അനില്‍ അംബാനിയ്ക്ക് അനുകൂലമായി കോടതി ഉത്തരവ് തിരുത്തിയ ജീവനക്കാര്‍ക്കെതിരായ നടപടി ഇളവ് ചെയ്ത് ബോബ്‌ഡെ; നടപടി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിക്കുന്നതിന് തൊട്ടുമുന്‍പ്
national news
അനില്‍ അംബാനിയ്ക്ക് അനുകൂലമായി കോടതി ഉത്തരവ് തിരുത്തിയ ജീവനക്കാര്‍ക്കെതിരായ നടപടി ഇളവ് ചെയ്ത് ബോബ്‌ഡെ; നടപടി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിക്കുന്നതിന് തൊട്ടുമുന്‍പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th May 2021, 1:07 pm

ന്യൂദല്‍ഹി: റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ അനില്‍ അംബാനിക്ക് അനുകൂലമായി കോടതി ഉത്തരവു തിരുത്തിയതിന് പുറത്താക്കപ്പെട്ട സുപ്രീം കോടതി ജീവനക്കാര്‍ക്ക് എതിരായ നടപടി വിരമിക്കുന്നതിന് തൊട്ടുമുന്‍പ് എസ്.എ ബോബ്‌ഡെ ഇളവ് ചെയ്തതായി റിപ്പോര്‍ട്ട്. കോടതി വൃത്തങ്ങളെ ഉദ്ധരിച്ച് ദി ടെലഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിക്കുന്നതിന് മൂന്ന് ദിവസം മുമ്പാണ് എസ്.എ ബോബ്‌ഡെ ജീവനക്കാര്‍ക്കെതിരായ വകുപ്പ് തല നടപടിയില്‍ ഇളവ് വരുത്തിയത്. സുപ്രീം കോടതിയിലെ കോര്‍ട്ട് മാസ്റ്റര്‍മാരായിരുന്ന മാനവ് ശര്‍മ്മ, തപന്‍ കുമാര്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് എതിരായ നടപടിയാണ് ഇളവ് ചെയ്ത്.

2019 ഫെബ്രുവരി പതിമൂന്നിനാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജന്‍ ഗൊഗോയ് കോര്‍ട്ട് മാസ്റ്റര്‍മാരായിരുന്ന മാനവ് ശര്‍മ്മ, തപന്‍ കുമാര്‍ ചക്രവര്‍ത്തി എന്നിവരെ സര്‍വീസില്‍ നിന്ന് പുറത്താക്കിയത്. കോടതിയലക്ഷ്യ കേസില്‍ നേരിട്ട് ഹാജരാകാന്‍ അനില്‍ അംബാനിയോട് നിര്‍ദേശിക്കുന്ന ഉത്തരവ് തിരുത്തിയതിനായിരുന്നു നടപടി.

തുടര്‍ന്ന് ഇരുവരെയും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയക്കുകയും ചെയ്തു.

വഹിച്ചിരുന്ന തസ്തികയില്‍ നിന്ന് തരംതാഴ്ത്തിക്കൊണ്ട് മാനവ് ശര്‍മ്മയെ വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്ന ഉത്തരവിലാണ് ബോബ്‌ഡെ ഒപ്പു വെച്ചത്. തപന്‍ കുമാര്‍ ചക്രവര്‍ത്തിയുടെ പുറത്താക്കല്‍ ഉത്തരവ് നിര്‍ബന്ധിത വിരമിക്കല്‍ ആയി മാറ്റി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Anil Ambani contempt case: Sacked SC officials pardoned by Justice Bobde