അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം: ഒരു വര്‍ഷത്തിനിടെ മരിച്ചത് 72 നവജാത ശിശുക്കള്‍
Kerala
അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം: ഒരു വര്‍ഷത്തിനിടെ മരിച്ചത് 72 നവജാത ശിശുക്കള്‍
ന്യൂസ് ഡെസ്‌ക്
Tuesday, 28th May 2013, 10:36 am

[]പാലക്കാട്: അട്ടപ്പാടി ആദിവാസി ഊരില്‍ വീണ്ടും ശിശു മരണം. പുതൂര്‍ പലകയൂര്‍ ഊരിലെ വീരസാമി- ലക്ഷ്മി ദമ്പതികളുടെ നാല് മാസം പ്രായമായ കുഞ്ഞാണ് ഇന്ന് മരണപ്പെട്ടത്.[]

അട്ടപ്പാടിയിലെ ശിശു മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ യൂണിസെഫ് സംഘം ഇന്ന് സ്ഥലത്ത് എത്താനിരിക്കേയാണ് വീണ്ടും ശിശുമരണം റിപ്പോര്‍ട്ട് ചെയ്തത്.
പോഷകാഹാരക്കുറവാണ് മരണകാരണം. ഇതോടെ അട്ടപ്പാടിയില്‍ ഒരുവര്‍ഷത്തിനിടെ മരിച്ച നവജാത ശിശുക്കളുടെ എണ്ണം 72 ആയി. ശിശുമരണം തടയുന്നതിന് സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുന്നതിനിടെയാണ് മരണസംഖ്യ വര്‍ധിക്കുന്നത്.

സര്‍ക്കാര്‍ പദ്ധതികള്‍ അട്ടപ്പാടിയില്‍ ഫലപ്രദമായി നടപ്പാക്കാത്തതും മരണസംഖ്യ കൂട്ടുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിയെങ്കിലും പദ്ധതി സമ്പൂര്‍ണ പരാജയമായിരുന്നു.

അതേസമയം, അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള വിവാഹമാണ് ശിശു മരണ നിരക്ക് കൂടാന്‍ കാരണമെന്നാണ് ആരോഗ്യ വകുപ്പ്് പറയുന്നത്.

കഴിഞ്ഞ ദിവസം അട്ടപ്പാടിയില്‍ ക്ഷയ രോഗം  ബാധിച്ച് രണ്ട് മരണപ്പെട്ടിരുന്നു. അഗളി ചാവടിയൂര്‍ വെന്തവട്ടി ഊരിലെ പരേതനായ നഞ്ചന്റെ മകള്‍ കവിത(21), ദാസന്നൂര്‍ ഊരില്‍ രങ്കസ്വാമിമരുതമ്മാള്‍ ദമ്പതികളുടെ മകന്‍ രാജേന്ദ്രന്‍(32) എന്നിവരായിരുന്നു മരിച്ചത്.