എഡിറ്റര്‍
എഡിറ്റര്‍
‘കേട്ടതെല്ലാം വെറും കള്ളം’; വിരാട്-അനുഷ്‌ക വിവാഹ വാര്‍ത്തകള്‍ നിഷേധിച്ച് അനുഷ്‌കയുടെ വക്താവ്
എഡിറ്റര്‍
Wednesday 6th December 2017 11:14pm

മുംബൈ: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌കയും തമ്മിലുള്ള വിവാഹമായിരുന്നു ഇന്ന് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചകളിലൊന്ന്. ഇരുവരും ഡിസംബര്‍ രണ്ടാം വാരം ഇറ്റലിയില്‍ വച്ച് വിവാഹിതരാകുമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ വാര്‍ത്തകളെ എല്ലാം കാറ്റില്‍ പറത്തി അനുഷ്‌കയുടെ വക്താവ് രംഗത്തെത്തിയിരിക്കുകയാണ്.

ഡിസംബര്‍ രണ്ടാം വാരം വിരാടും അനുഷ്‌കയും തമ്മില്‍ വിവാഹിതരാകുമെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് താരത്തിന്റെ വക്താവ് പറയുന്നു. ഡിസംബര്‍ 11-13 തിയ്യതികളില്‍ താരങ്ങള്‍ വിവാഹിതരാകുമെന്ന് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യാന്‍ ആരംഭിച്ചതോടെയായിരുന്നു താരത്തിന്റെ വക്താവ് വിശദീകരണവുമായി രംഗത്തെത്തിയത്.

വരാനിരിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്നും വിരാടിന് വിശ്രമമനുവദിച്ചതും വാര്‍ത്തകള്‍ക്ക് കാരണമായിരുന്നു. ഈ മാസം രണ്ടാം വാരം ഏതെങ്കിലും ദിവസമായിരിക്കും വിവാഹം നടക്കുക. ഇതിനായി അടുത്ത ദിവസം തന്നെ വിരാട് ഇറ്റലിയിലേക്ക് പുറപ്പെടുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. മിലാനായിരിക്കും വിവാഹ വേദിയാകുകയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുകയെന്നും താരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഇന്ത്യയില്‍ പിന്നീട് വിരുന്ന് ഒരുക്കുമെന്നും പ്രചരണമുണ്ടായിരുന്നു.

Advertisement