'ഒന്‍പത് കോടിയിലേറെ കുടുംബങ്ങള്‍ക്ക് നരേന്ദ്രമോദി കക്കൂസ് നിര്‍മ്മിച്ചു നല്‍കി'; മോദിയുടെ വികസനത്തിനൊപ്പം നില്‍ക്കുമെന്ന് ആവര്‍ത്തിച്ച് എ.പി അബ്ദുല്ലക്കുട്ടി
kERALA NEWS
'ഒന്‍പത് കോടിയിലേറെ കുടുംബങ്ങള്‍ക്ക് നരേന്ദ്രമോദി കക്കൂസ് നിര്‍മ്മിച്ചു നല്‍കി'; മോദിയുടെ വികസനത്തിനൊപ്പം നില്‍ക്കുമെന്ന് ആവര്‍ത്തിച്ച് എ.പി അബ്ദുല്ലക്കുട്ടി
ന്യൂസ് ഡെസ്‌ക്
Tuesday, 28th May 2019, 10:16 pm

തിരുവനന്തപുരം: നരേന്ദ്ര മോദിയെ കുറിച്ചുള്ള അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നതായി മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ എ.പി അബ്ദുല്ലക്കുട്ടി. മോദിയുടെ വികസനരാഷ്ട്രീയത്തെ പ്രകീര്‍ത്തിച്ചതിന് കെ.പി.സി.സി തന്നോട് വിശദീകരണം ചോദിച്ചതായി മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് അബ്ദുല്ലക്കുട്ടി ഇക്കാര്യം പറഞ്ഞത്.

കെ.പി.സി.സിക്ക് തീര്‍ച്ചയായും കൃത്യമായ മറുപടി നല്‍കും. പക്ഷേ, മോദിയുടെ വികസനരാഷ്ട്രീയം വിലയിരുത്തിയില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ ഭാവി അപകടത്തിലാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

‘മോദി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. ഇനി അദ്ദേഹത്തിന്റെ വികസനത്തിന് ഒപ്പം നില്‍ക്കണം. മോദി മുന്നോട്ട് വയ്ക്കുന്ന തരം വികസന രാഷ്ട്രീയത്തിന് മാത്രമേ ഇനി വിജയമുള്ളൂ’വെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

‘ഒന്‍പത് കോടിയിലേറെ കുടുംബങ്ങള്‍ക്ക് നരേന്ദ്രമോദി കക്കൂസ് നിര്‍മ്മിച്ചു നല്‍കി. ആറുകോടി കുടുംബങ്ങള്‍ക്ക് സൗജന്യമായി പാചകവാതക കണക്ഷന്‍ നല്‍കി. അത് രാജ്യത്തെ സാധാരണക്കാര്‍ക്ക് വലിയ സഹായമായിരുന്നു. മോദി ആത്മാര്‍ത്ഥതയുള്ള നേതാവാണ്. വികസനത്തിന്റെ രാഷ്ട്രീയം തിരിച്ചറിയാനും തലമുടിനാരിഴ കീറിയുള്ള സ്വയം വിമര്‍ശനത്തിനും തയ്യാറായില്ലെങ്കില്‍ കോണ്‍ഗ്രസ് ഇനിയും തിരിച്ചടി നേരിടു’മെ ന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

‘തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോള്‍ ചട്ടക്കൂടിന് അകത്തുനിന്ന് പ്രവര്‍ത്തിച്ചതുകൊണ്ട് ഇത് പരസ്യമായി പറയാനായില്ല. സ്വന്തമായ ബോധ്യങ്ങള്‍ ചിലപ്പോള്‍ മറച്ചുവച്ച് പ്രവര്‍ത്തിക്കേണ്ടിവരും. കോണ്‍ഗ്രസിനുവേണ്ടി തെരഞ്ഞെടുപ്പുകാലത്ത് സംസാരിക്കേണ്ടി വന്നത് രാഷ്ട്രീയമായ ബാധ്യതയായിരുന്നു’- അബ്ദുല്ലക്കുട്ടി പറഞ്ഞു.

അതേസമയം, ഇപ്പോള്‍ താന്‍ കോണ്‍ഗ്രസിനൊപ്പമില്ല എന്ന സൂചനയും അബ്ദുല്ലക്കുട്ടി ചര്‍ച്ചയില്‍ നല്‍കി. അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണം എന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസ്താവനയോടുള്ള പ്രതികരണമായാണ് താന്‍ കോണ്‍ഗ്രസിനൊപ്പമില്ല എന്ന സൂചന അബ്ദുല്ലക്കുട്ടി നല്‍കിയത്. ‘എവിടെ നിന്നാണ് തന്നെ പുറത്താക്കുകയെന്ന് വ്യക്തമാക്കണം’- എന്നായിരുന്നു പ്രതികരണം.