Administrator
Administrator
ഹസാരെ:അരാഷ്ട്രീയ സമൂഹത്തിന് തെറ്റുപറ്റുന്നുവോ?
Administrator
Wednesday 24th August 2011 5:10pm

അഴിമതിക്കെതിരെ അണ്ണാഹസാരെ നടത്തുന്ന സമരം ലോക ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. രാജ്യം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത വിധം പൊതുജനങ്ങള്‍ അണ്ണാഹസാരെക്ക് പിന്തുണയര്‍പ്പിച്ച് തെരുവിലിറങ്ങുന്നു. അയല്‍പ്പക്കത്ത് എന്ത് സംഭവിച്ചുവെന്ന് പോലും അറിയാന്‍ താല്‍പര്യമില്ലാത്ത സമൂഹം അഴിമതി വിരുദ്ധ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

പിന്തുണച്ചെത്തുന്നവരില്‍ ഭൂരിഭാഗവും മധ്യവര്‍ഗ്ഗ-അരാഷ്ട്രീയ സമൂഹമാണ്. രാഷ്ട്രീയ പാര്‍ട്ടികളെ തനിക്ക് വിശ്വാസമില്ലെന്ന് ഹസാരെ തന്നെ വ്യക്തമാക്കിക്കഴിഞ്ഞതുമാണ്.

ഇന്ത്യ ആണവായുധം പരീക്ഷിച്ചിപ്പോള്‍ ആഹ്ലാദിച്ച് തെരുവിലിറങ്ങിയ, ഇന്ത്യ ക്രിക്കറ്റ് ജയിച്ചാല്‍ ജയാരവം മുഴക്കുന്ന അരാഷ്ട്രീയ ജനതയാണ് ഹസാരെയുടെ സമരത്തിനും പതാക വീശുന്നതെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. രാഷ്ട്രീയക്കാര്‍ എല്ലാം മോശക്കാരാണെന്നും രാഷ്ട്രീയക്കാരെക്കാള്‍ മികച്ചത് ബ്യൂറോക്രാറ്റുകളാണെന്നും വിശ്വസിക്കുന്നവരാണ് ഈ അരാഷ്ട്രീയ മധ്യവര്‍ഗ്ഗം. സാമ്പത്തിക വിദഗ്ധനായിരുന്ന  മന്‍മോഹന്‍ സിംഗ് അധികാര രാഷ്ട്രീയത്തില്‍ പ്രവേശിക്കുമ്പോള്‍ മധ്യവര്‍ഗ്ഗം അതിനെ സ്വാഗതം ചെയ്തത് ഈ ന്യായം പറഞ്ഞായിരുന്നു. എ.പി.ജെ അബ്ദുല്‍ കലാമിനെ ഇന്ത്യന്‍ പ്രസിഡന്റ സ്ഥാനത്തേക്ക് പരിഗണിച്ചപ്പോഴും അദ്ദേഹത്തിന്റെ ടെക്‌നോക്രസിയാണ് ഉയര്‍ത്തിക്കാണിക്കപ്പെട്ടത്.

ഏറെ കൊട്ടിഘോഷിച്ച ഈ  മന്‍മോഹന്‍ സിംഗിന്റെ ഭരണകാലത്ത് മധ്യവര്‍ഗ്ഗത്തിന്റെ പിന്തുണയോടൂകൂടി ഹസാരെക്ക് സമരമിരിക്കേണ്ടിവന്നുവെന്നത് വിരോധഭാസമായിരിക്കാം. സ്‌പെക്ട്രം, ആദര്‍ശ്, കോമണ്‍വെല്‍ത്ത്… മന്‍മോഹന്റെ കിരീടത്തില്‍ തുന്നിച്ചേര്‍ക്കാന്‍ പൊന്‍തൂവല്‍ നിരവധിയുണ്ട്. ഇന്നലെ മന്‍മോഹനെ പിന്തുണച്ച ഈ അരാഷ്ട്രീയ സമൂഹം ഇന്ന് ഹസാരെയെ പിന്തുണക്കുന്നു. ഡൂള്‍ന്യൂസ് ലഞ്ച്‌ബ്രേക്ക് ചര്‍ച്ച ചെയ്യുന്നു… അരാഷ്ട്രീയ സമൂഹത്തിന് തെറ്റുപറ്റുന്നുവോ?

ബി ആര്‍ പി ബാസ്‌കര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

അഴിമതി പുതിയ സംഭവമല്ല. പഴയ കാലത്തും അഴിമതി ഉണ്ടായിരുന്നു. പക്ഷെ ഇന്ന് രാഷ്ട്രീയ സാഹചര്യം മാറി. രാഷ്ട്രീയ അഴിമതികളെ കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ആളുകളാണ് ഈ അരാഷ്ട്രീയ സമൂഹം. ഇവരെ ഇത്തരത്തിലുള്ള രാഷ്ട്രീയ അഴിമതികള്‍ അലോസരപ്പെടുത്തുന്നില്ല. മന്ത്രിമാര്‍ നടത്തുന്ന അഴിമതി അവര്‍ക്ക് പ്രശ്‌നമല്ല.

ഈ സമൂഹവും അഴിമതി നേരിടുന്നുണ്ട്. അത് പക്ഷെ എന്തെങ്കിലും സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ വേണ്ടിയോ മറ്റെന്തെങ്കിലും ആവശ്യത്തിനോ വേണ്ടിയാവും. എന്നാല്‍ അതും അഴിമതിയാണ്. ഇതിനെയെല്ലാം ഉള്‍കൊള്ളുന്ന നിയമമാണ് ഉണ്ടാവേണ്ടത്. ഇവര്‍ വെറുതെ മുദ്രാവാക്യത്തിന് പിറകെ പോകുന്നു എന്നേയുള്ളൂ.

ഇന്ത്യയില്‍ അഴിമതിയെ ചെറുക്കാന്‍ നിയമമില്ലാഞ്ഞിട്ടല്ല. വേണ്ട രീതിയില്‍ നടത്തപ്പെടുന്നില്ല എന്നതാണ് പ്രശ്‌നം. ഈ സമരക്കാര്‍ പ്രധാനമായും ആവശ്യപ്പെടുന്നത് പ്രധാനമന്ത്രിയെ ബില്ലില്‍ ഉള്‍പ്പെടുത്തണമെന്നാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ എന്തോ സംഭവിക്കുമെന്ന മട്ടാണ്. അങ്ങനെയെങ്കില്‍ ഞാനൊന്ന് ചോദിക്കട്ടെ ഒരു കൊലപാതകം ചെയ്താല്‍ പ്രധാനമന്ത്രിയെ ശിക്ഷിക്കാതിരിക്കുമോ? അപ്പോള്‍ നമ്മുടെ സംവിധാനത്തിലാണ് പ്രശ്‌നം. അവിടെയാണ് തിരുത്തല്‍ വേണ്ടത്.

ഹസാരെ ഇരിക്കുന്നിടത്ത് കിരണ്‍ ബേദി ഇരുന്നാല്‍ എന്താണുണ്ടാവുക. മുന്‍പ് ബാബാ രാംദേവ് സമരം നടത്തിയപ്പോള്‍ സര്‍ക്കാര്‍ തൂക്കിയെടുത്ത് കൊണ്ടുപോയില്ലെ. ഹസാരെ ഗാന്ധിയന്‍ മാതൃകയാണ് പിന്തുടരുന്നത് എന്നതാണ് കാര്യം. പക്ഷെ അദ്ദേഹത്തെ അനുകൂലിക്കുന്നവരുടേത് വികാരപ്രകടനം മാത്രമാണ്. അഴിമതി ഗുരുതരമായ പ്രശ്‌നമായി ഉയര്‍ത്തികൊണ്ടുവന്നു എന്നത് മാത്രമാണ് ഹസാരെയുടെ സമരത്തിലൂടെ ഉണ്ടായ ഗുണം. അതിലപ്പുറം ഇതിന്റെ ഫലമെന്തായിരിക്കുമെന്നത് സംശയത്തോടെ മാത്രമേ നോക്കി കാണാന്‍ കഴിയൂ.

സി.കെ വിശ്വനാഥ്, എഴുത്തുകാരന്‍, സോഷ്യല്‍ ആക്ടിവിസ്റ്റ്

മെട്രോപൊളിറ്റന്‍ മധ്യവര്‍ഗം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഇത്തരം സമരങ്ങള്‍. ഇവരുടെ രാജ്യസ്‌നേഹം, അഴിമതി വിരുദ്ധമനോഭാവം, എന്നിവയെല്ലാം വെസ്‌റ്റേണ്‍ മോഡലിന്റെ അനുകരണങ്ങളായിരിക്കും.

ഇപ്പോള്‍ ഹസാരെയെ പിന്തുണച്ചെത്തിയിരിക്കുന്നതും ഈ വരേണ്യവര്‍ഗത്തില്‍ പെട്ടവരാണ്. നരിമാന്‍, നാരായണമൂര്‍ത്തി, സിനിമാ താരങ്ങള്‍ തുടങ്ങിയ വരേണ്യ വര്‍ഗ പ്രതിനിധികളാണ് ഹസാരെയെ പിന്തുണച്ചെത്തിയിരിക്കുന്നത്. തീര്‍ച്ചയായും ഇതൊരു പ്രസക്തമായ സമരം ആണെന്നിരിക്കെ, സമൂഹത്തിന്റെ എല്ലാ തട്ടില്‍ നിന്നുള്ള ജനവിഭാഗങ്ങളും അവരുടെ പ്രതിനിധികളും ഈ പോരാട്ടത്തിന്റെ ഭാഗമാകേണ്ടതല്ലേ? എന്നിട്ടും ഒരു ദളിത് നേതാവോ, ആദിവാസി നേതാവോ ഈ സമരത്തെ പിന്തുണച്ച് എത്താത്തതെന്താണ്?

നമ്മുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഇന്നു നേരിടുന്ന പ്രതിസന്ധിയാണ് ഇത്തരം സമരങ്ങളെ സൃഷ്ടിക്കുന്നത്. ഇത്തരം പ്രതിസന്ധികള്‍ക്ക് ഒരു പരിഹാരം എന്ന നിലയിലാണ് ഹസാരെയുടെ സമരം വന്നിട്ടുള്ളത്. ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇന്നു നേരിടുന്ന വന്‍ പരാജയത്തെയും ഇത്തരം മുഹൂര്‍ത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പ്രബല ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ ഈ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ മുന്നോട്ടുവരുന്നില്ല. ആ വിടവിലേക്കാണ് / ഇടത്തിലേക്കാണ് ഹസാരെയെപ്പോലുള്ളവര്‍ സമരങ്ങളുമായി കയറി വരുന്നത്.

അടിയന്തിരാവസ്ഥക്കാലത്ത് ജയപ്രകാശ് നാരായണനെ മുന്‍നിര്‍ത്തിയാണ് ആര്‍.എസ്.എസ് പോലുള്ള രാഷ്ട്രീയ കക്ഷികള്‍ മുന്നോട്ടുവന്നത് എന്നോര്‍ക്കുക. ഇപ്പോള്‍ വരുന്ന അണ്ണാ ഹസാരെയും ഇതില്‍ നിന്ന് വ്യത്യസ്തനല്ല. അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്നത് വലതുപക്ഷ രാഷ്ട്രീയത്തെ തന്നെയാണ്. അദ്ദേഹത്തോടൊപ്പം അണി ചേര്‍ന്നിരിക്കുന്നവരെ ശ്രദ്ധിച്ചാല്‍ മനസിലാകും അത്.


ജെ. ഗോപീകൃഷ്ണന്‍, മാധ്യമപ്രവര്‍ത്തകന്‍, ദല്‍ഹി

ഇപ്പോള്‍ നടക്കുന്ന ഹസാരെയുടെ നേതൃത്വത്തിലുള്ള അഴിമതിക്കെതിരെയുള്ള സമരം അരാഷ്ട്രീയ മധ്യവര്‍ത്തി സമരമല്ല. രാം ലീല മൈതാനത്ത് ഞാന്‍ പോയി കണ്ടിട്ടുള്ളതാണത്. ഒരുപാട് സാധാരണക്കാരെ അവിടെ കാണാന്‍ സാധിക്കും. ഗവണ്‍മെന്റിന് വേണ്ടി പല മാധ്യമങ്ങളും, പ്രത്യേകിച്ച് നീരാ റാഡിയ ടേപ്പില്‍ ഉള്‍പ്പെട്ട് നാണം കെട്ട് പുറത്തിറങ്ങാന്‍ പറ്റാതിരിക്കുന്ന പല മാധ്യമ അവതാരകളും നടത്തുന്ന പ്രസ്താവനകളും വാര്‍ത്തകളും മാത്രമാണിത്. അരാഷ്ട്രീയ മധ്യവഗ്ഗ സമരം എന്ന് പറഞ്ഞ് ഇതിനെ വേര്‍തിരിക്കുകയാണ്. സര്‍ക്കാറിനെതിരെ സമരം ചെയ്യുന്നവര്‍ അരാഷ്ട്രീയ മധ്യവര്‍ഗ്ഗമാണെന്നത് വ്യാജ പ്രചരണം മാത്രമാണ്.

അയ്യായിരം ആളുകളെ മാത്രമെ കൊണ്ടുവരാന്‍ പാടുള്ളുവെന്നും കുറച്ച് ദിവസമേ സമരം നടത്താന്‍ പാടുള്ളുവെന്നുമൊക്കെ നിബന്ധനകള്‍ വെച്ചപ്പോള്‍, താങ്കള്‍ ഇതിനകത്ത് ഇടപെടണമെന്നൊക്കെ പറഞ്ഞ് ഹസാരെ പ്രധാന മന്ത്രിക്ക് കത്തെഴുതിയപ്പോള്‍ അയാള്‍ അന്ന് കൊടുത്ത  ധാര്‍ഷ്ഠ്യം കലര്‍ന്ന മറുപടി ബന്ധപ്പെട്ട പോലിസ് ഉദ്യോഗസ്ഥനെ, അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണറെ കാണാനാണ്. ഇവിടെ ആരാണ് അരാഷ്ട്രീയ വാദി? രാഷ്ട്രീയ സമരത്തെ അരാഷ്ട്രീയമായി ചിത്രീകരിച്ച് ആദ്യം നീങ്ങിയത് സര്‍ക്കാറാണ്.

ഇപ്പോള്‍ നടക്കുന്ന ഈ സമരത്തിന്റെ കൂടുതല്‍ പ്രസക്തി സര്‍ക്കാറില്‍ നിന്നുണ്ടാകുന്ന  ധാര്‍ഷ്ഠ്യത്തെ തകര്‍ക്കാന്‍ ഇതിനു പറ്റി എന്നുള്ളതാണ്. ആ ഒരു പോസറ്റീവ് ആയ കണ്‍സെപ്റ്റ് ആണിത്. ലോക്പാല്‍ എന്നൊരു ആവശ്യത്തില്‍ നിന്ന് മാറി സമരം ചെയ്യാനുള്ള ഒരാളുടെ അവകാശത്തിന് വേണ്ടിയാണ് ആളുകള്‍ ഇപ്പോള്‍ ഹസാരെയുടെ കൂടെ നില്‍ക്കുന്നത്. രാവിലെ പോലീസ് വരുന്നു, പിടിച്ച് കൊണ്ട് പോകുന്നു, ജയിലിലിടുന്നു. ലോക്പാലിനെ എതിര്‍ക്കുന്ന ആളുകള്‍ പോലും അയാളോട് കാണിച്ചത് അനീതിയാണെന്ന് പറഞ്ഞു. അതായത് നാളെ ആര്‍ക്കെതിരെയും കാണിക്കാവുന്ന അനീതിയാണത്. ഇത് തികച്ചും ഗാന്ധിയന്‍ സമരം തന്നെയാണ്. മനപൂര്‍വ്വമാണ് സര്‍ക്കാര്‍ മധ്യവര്‍ത്തികളുടെ സമരമെന്നൊക്കെ പറയുന്നത്. കര്‍ഷകര്‍ക്കങ്ങിനെ പ്രത്യേക സമരമുണ്ടോ? ഇത് എല്ലായിടത്തും നടക്കുന്ന സമരങ്ങളുടെ സംയോജനം തന്നെയാണ്.

മറ്റൊരു പ്രധാന ആക്ഷേപം ഇതിനൊരുപാട് വിദേശ ഫണ്ട് വരുന്നുണ്ടെന്നതാണ്. അങ്ങിനെയാണെങ്കില്‍ ഈ രാജ്യത്ത് ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്ട് ഉണ്ട്. ഇത് ആഭ്യന്തര മന്ത്രി ചിദംബരത്തിന്റെ കീഴിലാണ്. എന്തെങ്കിലും നിയമ ലംഘനം ഉണ്ടെങ്കില്‍ അവരെ അറസ്റ്റ് ചെയ്യണം. വലിയ ഫണ്ട് വരുന്നുണ്ടെങ്കില്‍ ഇന്‍കം ടാക്‌സ് പറയുമല്ലോ? ഇപ്പോള്‍ പറയുന്നത് ഫോഡ് ഫൗണ്ടേഷനില്‍ നിന്ന് പണം വരുന്നു എന്നാണ്. അതിനെന്താണൊരു കുഴപ്പം? ഫോര്‍ഡ് ഫൗണ്ടേഷനില്‍ നിന്ന് പണം സ്വീകരിക്കാന്‍ പാടില്ലെങ്കില്‍ അതിനെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പെടുത്തണം. സര്‍ക്കാര്‍ ഇത് പോലെ സമരത്തെ തകര്‍ക്കാന്‍ പല പ്രചരണവും നടത്തുന്നുണ്ട്. ആദ്യം ഹസാരെ ട്രക്ക് ഡ്രൈവറാണ് എന്നും ഞങ്ങള്‍ ഒരുമിച്ച് കേംബ്രിഡ്ജില്‍ പഠിച്ചതാണ് എന്നൊക്കെ പറഞ്ഞ് നടന്നു. പിന്നെ ഹസാരെ ആര്‍മിയില്‍ തട്ടിപ്പ് നടത്തി പോന്നതാണെന്ന് പറയുന്നു. ഈ കുപ്രചരണങ്ങള്‍ക്കുള്ള മറുപടിയാണ് ഇപ്പോള്‍ സമരത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന ജനപിന്തുണ.

കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, എഴുത്തുകാരന്‍

ഭീകരമായ അഴിമതിയുടെ അന്തരീക്ഷമാണ് ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. ഇതിനെതിരെ വരുന്ന വ്യത്യസ്തമായ പ്രതികരണങ്ങള്‍ തള്ളിക്കളയാന്‍ പറ്റില്ല. അതിലൊരാളായിട്ടേ ഹസാരെയും അദ്ദേഹത്തിന്റെ സമരത്തിനേയും കാണാന്‍ കഴിയു. ഇന്ത്യയില്‍ അഴിമതിക്കെതിരായി ഉച്ചരിക്കപ്പെടുന്ന ഓരോ വാക്കും സ്വാഗതാര്‍ഹമാണ്.

അതേസമയം ഇത് അഴിമതിക്കെതിരായി മാത്രം നടത്തുന്ന പ്രതികരണമാണ്. ഒരിക്കലും അതിന്റെ വേരുകളിലേക്ക് ഈ പ്രതികരണം ഇറങ്ങിച്ചെല്ലുന്നില്ല. അഴിമതി നടത്താനുള്ള സ്രോതസ്സ് പരിശോധിച്ചാല്‍ രാജ്യത്ത് നിലനില്‍ക്കുന്ന സാമൂഹിക വ്യവസ്ഥയാണ് മുഖ്യകാരണം. കോര്‍പ്പറോക്രസി എന്ന് ഈ വ്യവസ്ഥയെ ഒറ്റവാക്കില്‍ പറയാം. കോര്‍പ്പറേറ്റുകളുടെ താല്‍പര്യം സംരക്ഷിക്കാനാണ് രാജ്യം ശ്രമിക്കുന്നത്. അഴിമതി ഇല്ലാതാക്കാന്‍ ഇത്തരം സമരങ്ങള്‍ക്കു സാധിക്കുന്നില്ല. ഈ കോര്‍പ്പറോക്രസി ആത്യന്തികമായി ഇല്ലാതാക്കാനാണ് സമരം നടത്തേണ്ടത്. ആ ഒരു തലത്തിലേക്ക് സമരം വളരേണ്ടതുണ്ട്.

അഴിമതിയെ ചോദ്യം ചെയ്യുകയാണ് ഹസാരെ ചെയ്യുന്നത്. ഇക്കാര്യത്തില്‍ മാധ്യമങ്ങളും വന്‍പിന്തുണയാണ് നല്‍കുന്നത്. ദല്‍ഹിയില്‍ ഇതിനു മുമ്പ് നിരവധി സമരങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷേ അതിനൊന്നും വേണ്ട പ്രാധാന്യം ലഭിക്കാതെ പോവുകയായിരുന്നു. അവയ്‌ക്കെല്ലാം രാഷ്ട്രീയ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ ഹസാരെയുടെ സമരത്തിന് വന്‍പിന്തുണയാണ് ലഭിച്ചത്. പല താല്‍പര്യങ്ങളും സംരക്ഷിക്കാനാണ് ഈ ഇരട്ടത്താപ്പിലൂടെ മാധ്യമങ്ങള്‍ ശ്രമിച്ചതെന്ന് വ്യക്തമാണ്. രാജ്യത്ത് നേരത്തെയുണ്ടായിരുന്നതില്‍നിന്നും വ്യത്യസ്തമായി ഒന്നും ഈ സമരം കാരണം സംഭവിക്കാന്‍ പോകുന്നില്ല.

രാഷ്ട്രീയത്തെ ഒഴിച്ചുനിര്‍ത്തി ഇന്നത്തെ ആധുനിക സമൂഹത്തില്‍ ഒരു തരത്തിലുമുള്ള സാമൂഹ്യമുന്നേറ്റവും സാധ്യമല്ല. ഇതൊരു ബഹുതലസ്പര്‍ശിയാണ്. അതുകൊണ്ടുതന്നെയാണ് എല്ലാ രാഷ്ട്രീയക്കാരും ഈ വിഷയത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നതും. പൊതുവികാരം വേണ്ട വിധത്തില്‍ പ്രകടിപ്പിക്കപ്പെടാതെയും അടയാളപ്പെടുത്തപ്പെടാതെയും പോകുന്ന ഒരു അവസരത്തിലാണ് ഹസാരെയെപ്പോലുള്ളവര്‍ മുന്നോട്ടുവരുന്നത്.

അഴിമതി ഇല്ലാതാക്കുക അതായത് ലോക്പാല്‍ ഉണ്ടാക്കുക എന്ന ആവശ്യം മാത്രമാണ് ഹസാരെ ഇവിടെ ഉന്നയിക്കുന്നത്. ഇന്ത്യയില്‍ അഴിമതി നടത്തുന്നത് ഏതെങ്കിലും ഒരു വ്യക്തി മാത്രമല്ല, രാജ്യത്താകമാനം നടക്കുന്നുണ്ട്. അഴിമതി രൂപപ്പെടാനുള്ള കാരണം കണ്ടെത്തി അതിനെതിരെ പ്രതികരിക്കുകയാണ് വേണ്ടത്. എന്നുവെച്ച് ലോക്പാല്‍ വേണ്ടെന്നല്ല, മറിച്ച് കാരണത്തിനെതിരെ പ്രതികരിക്കുകയാണ് വേണ്ടത്.

എന്തുകൊണ്ടാണ് ഇതിന് ഇത്രയധികം പ്രചാരം ലഭിക്കുന്നത് എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. അഴിമതി എന്നേന്നുക്കുമായി പരിഹരിക്കാന്‍ ലോക്പാലിന് സാധിക്കും എന്ന ധാരണ ശരിയല്ല. ഇതിനെതിരെ കൂടുതല്‍ ജനകീയ സമരങ്ങള്‍ വേണം. അതിന് കോര്‍പ്പറോക്രസി ഇല്ലാതാകണം. ഹസാരെയില്‍ ഒരു രക്ഷകനുണ്ടെന്ന് കരുതുന്നത് അരാഷ്ട്രീയത തന്നെയാണ്. ഒരു സമരം അരാഷ്ട്രീയമാണെന്നതുകൊണ്ട് അതിന്റെ മുദ്രാവാക്യത്തിന് പ്രസക്തിയില്ലാതാവുന്നില്ല. പക്ഷേ ഇതിനു പിന്നില്‍ ഒരു അപകടമുണ്ടെന്ന് ഇക്കൂട്ടര്‍ തിരിച്ചറിയേണ്ടതുണ്ട്.

Advertisement