Administrator
Administrator
‘ആന്റില’, ആഡംബരത്തിലെ അവസാനവാക്ക്
Administrator
Tuesday 30th November 2010 8:54pm

വിശാലമായ സിനിമാ തീയേറ്റര്‍, കുളിച്ചുല്ലസിക്കാന്‍ സ്വിമ്മിംഗ് പൂളുകള്‍, പറന്നിറങ്ങാന്‍ ഹെലികോപ്റ്റര്‍ പാഡ്, പരിപാലനത്തിനായി 600ലധികം വേലക്കാര്‍, പൂന്തോട്ടം, കൃഷ്ണക്ഷേത്രം, അജന്ത-ഖജുരാഹോ ശില്‍പങ്ങളെ തോല്‍പ്പിക്കുന്ന വെണ്ണക്കല്‍ പ്രതിമകള്‍..,പറഞ്ഞുവരുന്നത് യൂറോപ്പിലെയോ അമേരിക്കയിലെയോ സൗധങ്ങളെക്കുറിച്ചല്ല, രാജ്യത്തെ വാണിജ്യതലസ്ഥാനമായ മുംബൈയില്‍ റിലയന്‍സ് ഗ്രൂപ്പ് മേധാവി മുകേഷ് അംബാനി സ്ഥാപിച്ച ആഡംബര വീടിനെക്കുറിച്ചാണ്.

ഭാര്യ നീതയ്ക്കും മൂന്നുമക്കള്‍ക്കും താമസിക്കാനായി മുകേഷ് സ്ഥാപിച്ച ആഡംബരകൊട്ടാരം ഇതിനോടകം തന്നെ ലോകശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. 21 ാം നൂറ്റാണ്ടിലെ താജ്മഹല്‍ എന്നാണ് ബി ബി സി ‘ആന്റില’ യെ വിശേഷിപ്പിച്ചിരിക്കുന്നത്. ആന്റിലയുടെ ഗൃഹപ്രവേശം അല്ല, കൊട്ടാരപ്രവേശം വെള്ളിയാഴ്ച്ച നടന്നു. സിനിമാ-രാഷ്ട്രീയ-ബിസിനസ് രംഗത്തെ എല്ലാ നക്ഷത്രങ്ങളും ചടങ്ങിനുണ്ടായിരുന്നു.

അതീവ സന്തോഷത്തിലായിരുന്നു മുകേഷ്. എങ്ങിനെ സന്തോഷിക്കാതിരിക്കും. ഏഴുവര്‍ഷം നീണ്ട പ്രയത്‌നമാണ് സഫലമായിരിക്കുന്നത്. സാമൂഹ്യ-പരിസ്ഥിതി വാദികളുടെ ശക്തമായ പ്രതിഷേധം മറികടന്നാണ് ആന്റിലയുടെ നിര്‍മ്മാണം യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ആഡംബരകൊട്ടാരം തന്റെ പേരിലായിരിക്കുന്നു. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സകലരും ആന്റിലയെ പാടിപ്പുകഴ്ത്തി.

ആന്റിലയുടെ നിര്‍മാണത്തിന്റെ തുടക്കത്തില്‍ തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. കോടിക്കണക്കിന് ആളുകള്‍ ഒരുനേരത്തെ ഭക്ഷണത്തിന് വകയില്ലാതെ കഴിയുന്ന രാജ്യത്ത് ശതകോടികള്‍ ചെലവിട്ട് എന്തിനാണ് ഇത്തരമൊരു കൊട്ടാരം പണിയുന്നതെന്ന ചോദ്യമുയര്‍ന്നു. കെട്ടിടത്തിനുള്ള ലൈസന്‍സ് നേടിയെടുക്കാന്‍ എത്രകോടികള്‍ അംബാനി വാരിയെറിഞ്ഞെന്ന് വ്യക്തമാക്കണമെന്നും ആവശ്യമുയര്‍ന്നു.

വീടിനു മുകളില്‍ ഹെലിപ്പാട് നിര്‍മ്മിക്കുന്നതിനെച്ചൊല്ലിയായി അടുത്ത വിവാദം. ഹെലിപ്പാട് നിര്‍മ്മിക്കാന്‍ അനുമതി നല്‍കില്ലെന്നായി മുംബൈ നഗരവികസന വകുപ്പ്. എന്നാല്‍ ഉന്നതസമ്മര്‍ദ്ദ ഫലമായി അതും യാഥാര്‍ത്ഥ്യമായി.


ഭാര്യ നീതയ്ക്കുള്ള അമിതസ്‌നേഹത്തിന്റെ പ്രതിഫലനമാണ് ആന്റിലയെന്നാണ് എതിരാളികള്‍ ആരോപിക്കുന്നത്. കോടികളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ മുകേഷിനെ സഹായിച്ചതിന് പിന്നില്‍ നീതയുടെ ബുദ്ധിയുണ്ടായിരുന്നു. ഐ പി എല്ലിലെ മുംബൈ ഇന്ത്യന്‍സ്, ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാനേജ്‌മെന്റ് തുടങ്ങിയവയെല്ലാം നീതയുടെ മേല്‍നോട്ടത്തിലാണ്.

നിര്‍മ്മാണചെലവില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയ ആന്റിലക്ക് ഈയിടെ വീണ്ടും മാധ്യമശ്രദ്ധനേടി. താമസംമാറി ഒരുമാസം കഴിഞ്ഞപ്പോഴേക്കും 70 ലക്ഷത്തിന്റെ വൈദ്യുതി ബില്ലാണ് മുകേഷ് അംബാനിക്ക് ലഭിച്ചത്. 6,37,240 യൂണിറ്റ് വൈദ്യുതിയാണ് മുകേഷിന്റെ കുടുംബം കത്തിച്ചുകളഞ്ഞത്. ഇതൊക്കെ തുടക്കം മാത്രം. ഇനിയെന്തെല്ലാം കാണാന്‍ കിടക്കുന്നു!

എന്തായാലും രാജ്യത്തെ ദരിദ്രനാരായണന്‍മാര്‍ക്ക് ഗുണമൊന്നുമുണ്ടാകില്ലെന്നും സാമ്പത്തിക രംഗത്തിന് ഇത് കരുത്താകും. അംബാനിയുടെ കുടുംബം അടക്കുന്ന വൈദ്യുതി ബില്ലും നികുതികളുംഖജനാവിലേക്ക് വന്‍തുകയാണ് എത്തിക്കുക. പിന്നെയെങ്ങനെ ഇത്തരം ആഡംബര ആക്രാന്തത്തെ രാഷ്ട്രീയനേതൃത്വം ചോദ്യംചെയ്യും!

Advertisement