജയന്‍ മൂന്നാം തവണയും സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി
Kerala News
എ.പി. ജയന്‍ മൂന്നാം തവണയും സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th August 2022, 7:51 am

പത്തനംതിട്ട: സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി എ.പി.ജയനെ ജില്ലാ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. ഇത് മൂന്നാം തവണയാണ് ജയന്‍ ജില്ലാ സെക്രട്ടറിയാകുന്നത്.

നിലവില്‍ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. കിസാന്‍സഭ നാഷണല്‍ കൗണ്‍സില്‍ അംഗവും സംസ്ഥാന സെക്രട്ടറിയുമാണ്. ഗ്രന്ഥശാല സംഘം സംസ്ഥാന വൈസ് പ്രസിഡന്റായും മേലൂട് ക്ഷീരസംഘം പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പിന്നാക്ക ക്ഷേമ ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ജില്ലാ കൗണ്‍സിലിലേക്ക് 51 പേരെയും കാന്‍ഡിഡേറ്റ് അംഗങ്ങളായി അഞ്ച് പേരെയും തെരഞ്ഞെടുത്തു.

ജില്ലയിലെ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ഉപാധി കൂടാതെ പട്ടയം അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പട്ടയം ലഭിക്കാത്തതിനാല്‍ ജീവിതം പ്രതിസന്ധിയിലായ ഒട്ടേറെ കുടുംബങ്ങളാണ് ജില്ലയിലുള്ളത്. ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

എ.ഐ.എസ്.എഫിന് യൂണിറ്റില്ലാതിരുന്ന പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ സംഘടനയ്ക്ക് അടിത്തറ പാകിയാണ് എ.പി. ജയന്‍ പൊതുരംഗത്ത് എത്തിയത്. എ.ഐ.എസ്.എഫ്. ജില്ലാസെക്രട്ടറി, പ്രസിഡന്റ്, എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി എന്നീ പദവികളാണ് തുടക്കകാലത്ത് വഹിച്ചിരുന്നത്. തുടര്‍ന്ന് സി.പി.ഐ. പെരിങ്ങനാട് ബ്രാഞ്ച് സെക്രട്ടറി പദവിയിലെത്തി. പില്‍ക്കാലത്ത് പാര്‍ട്ടിയില്‍ ഒട്ടേറെ ചുമതലകള്‍ എ.പി. ജയനെ തേടിയെത്തി.

‘പാര്‍ട്ടിയും സഖാക്കളും എന്നിലര്‍പ്പിച്ച വിശ്വാസം കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകാനുള്ള ആത്മവിശ്വാസം പകരുന്നു. വലിയ ഉത്തരവാദിത്വമായി ഇതിനെ കാണുന്നു. ജില്ലയില്‍ ആര്‍ക്കും അവഗണിക്കാനാകാത്ത പ്രസ്ഥാനമായി സി.പി.ഐ. മാറിക്കഴിഞ്ഞു. കൂടുതല്‍ പ്രബലമായ രാഷ്ട്രീയ പ്രസ്ഥാനമായി പാര്‍ട്ടി മാറും. വരുന്ന ഏതാനും വര്‍ഷങ്ങള്‍ നിര്‍ണായകമാണ്.’ എ.പി. ജയന്‍ പറഞ്ഞു.

Content Highlight: AP Jayan Elected as CPI Pathanamthitta District Secretary for third time