കുനാല്‍ കമ്രയുടെ വിലക്ക്; ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ലെന്ന് അനുരാഗ് കശ്യപ്
national news
കുനാല്‍ കമ്രയുടെ വിലക്ക്; ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ലെന്ന് അനുരാഗ് കശ്യപ്
ന്യൂസ് ഡെസ്‌ക്
Tuesday, 4th February 2020, 1:45 pm

ന്യൂദല്‍ഹി: സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുന്നത് വരെ ഇന്‍ഡിഗോ വിമാനത്തില്‍ യാത്രചെയ്യില്ലെന്ന് ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ അനുരാഗ് കശ്യപ്. ഇന്റിഗോ വിമാനത്തില്‍ കൊല്‍ക്കത്തയിലേക്ക് പോകുന്നതിന് പകരം പുലര്‍ച്ചെയുള്ള മറ്റൊരു വിമാനം തെരഞ്ഞെടുത്ത ശേഷമാണ് അനുരാഗ് ഇക്കാര്യം വ്യക്തമാക്കിയത്.

എനിക്ക് വേണ്ടി സംഘാടകര്‍ ഇന്‍ഡിഗോ ആയിരുന്നു ബുക്ക് ചെയ്തത്. എന്നാല്‍ കമ്രയെ വിലക്കിയ ശേഷം താന്‍ അവരോട് ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നും അുരാഗ് കശ്യപ് ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഇങ്ങനെ ചെയ്തതിന് പിന്നില്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ല. എന്റെ വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനാണ് ഞാന്‍ ഇങ്ങനെ ചെയ്തത്. ഞാന്‍ വിസ്താരയിലാണ് കൊല്‍ക്കത്തയിലേക്ക് പോയത്. ഇന്‍ഡിഗോ തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷവും വിസ്താര രാവിലെയുമായിരുന്നു.ഞാന്‍ എന്റെ വിയോജിപ്പ് പ്രകടിപ്പിച്ചപ്പോള്‍ സംഘാടകര്‍ എന്നെ അറിയിച്ചത് വിസ്താരയില്‍ യാത്ര ചെയ്യണമെങ്കില്‍ നിങ്ങള്‍ പുലര്‍ച്ചെ 4 മണിക്ക് എഴുനേല്‍ക്കണമെന്നാണ്. എന്നാല്‍ ഞാന്‍ അവരോട് ‘ഞാന്‍ പുലര്‍ച്ചെ നാല് മണിക്ക് എഴുന്നേല്‍ക്കും. എനിക്ക് ഇന്‍ഡിഗോയില്‍ യാത്ര ചെയ്യാന്‍ കഴിയില്ലെന്നാണ്’,’ അനുരാഗ് കശ്യപ് വ്യക്തമാക്കി.

നേരത്തെ കുനാല്‍ കമ്ര വിസ്താരയില്‍ യാത്രചെയ്യുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. മാധ്യമപ്രവര്‍ത്തകനായ അര്‍ണാബ് ഗോസ്വാമിയെ വിമാനത്തില്‍ ബുദ്ധിമുട്ടിച്ചെന്നാരോപിച്ചാണ് ഇന്റിഗോ ആറ് മാസത്തേക്ക് കുനാല്‍ കമ്രക്ക് യാത്രാവിലക്കേര്‍പ്പെടുത്തിയത്.

ജനുവരി 28നാണ് മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയോട് വിമാനത്തില്‍ വെച്ച് പരിഹാസ രൂപേണ കുനാല്‍ കമ്ര ചോദ്യങ്ങള്‍ ചോദിച്ചത്. എന്നാല്‍ അര്‍ണാബ് മറുപടിയൊന്നും പറയാതെ നിരസിക്കുകയായിരുന്നു.

വിമാനത്തില്‍ വെച്ച് കമ്ര വീഡിയോ എടുത്ത നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നാണ് ഇന്‍ഡിഗോ പറഞ്ഞത്.
ചൊവ്വാഴ്ച കുനാല്‍ കമ്ര പോസ്റ്റുചെയ്ത വീഡിയോയില്‍ നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമപ്രവര്‍ത്തകനാണോ, അതോ നിങ്ങളൊരു ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കുനാല്‍ കമ്ര ചോദിച്ചത്.

ചോദ്യങ്ങള്‍ ചോദിക്കുന്ന കമ്രയോട് അര്‍ണാബ് മറുപടി നല്‍കാന്‍ തയ്യാറാവാത്തതും വിഡിയോയില്‍ വ്യക്തമാണ്.
തുടര്‍ച്ചയായി അര്‍ണാബിനെ ഭീരുവെന്ന് വിളിക്കുന്ന കമ്ര ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത് രോഹിതിന്റെ അമ്മയ്ക്കു വേണ്ടിയാണെന്നും പറയുന്നുണ്ട്.

‘ഇത് നിങ്ങള്‍ക്ക് വേണ്ടിയല്ല, നിങ്ങള്‍ നിങ്ങളുടെ പരിപാടിയില്‍ ജാതിയെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്ന രോഹിതിന്റെ അമ്മയ്ക്കു വേണ്ടിയാണ്. രോഹിതിന്റെ പത്തു പേജുകളുള്ള ആത്മഹത്യാ കുറിപ്പെടുത്ത് വായിക്ക് അപ്പോള്‍ നിങ്ങള്‍ക്ക് കുറച്ചെന്തെങ്കിലും വികാരം വരുമായിരിക്കും അല്ലെങ്കില്‍ മനുഷ്യനാവുമായിരിക്കും’ കുനാല്‍ കമ്ര പറയുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ