Administrator
Administrator
പകല്‍ നക്ഷത്രങ്ങളില്‍ നിന്നും ബ്യൂട്ടിഫുളിലേക്കുള്ള മാറ്റം
Administrator
Thursday 15th December 2011 12:56pm

malayalam-film-beautiful

ബ്യൂട്ടിഫുള്‍ എന്ന ചിത്രം വിജയിച്ചതിന്റെ ത്രില്ലിലാണ് അനൂപ് മേനോന്‍. പകല്‍നക്ഷത്രമെന്ന ചിത്രത്തിലൂടെ താനൊരു നല്ല തിരക്കഥാകൃത്തെന്ന് പേരെടുത്ത അനൂപ് മേനോന്‍ ബ്യൂട്ടിഫുളിലൂടെ തന്റെ കഴിവ് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.

ബ്യൂട്ടിഫുളിനെ ബ്യൂട്ടിഫുള്ളാക്കിയ തന്റെ തിരക്കഥയെക്കുറിച്ചും അഭിനയാനുഭവങ്ങളെക്കുറിച്ചും അനൂപ് സംസാരിക്കുന്നു.

ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിന്റെ ജനനം എങ്ങനെയായിരുന്നു?

അത് ഏറെ രസകരമായ ഒരു കഥയാണ്. വീല്‍ചെയറിലായ ഒരു സുഹൃത്ത് എന്റെ സ്‌കൂള്‍ ജീവിതത്തിനിടയിലുണ്ടായിരുന്നു. (ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന സ്‌കൂള്‍ സീന്‍ എന്റെ ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്തതാണ്) സിനിമയോട് ഏറെ താല്‍പര്യമുള്ള ജയസൂര്യ ഒരിക്കല്‍ എന്നോട് ചോദിച്ചു ‘ ഒരടി പോലും വയ്ക്കാന്‍ പറ്റാത്ത, മുഖത്തിലൂടെയും ശബ്ദത്തിലൂടെയും മാത്രം വികാരങ്ങളെ പ്രതിഫലിപ്പിക്കാന്‍ കഴിയുന്നതുമായ ഒരു കഥാപാത്രത്തെ നിങ്ങള്‍ എനിക്ക് നല്‍കുമോ?’

അങ്ങനെ എന്റെ സ്‌കൂള്‍ ഓര്‍മകളും അത്തരമൊരു കഥാപാത്രം ചെയ്യാനുള്ള ജയസൂര്യയുടെ ആഗ്രഹവും സ്റ്റീഫന്‍ ലൂയി എന്ന കഥാപാത്രത്തിന് ജന്മം നല്‍കി.

ശരീരത്തിന്റെ കീഴ്ഭാഗം തളര്‍ന്ന ഒരു കഥാപാത്രത്തെ സൃഷ്ടിക്കാന്‍ നിങ്ങള്‍ എന്തെങ്കിലും റിസര്‍ച്ച് നടത്തിയോ?

സത്യം പറയുകയാണെങ്കില്‍ ആ കഥാപാത്രത്തിനുവേണ്ടി ഞാന്‍ ഒരു തരത്തിലുള്ള റിസര്‍ച്ചും നടത്തിയിട്ടില്ല. ശരീരം തളര്‍ന്ന ഒരാളുടെ ദൈനംദിന ജീവിതത്തില്‍ എനിക്ക് യാതൊരു താല്‍പര്യവുമുണ്ടായിരുന്നില്ല. ഒരു തളര്‍ന്ന ശരീരത്തിനുള്ളിലെ ആവേശത്തെ കണ്ടെത്തുന്നതിലായിരുന്നു എന്റെ താല്‍പര്യം. നമുക്ക് ചുറ്റുംനോക്കുകയാണെങ്കില്‍ അത്തരം ആളുകളാണ് നമ്മളെ പ്രചോദിപ്പിക്കുന്നത്. നമ്മള്‍ കാണേണ്ടതും അവരെയാണ്. കിട്ടാത്ത കാറിനെച്ചൊല്ലി വിഷമിക്കുന്നവരെക്കാള്‍ എനിക്കിഷ്ടം ജീവിതത്തിന്റെ നേട്ടങ്ങളെക്കുറിച്ചോര്‍ത്ത് സന്തോഷിക്കുന്നവരെയാണ്.

സ്‌ക്രിപ്റ്റിന്റെ ആദ്യം രൂപം ഗോവയില്‍ സ്‌കൂളിന്റെ പുനസമാഗമത്തിന് പോയപ്പോള്‍ രണ്ട് ദിവസം കൊണ്ട് ഞാന്‍ പൂര്‍ത്തിയാക്കി. നല്ല മഴയുള്ള ദിവസമായിരുന്നു അന്ന്.

സീന്‍സ് മുഴുവന്‍ എഴുതി തീര്‍ത്തത് സെറ്റില്‍വെച്ചാണ്. മുഴുവന്‍ സ്‌ക്രിപ്റ്റില്ലെങ്കില്‍ ചിത്രം ഷൂട്ടിംഗ് നിര്‍ത്തുമെന്ന് പറഞ്ഞ് ആദ്യദിവസം തന്നെ ചിത്രത്തിന്റെ സംവിധായകന്‍ വി.കെ പ്രകാശ് ദേഷ്യപ്പെട്ടിരുന്നു. ആദിവസം ചെയ്യാനുള്ള രണ്ട് സീനുകള്‍ പൂര്‍ത്തിയാക്കി നല്‍കുമെന്ന് ഞാന്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തേണ്ടിവന്നു.

അവിചാരിതമായല്ലേ ആ ചിത്രത്തിലെ ഗാനങ്ങളും നിങ്ങള്‍ രചിച്ചത്?

അതെ. അങ്ങനെയും പറയാം. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ രതീഷ് ഒരു ട്യൂണുമായി സെറ്റില്‍വന്നു. അദ്ദേഹം വന്ന ട്യൂണ്‍ മൂളിയപ്പോള്‍ എനിക്ക് പിടികിട്ടുന്നില്ലെന്ന് വി.കെ.പി പറഞ്ഞു.

ആ ട്യൂണിന് ചില വാക്കുകള്‍ കൊടുക്കാന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ രതീഷിന്റെ കാറിലേക്ക് പോയി എന്റെ മനസില്‍ അപ്പോള്‍ തോന്നിയ വരി എഴുതിയിട്ടു. ജയസൂര്യയും വി.കെ.പിയും അത് വായിച്ചപ്പോള്‍ അവര്‍ക്ക് ഇഷ്ടമായി. അങ്ങനെ അത് തന്നെ ഉപയോഗിക്കാമെന്ന് അവര്‍ പറഞ്ഞു.

നിങ്ങളുടെ പരിഹാസം നിറഞ്ഞ തമാശകള്‍ മറ്റുള്ളവര്‍ എങ്ങനെ സ്വീകരിക്കുമെന്നോര്‍ത്ത് ടെന്‍ഷനുണ്ടായിരുന്നോ?

ഒട്ടുമില്ല. ഞാന്‍ ശരിക്കുള്ള തമാശയാണ് ഉപയോഗിച്ചത്. ദ്വയാര്‍ത്ഥങ്ങളുള്ള ഡയലോഗുകള്‍ ഞാന്‍ ഉപയോഗിച്ചിട്ടില്ല. ഇക്കാര്യത്തില്‍ എന്നെ പലരും അഭിനന്ദിക്കുകയാണ് ചെയ്തിട്ടുള്ളത്.

ഏഴുത്തിനെ നിങ്ങള്‍ എങ്ങനെയാണ് സമീപിക്കുന്നത്? പകല്‍ നക്ഷത്രങ്ങളില്‍ നിന്നും ബ്യൂട്ടിഫുള്‍ പോലുള്ള ഒരു ചിത്രത്തിലേക്കുള്ള മാറ്റം എങ്ങനെ തോന്നി?

വ്യത്യസ്തമായ ശൈലിയില്‍ എഴുതാന്‍ വേണ്ടി ഞാന്‍ വ്യത്യസ്തമായ മാനസികാവസ്ഥ ഉണ്ടാക്കാറില്ല. എഴുതുന്ന വിഷയമാണ് അതിന്റെ രീതി നിശ്ചയിക്കുന്നത്. പകല്‍നക്ഷത്രം എഴുതുന്ന സമയത്ത് ഞാനൊരു യാത്രയിലായിരുന്നു. ആ സമയത്ത് സാഹിത്യഭാഷയില്‍ ആകൃഷ്ടനായ ഞാന്‍ അതുപോലൊരു ഭാഷയാണ് ആ സമയത്ത് ഉപയോഗിക്കാന്‍ ഇഷ്ടപ്പെട്ടത്. ആ കഥാപാത്രം സംസാരിക്കുന്ന ഭാഷ ഇഷ്ടമുള്ളതുകൊണ്ടുമാത്രം നിരവധി പേരാണ് ഇപ്പോഴും നെറ്റ്‌ലോകത്ത് ആ ചിത്രത്തിന് പിന്നാലെ നടക്കുന്നത്.

നമ്മള്‍ എഴുതുന്നതെല്ലാം ഹൃദയത്തില്‍ നിന്നും വരുന്നത്. അത് സാഹിത്യഭാഷയിലായാലും രസകരമായ ഭാഷയിലായാലും.


നിങ്ങള്‍ എഴുതുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ എഴുതിയ സീനുകളില്‍ അഭിനയിക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടോ?

സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയാല്‍ എഴുത്തുകാരനായ എന്നെ ഞാന്‍ മറക്കും. മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ ഞാന്‍ ഇടപെടാറില്ല. കാരണം അവര്‍ മറ്റ് സാഹചര്യങ്ങളില്‍ നിന്നും വരുന്നവരാണ്. അവര്‍ക്ക് ഒരു പ്രത്യേക മൂല്യമുണ്ട്. അതുകൊണ്ടുതന്നെ അവര്‍ എനിക്ക് തന്നത് ഞാന്‍ അഭിനയിക്കുകമാത്രമാണ് ചെയ്യുന്നത്.

എന്തുകൊണ്ടാണ് ഇപ്പോഴും അവിവാഹിതനായി കഴിയുന്നത്? വിവാഹത്തിന് എതിരാണോ?

ഞാന്‍ അവിവാഹിതനായിരിക്കുന്നുവെന്നതിനര്‍ത്ഥം വിവാഹത്തിന് എതിരാണെന്നല്ല. വിവാഹമെന്നത് പവിത്രമാണ്. 30 വര്‍ഷം ഒരുമിച്ച് ജീവിച്ചശേഷവും വിരല്‍തുമ്പില്‍ പിടിച്ച് ഒരുമിച്ച് നടക്കുന്ന ദമ്പതികളെ കാണാന്‍ എനിക്കിഷ്ടമാണ്. പക്ഷെ അത് അപൂര്‍വ്വമായി മാത്രമേ കാണാറുള്ളൂ.

നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഏറ്റവും കൂടുതലിഷ്ടം എന്താണ്?

ഞാന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും എനിക്കിഷ്ടമാണ്. ഇപ്പോള്‍ ഈ നിമിഷത്തിലുള്ള ജീവിതത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്. ഭാവിയെക്കുറിച്ച് ഞാന്‍ പ്ലാന്‍ ചെയ്യാറില്ല. അഭിനയിക്കാന്‍ എനിക്കിഷ്ടമാണ്, എഴുതാനും എന്തിന് നിങ്ങള്‍ എന്നെ ഇന്റര്‍വ്യൂ ചെയ്യുന്നത് പോലും ഞാനാസ്വദിക്കുന്നു.

റെഡിഫ്.കോമിന് വേണ്ടി പരേഷ് പി. പാലിച്ച തയ്യാറാക്കിയ അഭിമുഖത്തിന്റെ പരിഭാഷ

Advertisement