അയിത്ത ജാതിയായി പരിഗണിക്കുന്ന കുറവരും, ഉയര്‍ന്ന ജാതിക്കാരനായ ദുര്യോധനനും തമ്മില്‍ എന്ത് ബന്ധമാണുള്ളത് ?ദുര്യോധനന്‍ എങ്ങനെയാണ് അയിത്ത ജാതി കുറവരുടെ പൂര്‍വികനായ അപ്പൂപ്പനാകുന്നത്...മലനടയ്ക്കുമേല്‍ നടക്കുന്ന അധിനിവേശങ്ങള്‍ സമീപഭാവിയില്‍ തന്നെ മലനടക്കുന്നില്‍ ഗദയേന്തി തുള്ളിക്കളിക്കുന്ന ബ്രാഹ്മണ ഊരാളര്‍ അവതാരമെടുക്കുവാന്‍ കാരണമാകും
മലനട എന്നാല്‍ മലയില്‍ സ്ഥിതിചെയ്യുന്ന ഒരു ആരാധന ഇടം എന്നാണ് അര്‍ത്ഥമാക്കുന്നത്.
സംഘകാലത്തെ പ്രഥമതിണയായ കുറിഞ്ചിതിണയിലെ ജനതയായിരുന്ന കുറവര്‍ പ്രകൃതിആരാധനയുടേയും, പൂര്‍വിക ആരാധനയുടേയും അടിസ്ഥാനത്തിലാണ് അവരുടെസംസ്‌കാരം രൂപപ്പെടുത്തിയത്. എട്ടാം നൂറ്റാണ്ടോട് കൂടി നിലവില്‍ വന്ന ക്ഷേത്രസങ്കല്‍പ്പങ്ങള്‍ക്കും നൂറ്റാണ്ടുകള്‍ക്കു മുമ്പേ രൂപംകൊണ്ട ആരാധനാസമ്പ്രദായത്തിന്റെ അവശേഷിക്കുന്ന തുടിപ്പുകളാണ് തെക്കന്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം കാണപ്പെടുന്ന ആയിരത്തിലധികം മലനടകള്‍. എല്ലാ മലനടകളുടേയും പൗരോഹിത്യവും, ഉടമസ്ഥതയും കുറവര്‍ക്കാണ്.
തിരുവിതാംകൂറിലെ ഭൂരേഖചരിത്രത്തിന്‍റെ ആരംഭം മുതല്‍ മലനടകളുടെ ഉടമസ്ഥത കുറവരുടേയോ, കുറവ കൊട്ടാരത്തിന്‍റെയോ അധീനതയിലായിരുന്നു എന്ന് കേട്ടെഴുത്ത്, കണ്ടെഴുത്ത്, സര്‍വേ സെറ്റില്‍മെന്റ് രേഖകള്‍ ചൂണ്ടികാണിക്കുന്നു. അത്തരത്തില്‍ മലനടയുടെ ഉടമസ്ഥതയും, പൗരോഹിത്യവും പാരമ്പര്യമായി അനുഭവിച്ചു കൊണ്ടിരുന്ന മലനടയിലെ കുറവര്‍ ഇന്ന് മലനടകളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഊരിന്‍റെ അധിപനും, പുരോഹിതനുമായ ഊരാളി ഇന്ന് കേവലം ശമ്പളത്തിന് ജോലി ചെയ്യുന്ന പൂജാരിയും, സവര്‍ണ്ണാധിപത്യത്തിന്റെ ആജ്ഞാനുവര്‍ത്തിയുമായി പരിവര്‍ത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.
‘മല’എന്ന പ്രകൃതിയും, ‘അപ്പൂപ്പന്‍’ എന്ന പൂര്‍വികനും സമന്വയിക്കുന്ന ‘മലയപ്പൂപ്പന്‍’ എന്ന മൂര്‍ത്തിയാണ് പോരുവഴി പെരുവിരുത്തി മലനടയില്‍ കുടികൊള്ളുന്നത്. നിയോലിത്തിക്ക്, ശിലായുഗ കാലഘട്ടത്തിലെ നടുക്കല്ലാരാധനയുടേയും വീരക്കല്ലാരാധനയുടേയും പ്രതീകമായ ”ആള്‍ത്തറ”ആണ് പ്രധാന ആരാധനാസ്ഥാനം. ”നടുക്കല്ല് അല്ലാതെ മറ്റൊന്നും ആരാധിക്കപ്പെടുന്നില്ല”എന്ന്ചരിത്രം വ്യക്തമാക്കുന്നു.(പുറനാനൂറ്,മക്കുടികീഴാര്‍). വിഗ്രഹമോ, പ്രതിഷ്ഠയോ, ശ്രീകോവിലോ ഇല്ലാതെ ക്ഷേത്രസങ്കല്‍പ്പങ്ങളില്‍നിന്നും തീര്‍ത്തുംവ്യത്യസ്തമായ ആരധന സമ്പ്രദായങ്ങളാണ് മലനടകള്‍ക്കുള്ളത്.
സമീപ കാലത്തായി മഹാഭാരത ഇതിഹാസത്തിലെ പ്രതിനായകരായ കൗരവരുമായി ബന്ധപ്പെടുത്തി ചിലകെട്ടുകഥകള്‍ മെനയുകയും, അതിനെ യുക്തിരഹിതമായ വ്യാഖ്യാനങ്ങള്‍കൊണ്ട് മലയാചാരത്തിലധിഷ്ഠതമായ മലനടകളുമായി കൂട്ടിച്ചേര്‍ത്ത് മലനടസംസ്‌ക്കാരത്തെ ഇല്ലാതാക്കുന്നപ്രവണത ദിനം കൂടികൊണ്ടിരിക്കുകയാണ്. പോരുവഴി പെരുവിരുത്തിമലനട ആള്‍ത്തറയില്‍ നിന്നും മലയപ്പൂപ്പനെന്ന ആരാധനാമൂര്‍ത്തിയെ കുടിയൊഴിപ്പിക്കുകയും, മഹാഭാരത കഥാപാത്രമായ ദുര്യോധനനെ കുടിയിരുത്തുകയും, മലയാചാരത്തിലധിഷ്ഠിതമായ കുറവകുല ആചാരാനുഷ്ഠാനങ്ങളെയും, കുറവരേയും മലനടയില്‍ നിന്നും ആട്ടിയോടിച്ചു കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളാണ് ഇന്ന് പോരുവഴി പെരുവിരുത്തിമലനടയില്‍ നടമാടുന്നത്.
1936 കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാനമായ ഒരേടായിരുന്നു. പൊതുവഴികളില്‍ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവര്‍ക്കും, മാറുമറയ്ക്കുവാന്‍ അവകാശം നിഷേധിക്കപ്പെട്ടവര്‍ക്കും സൃഷ്ടാവായ ദൈവത്തെ കാണരുതെന്ന് കല്‍പ്പിച്ച നാട്ടില്‍, ക്ഷേത്രത്തിലെ ദൈവത്തെ തൊഴുവാനായി ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ കൊല്ലവര്‍ഷം 1112തുലാം 27ാം തീയതി തിരുവിതാംകൂറില്‍ വിളംബരം പ്രഖ്യാപിച്ചു.
എന്നാല്‍ അതിന്റെ നേര്‍വിപരീതാര്‍ത്ഥത്തില്‍ ക്ഷേത്ര പ്രവേശന വിളംബരത്തിനു ഏകദേശം ഒരു വര്‍ഷം മുമ്പ് കൊല്ലവര്‍ഷം 1111ആടി മാസം (കര്‍ക്കിടകം) 14ാം തീയതി പോരുവഴിപകുതിയില്‍, പെരുവിരുത്തിമലനടയില്‍ ഒരു ഉടമ്പടി വിളംബരം ചെയ്യപ്പെട്ടു. 1936ലെ ക്ഷേത്ര പ്രവേശന വിളംബരം അയിത്ത ജാതിക്കാര്‍ക്കു ക്ഷേത്രപ്രവേശനംസാധ്യമാക്കിയെങ്കില്‍ അതിനും മുമ്പ് കൊ.വ.1111ല്‍ പെരുവിരുത്തിമലനട ഉടമ്പടി മലനടക്ക് മേലുള്ള എല്ലാ അവകാശ അധികാരങ്ങളില്‍ നിന്നും കുറവരെ ആട്ടിയോടിക്കപ്പെടുവാന്‍ കാരണമാക്കി എന്നത് ചരിത്രം.
യഥാര്‍ത്ഥത്തില്‍ മറ്റൊരു അധിനിവേശചരിത്രത്തിനു മലനട ഉടമ്പടി കാരണമാവുകയായിരുന്നു. കുറവരുടെപൗരോഹിത്യമൂല്യങ്ങളേയും, സാംസ്‌കാരികസ്വത്വങ്ങളേയും സവര്‍ണ്ണരും, സവര്‍ണ്ണരാകുവാന്‍ ശ്രമിക്കുന്നവരും ചോദ്യംചെയ്യാന്‍ പ്രസ്തുത ഉടമ്പടികാരണമായി. കൊ.വ 1111ലെ ഉടമ്പടിയിലൂടെ നായര്‍, ഈഴവവിഭാഗങ്ങള്‍ മലനട സംസ്‌ക്കാരത്തിന്റേയും, ആചാരാനുഷ്ഠാനങ്ങളുടേയും, സമ്പത്തിന്‍റെയും നിയന്ത്രകരായി മാറി.
മലനടയുടെ എല്ലാ അവകാശഅധികാരങ്ങളും നായര്‍, ഈഴവ വിഭാഗങ്ങള്‍ മാറിമാറി ഭരിക്കുന്ന ഒരു പുതിയ ഭരണവ്യവസ്ഥയിലേക്ക് മാറ്റപ്പെട്ടു. 1111ലെ ഉടമ്പടിക്കു മുമ്പേ പോരുവഴി പെരുവിരുത്തിമലനട പ്രശസ്തവും, സമ്പല്‍സമൃദ്ധവുമായിരുന്നു. കുന്നത്തൂര്‍ താലൂക്കില്‍ പോരുവഴി പകുതിയില്‍ സര്‍വേ നമ്പര്‍: 214/1-A യില്‍ 70 ഏക്കര്‍പുരയിടവും, അതിലിരട്ടി നിലങ്ങളും ‘മലവകകരംഒഴിവ്’ ഭൂമിയായി മലനടക്കുണ്ടായിരുന്നു.
ആയില്യം തിരുനാള്‍, വിശാഖം തിരുനാള്‍, ശ്രീമൂലം തിരുനാള്‍ തുടങ്ങിയ ഭരണാധികാരികളുടെ കാലഘട്ടത്തിലെ വിശാലമായ ഭൂരേഖയെ അടിസ്ഥാനമാക്കി 1883 മുതല്‍ 1911 വരെ തിരുവിതാംകൂറില്‍ നടന്നസര്‍വേ സെറ്റില്‍മെന്‍റുകള്‍ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. പെരുവിരുത്തിമലയുടെ കുടുംബ കൊട്ടാരമായ കടുത്താംചേരി കൊട്ടാരത്തില്‍ സൂക്ഷിച്ചിരുന്ന 100 പവനിലധികം വരുന്ന തങ്കത്തില്‍ തീര്‍ത്ത മലക്കൊടിയും, പൂര്‍ണ്ണമായും ചെമ്പിനാല്‍ മേല്‍ക്കൂരയുള്ള ചെമ്പിട്ടകൊട്ടാരവുമെല്ലാം മലനടയുടെ പഴയകാല പ്രൗഢി വിളിച്ചറിയിക്കുന്നു.
പോരുവഴി, ശാസ്താംകോട്ട പകുതികളിലുള്ള ഏഴ് കരകള്‍ ഉള്‍പ്പെടുന്ന ഊരിന്റെ ഭരണസിരാകേന്ദ്രമായിരുന്നു പെരുവിരുത്തിമലനട. ഊരാളി(ഊര് ആളുന്നവന്‍) അഥവാ ഭരണാധികാരി കടുത്താംചേരി കൊട്ടാരത്തിലെമൂപ്പനായിരുന്നു. ലോകത്തിലെ എല്ലാ പ്രാക്തന ഗോത്രവര്‍ഗങ്ങളിലും രാജാവ് തന്നെയായിരുന്നു പുരോഹിതനും, വൈദ്യനും, മന്ത്രവാദിയുമെല്ലാം. മലനട ഊരാളി പുരോഹിതനാണ്. കൂടാതെ തന്റെ കര്‍മ്മമേഖലയില്‍വ്യത്യസ്ത സാഹചര്യങ്ങളില്‍ വൈദ്യനായും, മന്ത്രവാദിയായും, രാജാവായും ഇന്നും പ്രവര്‍ത്തിക്കുന്നു.
ചാവീയതയുടെ (പൂര്‍വികാരാധന) ഉന്നതസ്ഥാനം സിദ്ധിച്ചു കിട്ടിയ ഊരാളിയും, ഭരണ, പൗരോഹിത്യകര്‍മ്മങ്ങളില്‍ സഹായികളായി നാലുമാടക്കാര്‍ അഥവാ നാലുവീടര്‍ എന്നറിയപ്പെടുന്ന നാല് കുറവ കൊട്ടാരപ്രതിനിധികളും ചേര്‍ന്ന പഞ്ചമാടക്കാരാല്‍ നിയന്ത്രിതമായ ഊരിന്റെ ഭരണ,സംസ്‌കാര,ആരാധനാ കേന്ദ്രമാണ് പെരുവിരുത്തിമലനട. (കുറവകുല സംസ്‌ക്കാരവും, പെരുവിരുത്തി മലനടയും, ചരിത്ര പഠനം | അഡ്വ. കൈതവാരം എസ്. ശ്രീലാല്‍ )
ഇന്ത്യയിലെ മഹത്തായ രണ്ട് സാഹിത്യ സൃഷ്ടികളാണ് രാമായണവും, മഹാഭാരതവും. സാഹിത്യസ്യഷ്ടികളായതിനാലും രചനാ കാലഘട്ടത്തിലോ, രചയിതാവിന്റെ കാര്യത്തിലോ ആധികാരികതയില്ലാത്തതിനാലും പുരാണേതിഹാസങ്ങളെ ആധികാരിക രേഖകളായി കണക്കാക്കി ചരിത്രവുമായി യോജിപ്പിക്കുവാന്‍ സാധ്യമല്ല.
ഓരോ പ്രാദേശിക ചരിത്രങ്ങളും വിശാലരാജ്യ ചരിത്രത്തിലേക്കുള്ള വാതായനങ്ങളാണ്. പ്രാദേശിക ചരിത്രങ്ങള്‍ കൂടാതെ ഒരു വിശാല ചരിത്രവും സാധ്യമല്ല എന്നതാണ് വസ്തുത. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള പ്രാദേശിക ചരിത്രങ്ങളെ പുരാണേതിഹാസങ്ങളോട് കൂട്ടിക്കെട്ടി കഥകള്‍ മെനയുകയും യഥാര്‍ത്ഥ ചരിത്രത്തെ വികൃതപ്പെടുത്തുകയും ചെയ്തിരിക്കുന്നു. യഥാര്‍ത്ഥ ചരിത്രം തമസ്‌കരിക്കപ്പെടുകയും ചരിത്രപഠനത്തിന്റെ നവസാധ്യതകളെ ഇവ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
യഥാര്‍ത്ഥ ചരിത്രത്തെ തിരിച്ചറിയാനാകാത്ത തരത്തില്‍ വികൃതമാക്കിയ സാമൂഹിക, ചരിത്ര പശ്ചാത്തലത്തിലാണ് പോരുവഴി പെരുവിരുത്തിമലനടയുടെ പ്രാദേശിക ചരിത്രവും, ദേശചരിത്രവും, സംസ്‌കാരവും പുതിയ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കേണ്ടത്. മഹാഭാരത കഥാപാത്രമായ ദുര്യോധനനുമായി ബന്ധപ്പെട്ട കെട്ടുകഥകളെ മലനടയില്‍ നിന്നും പൂര്‍ണ്ണമായി അടര്‍ത്തിമാറ്റി പഠനവിധേയമാക്കുമ്പോഴാണ് മലനടയുടെ യഥാര്‍ത്ഥ ചരിത്രത്തിലേക്കുള്ള കവാടങ്ങള്‍ തുറക്കപ്പെടുക. പ്രസ്തുത മലനട ചരിത്രം കേരള ചരിത്രത്തിലേക്കും, അവിടെ നിന്നും തമിഴകചരിത്രത്തിലേക്കും തുടര്‍ന്ന് വിശാല ഇന്ത്യാചരിത്രത്തിലേക്കും എത്തിപ്പെടുവാനുള്ള സാധ്യതകളെ കൊട്ടിയടയ്ക്കപ്പെടുകയാണ് ഇത്തരം കെട്ടുകഥകള്‍.
കഥയില്‍ ചോദ്യങ്ങള്‍ പാടില്ല എന്ന വ്യവസ്ഥയിലും, യാഥാര്‍ത്ഥ്യമില്ലാത്ത ഒരു കാര്യത്തെ സ്ഥാപിച്ചെടുക്കുവാനും വേണ്ടി കെട്ടിച്ചമക്കുന്ന കഥകളാണ് കെട്ടുകഥകള്‍. മാനുഷിക പൊതുബോധത്തിനു നിരക്കാത്തതും, യാതൊരു യുക്തിയും(logic) ഇല്ലാത്ത കള്ളക്കഥകളെയാണ് കെട്ടുകഥകള്‍ എന്ന് സാമാന്യമായി പറയാം. പെരുവിരുത്തി മലനടയില്‍ വനവാസ കാലത്ത് പാണ്ഡവരെ അന്വേഷിച്ച് ദുര്യോധനന്‍ എത്തിയെന്നും, മലനടയിലെ കടുത്താംചേരി കൊട്ടാരത്തില്‍ നിന്നും കള്ള് കുടിച്ചെന്നും, ക്ഷീണം മാറിയപ്പോള്‍ കുറവരുടെ വീട്ടില്‍ നിന്നും കള്ള് കുടിച്ചതിനാല്‍ അയിത്തം സംഭവിച്ചെന്നും, അപ്പോള്‍ 100 ഏക്കര്‍ ഭൂമി കുറവര്‍ക്ക് കരം ഒഴിവായി ദാനം കൊടുത്തെന്നുമെല്ലാമാണ് മലനടയുമായി ബന്ധപ്പെട്ട ദുര്യോധന മഹാരാജാവിന്റെ കെട്ടുകഥകള്‍.
ഐതിഹ്യരൂപീകരണത്തിന്റെ ആദ്യകാലത്ത് ദുര്യോധനന്‍ മലനടയിലെത്തിയ അതിഥിയും അപ്പൂപ്പന്‍ വീട്ടുകാരനായ വ്യക്തിയുമായിരുന്നു. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഐതിഹ്യത്തിന് ചെറിയ മാറ്റങ്ങള്‍വരുത്തി വീണ്ടും അവതരിപ്പിച്ചു. പുതിയ കഥയില്‍ ദുര്യോധനന്‍ തന്നെയാണ് അപ്പൂപ്പനെന്ന് സ്ഥാപിക്കുകയും വിരുന്നുകാരനായ ദുര്യോധനനെയാണ് അപ്പൂപ്പന്‍ എന്നുവിളിക്കുന്നത് എന്ന് പുതിയ വ്യാഖ്യനങ്ങളിലൂടെ സ്ഥാപിക്കുന്നു. എന്തായാലും കെട്ടുകഥകളിലൂടെ അപ്പൂപ്പനെന്ന ആരാധനാമൂര്‍ത്തിയെ വളരെ നിസാരമായി
ദുര്യോധനനായി പരിവര്‍ത്തനപ്പെടുത്തി കഴിഞ്ഞിരിക്കുന്നു.
പിന്നീട് 1998ലെ റീസര്‍വേ റെക്കോഡുകളില്‍ ദുര്യോധനന്‍ എന്ന പേര് അന്നത്തെ മലനടഭരണ സമിതി എഴുതിച്ചേര്‍ക്കുകയും കെട്ടുകഥകളെ ഉറപ്പിക്കുവാനുമുള്ള ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. മലയുമായോ, കുറവ കുലമായോ ദുര്യോധനന് യാതൊരു ബന്ധവുമില്ല. അയിത്ത ജാതിയായി പരിഗണിക്കുന്ന കുറവരും, ഉയര്‍ന്ന ജാതിക്കാരനായ ദുര്യോധനനും തമ്മില്‍ എന്ത് ബന്ധമാണുള്ളത് ?ദുര്യോധനന്‍ എങ്ങനെയാണ് അയിത്ത ജാതി കുറവരുടെ പൂര്‍വികനായ അപ്പൂപ്പനാകുന്നത്?
മലനടകളിലും, ഇതര കുറവകുല ആരാധന ഇടങ്ങളിലുമുള്ള അധിനിവേശശ്രമങ്ങള്‍ക്കൊരു പൊതുസ്വഭാവം കണ്ടുവരുന്നുണ്ട്. മലനടകളുടെ കുടുംബങ്ങളുമായി ചങ്ങാത്തം സൃഷ്ടിക്കുന്ന ചിലര്‍ വികസന, പുരോഗമന ചിന്തകള്‍ മലനടകള്‍ക്കുമേല്‍ ഉണര്‍ത്തുകയും അതിന് വേണ്ടി ഒരു പൊതുജനകീയ കമ്മറ്റിക്ക് രൂപം കൊടുക്കുകയും ചെയ്യുന്നു. അതിലൂടെ ബ്രാഹ്മണിക്കല്‍ ദേവപ്രശ്‌നത്തിലേക്കും, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലേക്കും കടക്കുന്നു.
കുറവ ആരാധനാമൂര്‍ത്തികളായ മല, അപ്പൂപ്പന്‍, അമ്മൂമ്മ തുടങ്ങിയവര്‍ക്ക് പകരം കൗരവപുത്രന്മാരെയും ശിവന്‍, ദുര്‍ഗ തുടങ്ങിയ ക്ഷേത്രമൂര്‍ത്തികളെയും കുടിയിരുത്തുന്നതിനും ഇത്തരം ദേവപ്രശ്‌നങ്ങളും, ദോഷപരിഹാര കര്‍മങ്ങളും കാരണമാകുന്നു. പെരുവിരുത്തി മലനടയില്‍ നടന്ന ദേവപ്രശ്‌നങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും.
1982ല്‍ മലനടയില്‍ നടന്ന ബ്രാഹ്മണിക്കല്‍ ദേവപ്രശ്‌നത്തിലൂടെയാണ് മലനടയുടെ ഒരു കൊട്ടാരമായ ചെമ്പിട്ടകൊട്ടാരത്തില്‍ വര്‍ഷത്തില്‍ ഒരു തവണ ബ്രാഹ്മണ പൂജ ആരംഭിച്ചത്. പതിയെ പതിയെ വര്‍ഷത്തില്‍ ഒന്ന് എന്നത് രണ്ട് തവണയാക്കി ബ്രാഹ്മണ്യവല്‍ക്കരണം സാധ്യമാക്കി. 2000 കാലയളവില്‍ മറ്റൊരു അഷ്ടമംഗല ദേവപ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി മലയപ്പൂപ്പന്‍ കുടികൊണ്ടിരുന്ന ആള്‍ത്തറയോട് ചേര്‍ന്നു നിന്ന മരുതി എന്ന മഹാവൃക്ഷത്തെ വെട്ടിമുറിച്ച് ചിതയൊരുക്കി ദഹിപ്പിച്ചു.
മലക്കുടമഹോത്സവത്തിലെ മലക്കൊടി തൂക്കുന്ന മരുതിമരചില്ലകള്‍ ഇല്ലാതായതോടെ ക്ഷേത്രസങ്കല്‍പ്പങ്ങളിലെ പോലെ താന്ത്രികവിധി പ്രകാരം കൊടിമരത്തില്‍ കൊടിയേറുന്ന ചടങ്ങ് മലനടയിലും ആരംഭിച്ചു. പഴയ കാലത്ത് അപ്പൂപ്പന്‍ കുടിയിരിക്കുന്ന ആള്‍ത്തറ ശൂന്യമായിരുന്നു. കാരണം അവിടെ മലയപ്പൂപ്പന്‍റെ ഇരിപ്പിടമായിരുന്നതിനാല്‍ മറ്റൊരു വസ്തുക്കളും ആള്‍ത്തറയില്‍ മലയപ്പൂപ്പനൊപ്പം വെക്കില്ലായിരുന്നു. ഇന്ന് അവസ്ഥകള്‍മാറി, വിഗ്രഹമോ, പ്രതിഷ്ഠയോ ഇല്ലെന്നു പ്രചരിപ്പിക്കുകയും എന്നാല്‍ ശൈവ പ്രതീകമായ നന്ദികേശനെന്ന കാളയെ വിഗ്രഹസ്ഥാനത്ത് സ്ഥാപിക്കുകയും, ശൈവശൂലങ്ങള്‍, ദുര്യോധനഗദകള്‍, നാഗരൂപങ്ങള്‍ അങ്ങനെ ക്ഷേത്രചിഹ്നങ്ങളും, അടയാളപ്പെടുത്തലുകളും ആള്‍ത്തറക്കുമേല്‍ അടുത്ത കാലം മുതല്‍ വല്ലാതെ തിക്കുംതിരക്കും കൂട്ടുന്നു.
ദേവപ്രശ്‌നദോഷ പരിഹാരങ്ങളുടെ പേരില്‍ ചെമ്പിട്ടകൊട്ടാരത്തില്‍ എല്ലാ മാസവും തുടങ്ങാനിരുന്ന ബ്രാഹ്മണ പൂജ 2007ലും, 2014ലും ആരംഭിച്ചതും, മലയാചാരപ്രകാരം വൈദ്യനപ്പൂപ്പന്‍ കുടികൊള്ളുന്ന തെക്കുപുറംഎന്ന ആരാധനായിടത്തിനെ 2018ല്‍ കര്‍ണ്ണക്ഷേത്രം എന്ന് പേര് മാറ്റിയപ്പോഴും ഏഴ് കരകളിലെ കുറവര്‍ നടത്തിയ വലിയ പ്രതിഷേധസമരങ്ങളിലൂടെയാണ് ദേവസ്വം ഭരണസമിതി അത്തരം ബ്രാഹ്മണ്യവല്‍ക്കരണ നീക്കങ്ങളില്‍ നിന്നും പിന്‍വാങ്ങിയത്.
മലനടകളില്‍ മലയാചാരത്തിലധിഷ്ഠിതമായ കുറവകുല ആചാരാനുഷ്ഠാനങ്ങളാണ് പൂര്‍വകാലം മുതല്‍ നടന്നു വരുന്നത്. ”കുന്നത്തൂരിലെ പെരുവിരുത്തിമലയുടെ തലവന്‍ ഊരാളിയാണന്നും, മീനമാസത്തിലെ ആദ്യതിങ്കളാഴ്ച ഊരാളി തുള്ളിയുറഞ്ഞ് ഭാവിയെക്കുറിച്ച് പ്രവചനം നടത്തുമെന്നും, അന്ന് കുറവരെല്ലാം പെരുവിരുത്തിമലയില്‍ ഒത്തുചേരുമെന്നും” 1908ല്‍ പ്രസിദ്ധീകരിച്ച കാസ്റ്റ് ആന്റ് ട്രൈബ്‌സ് ഓഫ് സതേണ്‍ ഇന്ത്യ എന്ന പുസ്തകത്തില്‍ ജര്‍മ്മന്‍ നരവംശശാസ്ത്രജ്ഞനായ എഡ്ജര്‍ തഴ്സ്റ്റണ്‍ രേഖപ്പെടുത്തിയിരിക്കുന്നു.
പെരുവിരുത്തി മലനടയിലെ ആചാരാനുഷ്ഠാനങ്ങള്‍ പാരമ്പര്യമായി നടത്തിവരുന്നത് കടുത്താംചേരി കൊട്ടാരത്തിലെ ഊരാളിയും, നാലുവീടര്‍ എന്നറിയപ്പെടുന്ന വല്ല്യത്ത് കൊട്ടാരം, മെനക്കചേരി കൊട്ടാരം, മലനടവടക്കതില്‍, പുളിവിള തുടങ്ങിയ കുറവ കൊട്ടാരങ്ങളിലെ പ്രതിനിധികളും, താളിക്കാരനെന്ന കുറവനും ചേര്‍ന്നാണ്.
ക്ഷേത്രസങ്കല്‍പ്പത്തില്‍ ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും തീരുമാനിക്കുന്നതും, നടത്തുന്നതും, മാറ്റങ്ങള്‍ വരുത്തുന്നതിനുമുള്ള അധികാരം തന്ത്രി കുടുംബത്തിനാണ്. അത് വിശ്വാസങ്ങളിലൂന്നിയ അലിഖിത നിയമമാണ്. അതേപ്രകാരം തന്നെ മലനടയുടെആചാരാനുഷ്ഠാനങ്ങള്‍തീരുമാനിക്കുന്നതും, നടത്തുന്നതും, മാറ്റങ്ങള്‍ വരുത്തുന്നതിനുമുള്ള പൂര്‍ണ്ണാധികാരം കടുത്താംചേരി ഊരാളിയും, നാലുവീടരും ചേര്‍ന്ന പഞ്ചമാടക്കാര്‍ എന്ന സംവിധാനത്തിനാണ്.
പ്രസ്തുത സംവിധാനത്തിന്റെ തലവനാണ് ഊരാളി. ”Each Mala Kurava’s settlement used to have a village council presided over by a headman called the Urali, Nowadays the Urali retains some socio-religious functions. When an Urali dies his son succeeds to the post'(Cultural History of lndia, Department of Cultural publication, Kerala Government). മലനടയില്‍ നടക്കുന്ന ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായ അടുക്ക് (വെറ്റില, അടയ്ക്ക, പുകയില, ചുണ്ണാമ്പ്) പുഴുക്ക് പൂജ, ചുട്ട് പൂജ, അടവി പൂജ, മലയൂട്ടും വായ്ക്കരിപൂജയും, അരിവറ്റിപ്പ് തുടങ്ങിയവയെല്ലാം പ്രകൃതിയായ മലയ്ക്കും, പൂര്‍വികനായ അപ്പൂപ്പനും വേണ്ടിയാണ് നടത്തപ്പെടുന്നത്. മലഅപ്പൂപ്പന്റെ പ്രതിപുരുഷനാണ് ഓരോ കാലത്തെയും ഊരാളി.
അദ്ദേഹം കയ്യിലേന്തുന്ന അധികാര ചിഹ്നമായ ഓലക്ക, ചൂരല്‍വടി, മലക്കുട, എന്നിവയും മലക്കൊടിയും, തലപ്പാവുമെല്ലാം മലക്കുറവരുടെ പൂര്‍വകാലചരിത്രം പറയുന്നു. മറിച്ച് ദുര്യോധനഗദയോ, ശൂലങ്ങളോ ഒന്നും മലയപ്പൂപ്പന്റെ പ്രതിപുരുഷനായ ഊരാളി ഒരിക്കല്‍ പോലും കയ്യിലേന്തുന്നില്ല. മലനടയ്ക്കുമേല്‍ നടക്കുന്ന അധിനിവേശങ്ങള്‍ സമീപഭാവിയില്‍ തന്നെ മലനടക്കുന്നില്‍ ഗദയേന്തി തുള്ളിക്കളിക്കുന്ന ബ്രാഹ്മണ ഊരാളര്‍ അവതാരമെടുക്കുവാന്‍ കാരണമാകും. പുതിയ കെട്ടുകഥകളും, ഐതിഹ്യങ്ങളും അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നു.
21 മുഴം നീളമുള്ള കറുപ്പ് കച്ച ചുറ്റി, ആടയാഭരണങ്ങളണിഞ്ഞ്, മലഅധികാരത്തിന്‍റെ തലപ്പാവണിഞ്ഞ്, അധികാരവടിയായ ഓലക്കയേന്തി, മലക്കുടയുടെ തണലില്‍ ഒറ്റക്കാലില്‍ തുള്ളിയുറഞ്ഞ് മലകയറുന്ന ഊരാളി എന്നത് വിദൂരതയില്‍ ഓര്‍ത്തെടുക്കാവുന്ന നാടോടികഥകളായ് അവശേഷിക്കും, പതിയെ പതിയെ എല്ലാ ചിന്താധാരകളില്‍നിന്നും മലനട പോലും അപ്രത്യക്ഷമാകും.
”മലകളുടെസ്വന്തം നാട്ടില്‍”നിന്നും”ദൈവത്തിന്റെസ്വന്തം നാട്ടിലേക്കുള്ള” പരിവര്‍ത്തന പ്രക്രിയയില്‍ മലദൈവങ്ങള്‍ കുടിയൊഴിക്കപ്പെട്ടു. ഒരു ജീവനേയും ഹിംസിക്കാതെ മണ്ണിനേയും, മലയേയും, മരത്തിനേയും, കാവിനെയും, കുളങ്ങളേയും ആരാധനാ സ്ഥാനങ്ങളായി കണ്ട്, അവിടെ തങ്ങളുടെ പൂര്‍വികരേയും, ദൈവത്തേയും കുടിയിരുത്തി, ആവാസ വ്യവസ്ഥകളെ പരിപാലിച്ചു വന്ന ഒരു ജനതയും അവരുടെ സംസ്‌കാരവും ആരാധനാക്രമങ്ങളും ചോദ്യം ചെയ്യപ്പെടുകയാണ്.പ്രകൃതി അതിന്റെ ആവാസവ്യവസ്ഥയെ സ്വയം സംതുലനപ്പെടുത്തുക എന്നത് പ്രകൃതിനിയമമാണ്. മലകളില്‍ നിന്നും അതിന്റെ സംരക്ഷകരെയും, അവരുടെ ദൈവങ്ങളേയും കുടിയിറക്കിയപ്പോള്‍ ഒരു കാലവര്‍ഷത്തെപ്പോലും താങ്ങാനാവാതെ മലയും മണ്ണും ദുര്‍ബലപ്പെട്ടു തുടങ്ങിയിരിക്കുന്നു. പ്രളയങ്ങളും പ്രകൃതിദുരന്തങ്ങളും തുടര്‍ക്കഥയാകുന്നു. മലകള്‍ കലിക്കുകയാണ്, മലനടകളും, മലദൈവങ്ങളും……
പെരുവിരുത്തിമലനടയുടെ ഏഴ് കരകളിലുള്ള കുറവര്‍ അവരുടെ സംസ്‌കാരത്തേയും, മലഅപ്പൂപ്പനേയും മലനടയില്‍ നിലനിര്‍ത്തുന്നതിനു വേണ്ടി നീതിപീഠത്തിന്റെ മുന്നിലെത്തിയിരിക്കുകയാണ്.
Content Highlight: Anoop Sankaran writes about the Poruvazhi Peruviruthy Malanada Duryodhana Temple and how it encroached upon the Kuruva tribals