മുഹമ്മദ് സലായ്‌ക്കെതിരെ മുസ്‌ലിം വിരുദ്ധ അധിക്ഷേപം; പൊലീസ് അന്വേഷണം ആരംഭിച്ചു
Racism
മുഹമ്മദ് സലായ്‌ക്കെതിരെ മുസ്‌ലിം വിരുദ്ധ അധിക്ഷേപം; പൊലീസ് അന്വേഷണം ആരംഭിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 7th February 2019, 8:24 am

ലണ്ടന്‍: ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ മുന്നേറ്റതാരം മുഹമ്മദ് സലയ്‌ക്കെതിരായ മുസ്‌ലിം വിരുദ്ധ അധിക്ഷേപത്തില്‍ മെട്രോ പൊളിറ്റന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ചൊവ്വാഴ്ച നടന്ന ലിവര്‍പൂള്‍-വെസ്റ്റ് ഹാം മത്സരത്തിനിടയിലായിരുന്നു അധിക്ഷേപം. കോര്‍ണര്‍ എടുക്കുന്നതിനിടയിലായിരുന്നു സംഭവം. മതപരമായി അധിക്ഷേപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് അന്വേഷണം ആരംഭിച്ചത്. സലായുടെ വിശ്വാസത്തെ കളിയാക്കുന്ന വീഡിയോ മണിക്കൂറുകള്‍ക്കകം വൈറലായിരുന്നു.

വംശീയാക്രമണത്തെ അംഗീകരിക്കാനാവില്ലെന്ന് വെസ്റ്റ് ഹാം പ്രതിനിധി സംഭവത്തോട് പ്രതികരിച്ചു. നിറമോ, ഭാഷയോ വംശമോ ഒന്നും വെസ്റ്റ്ഹാമിന്റെ പരിഗണന വിഷയമല്ല. ലണ്ടന്‍ സ്റ്റേഡിയം എല്ലാവരേയും സ്വാഗതം ചെയ്യുന്നു. നടന്ന സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അധിക്ഷേപം നടത്തിയ ആളെ കണ്ടെത്തിയാല്‍ വെസ്റ്റ്ഹാമിന്റെ വരും മത്സരങ്ങള്‍ ലണ്ടന്‍ സ്റ്റേഡിയത്തില്‍ വന്ന് കാണുന്നതിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ക്ലബ് അറിയിച്ചിട്ടുണ്ട്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വ്യക്തി ഇത്തരക്കാരെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തണമെന്ന് എഴുതിയിരുന്നു