മലയാളസിനിമക്ക് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച പ്രൊഡക്ഷന്‍ ഹൗസാണ് ആശീര്‍വാദ് സിനിമാസ്. 2000ത്തില്‍ നരസിംഹം എന്ന ചിത്രം നിര്‍മിച്ചുകൊണ്ടാണ് ആശീര്‍വാദ് സിനിമാലോകത്തേക്ക് വരവറിയിച്ചത്. ആദ്യചിത്രം തന്നെ ഇന്‍ഡസ്ട്രിയല്‍ ഹിറ്റാക്കി മാറ്റാന്‍ ആശീര്‍വാദിന് സാധിച്ചു. മോഹന്‍ലാലിന്റെ മാനേജറായ ആന്റണി പെരുമ്പാവൂരാണ് ആശീര്‍വാദിന്റെ അമരക്കാരന്‍.
നരസിംഹത്തിന് പിന്നാലെ രാവണപ്രഭു, നരന്‍, രസതന്ത്രം, ദൃശ്യം തുടങ്ങി 30ന് മുകളില്‍ ചിത്രങ്ങള്‍ ആശീര്‍വാദ് അണിയിച്ചൊരുക്കി. ദൃശ്യം ഭാഷാതിര്‍ത്തികള്‍ കടന്ന് ചര്‍ച്ചയാവുകയും ചെയ്തു. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുന്ന എമ്പുരാനാണ് ആശീര്‍വാദ് സിനിമാസിന്റെ ഏറ്റവും പുതിയ പ്രൊജക്ട്. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ തുടര്‍ഭാഗമാണ് എമ്പുരാന്‍.
മാര്‍ച്ച് 27നാണ് എമ്പുരാന്‍ തിയേറ്ററിലെത്തുന്നത്. എമ്പുരാന്റെ റിലീസിന് മുമ്പ് ലൂസിഫര്‍ റീ റിലീസ് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറയുകയാണ് ആന്റണി പെരുമ്പാവൂര്‍. എമ്പുരാന്‍ റിലീസ് ചെയ്യുന്നതിന് രണ്ടാഴ്ച മുമ്പ് ലൂസിഫര്‍ ഒരിക്കല്‍ കൂടി തിയേറ്ററിലെത്തിക്കാന്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്നും അതിന്റെ ബാക്കി കാര്യങ്ങള്‍ വഴിയേ അറിയിക്കുമെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
രണ്ടാഴ്ചയെങ്കിലും ലൂസിഫര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കണമെന്നും ആളുകള്‍ അത് വന്ന കാണണമെന്ന് ആഗ്രഹമുണ്ടെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അതില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയിലാണ് ആന്റണി ഇക്കാര്യം പറഞ്ഞത്.
‘എമ്പുരാന്റെ റിലീസിന് മുമ്പ് ലൂസിഫര്‍ തിയേറ്ററില്‍ ഒരിക്കല്‍ കൂടി ഇറക്കണമെന്ന് ആഗ്രഹമുണ്ട്. എമ്പുരാന്‍ വരുന്നതിന് രണ്ടാഴ്ച മുമ്പ് ലൂസിഫര്‍ തിയേറ്ററില്‍ എത്തിക്കണം, ആളുകള്‍ അത് വന്ന് കാണണം. രണ്ടാഴ്ചയെങ്കിലും ആ സിനിമ ഓടിക്കണം എന്നൊക്കെയാണ് ആഗ്രഹം. പക്ഷേ, ആ കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല,’ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
ആറ് രാജ്യങ്ങളിലായി 150 ദിവസത്തോളം നീണ്ടുനിന്ന ഷൂട്ടാണ് എമ്പുരാന്റേത്. ലൂസിഫറിനെക്കാള്‍ വലിയ സ്‌കെയലിലാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യ ഭാഗത്തിലേത് പോലെ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ് എന്നിവര്‍ എമ്പുരാനിലും ഭാഗമാകുന്നുണ്ട്. ഇവര്‍ക്ക് പുറമെ ഒരുപാട് വിദേശതാരങ്ങളും എമ്പുരാന്റെ ഭാഗമാകുന്നുണ്ട്. ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരും സുബാസ്‌കരനും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്.
Content Highlight: Antony Perumbavoor saying he planning to re release Lucifer before Empuraan