അങ്കമാലിയിലെ കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി; ഇന്ന് അടിയന്തര ശസ്ത്രക്രിയ
Kerala News
അങ്കമാലിയിലെ കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി; ഇന്ന് അടിയന്തര ശസ്ത്രക്രിയ
ന്യൂസ് ഡെസ്‌ക്
Monday, 22nd June 2020, 9:42 am

കൊച്ചി: അങ്കമാലിയില്‍ അച്ഛന്‍ വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയെന്ന് ആശുപത്രി അധികൃതര്‍. അതേസമയം അപകട നില തരണം ചെയ്തിട്ടില്ലെന്നും തലച്ചോറിലെ ക്ഷതം ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് കുഞ്ഞ് ഇപ്പോഴുള്ളത്. തലച്ചോറിലെ രക്ത സ്രാവം തടയുന്നതിനായി കുട്ടിയെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും.

ജനിച്ചത് പെണ്‍കുഞ്ഞാണെന്നതിനാലാണ് അച്ഛന്‍ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അങ്കമാലിയില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി ഷൈജു തോമസാണ് 54 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചത്. ഇയാളെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു.

ജൂണ്‍ 18ന് പുലര്‍ച്ചെയാണ് ഷൈജു കുഞ്ഞിനെ ഉപദ്രവിച്ചത്. ഭാര്യയുടെ കയ്യില്‍നിന്നും കുഞ്ഞിനെ ബലമായി പിടിച്ചുവാങ്ങി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. രണ്ട് പ്രാവശ്യം തലക്കടിക്കുകയും വലിച്ചെറിയുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു.

കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റതാണെന്ന് കാണിച്ചാണ് അങ്കമാലി സ്വദേശികളായ ദമ്പതികള്‍ കുഞ്ഞുമായി സ്വകാര്യ ആശുപത്രിയിലെത്തിയത്. പിന്നീടാണ് കോലഞ്ചേരിയിലെ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലേക്ക് മാറ്റിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ