എഡിറ്റര്‍
എഡിറ്റര്‍
അടാട്ട് ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്ത് അനില്‍ അക്കര എം.എല്‍.എ
എഡിറ്റര്‍
Thursday 27th April 2017 6:50pm

തിരുവനന്തപുരം: അടാട്ട് സര്‍വ്വീസ് സഹകരണ ബാങ്ക് സാമ്പത്തിക ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് അനില്‍ അക്കര എം.എല്‍.എ. സഹകരണ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരയ്ക്കും ബാങ്ക് മുന്‍ പ്രസിഡന്റ് എംബി രാജേന്ദ്രനുമെതിരെ വിജിലന്‍സ് അന്വേഷണം.

അടാട്ട് ഫാര്‍മേഴ്‌സ് ബാങ്കില്‍ നിന്നും ജില്ലയിലെ മറ്റ് യു.ഡി.എഫ് അനുകൂല സഹകരണ ബാങ്കില്‍ നിന്നും എ.സി. മൊയ്തീന്‍ സഹകരണ വകുപ്പുമന്ത്രിയായിരുന്ന കാലയളവില്‍ ഏകദേശം 100 കോടിയിലധികം രൂപ നിയമവിരുദ്ധമായി കണ്‍സ്യൂമര്‍ ഫെഡിന് ലഭ്യമാക്കി നല്‍കിയ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് താന്‍ ഇന്നലെ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നുവെന്ന് എം.എല്‍.എ പത്രക്കുറിപ്പില്‍ പറഞ്ഞു. ഈ പരാതി അന്വേഷിക്കാന്‍ തയ്യാറുണ്ടോയെന്ന് മുഖ്യമന്ത്രിയോട് ചോദിക്കുകയും ചെയ്തു അനില്‍ അക്കര.


Also Read: ‘അനുമതിയില്ലാത്ത പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ നാവിക അക്കാദമിയ്ക്ക് അധികാരമില്ല’; രാമന്തളിക്കാര്‍ക്ക് ആശ്വാസമായി ഗ്രീന്‍ ട്രൈബ്യൂണലിന്റെ ഉത്തരവ്; അക്കാദമി കാരണം കാണിക്കണം


ഈ പരാതി നല്‍കിയതും വടക്കാഞ്ചേരി പീഡനകേസ്സ്, കണ്‍സ്യൂമര്‍ഫെഡ്-ബെവ്‌ക്കോ എന്നിവ പുതുതായി വാടകയ്‌ക്കെടുക്കുന്ന കെട്ടിടങ്ങളുമായി ബന്ധപ്പെട്ടു കൊണ്ടുള്ള അഴിമതിയും പുറത്ത് കൊണ്ടു വന്നതിലുള്ള വൈരാഗ്യമാണ് പിണറായി ഈ അന്വേഷണത്തിലൂടെ തീര്‍ക്കുന്നത്. അടാട്ട് ബാങ്കില്‍ സാമ്പത്തിക ക്രമക്കേട് നടത്തണമെങ്കില്‍ ബാങ്കിലെ മാനേജര്‍ അറിയാതെ നടത്താന്‍ കഴിയില്ല. അല്ലെങ്കില്‍ മോഷ്ടിക്കണം.

ഈ ബാങ്കിലെ ഇടപാടുകള്‍ മുഴുവന്‍ നടത്തിയിട്ടുള്ളത് മുന്‍ എം.എല്‍.എ ബാബു എം. പാലിശ്ശേരിയുടെ ഭാര്യയായ ഇന്ദിരാ പ്രിയദര്‍ശിനിയാണ്. ഇവര്‍ക്കെതിരെയും അന്വേഷണത്തിന് ഉത്തരവിടാന്‍ പിണറായി തയ്യാറുണ്ടോയെന്നും എം.എല്‍.എ ചോദിച്ചു.

അടാട്ട് ഫാര്‍മേഴ്‌സ് ബാങ്കിലേതടക്കമുള്ള ജില്ലയിലെ സഹകരണ ബാങ്കുകളില്‍ നിന്നും കണ്‍സ്യൂമര്‍ഫെഡ് നടത്തിയിട്ടുള്ള നിയമവിരുദ്ധ തട്ടിപ്പും താന്‍ ഉന്നയിച്ച മറ്റ് ആരോപണങ്ങളും നിയമപരമായി അന്വേഷിക്കണം. വിജിലന്‍സ് അന്വേഷണം എന്ന പിണറായിയുടെ ഉമ്മാക്കിക്കു മുന്നില്‍ അടിയറ വെയ്ക്കാനുള്ളതല്ല തന്റെ രാഷ്ട്രീയം. പിണറായി നടത്തുന്നതുപോലുള്ള അവിശുദ്ധ കൂട്ടുകെട്ടും തനിക്കില്ല.


Don’t Miss: പ്രഭാസിന്റെ പുതിയ സൂപ്പര്‍ ഹീറോ ചിത്രം ‘സഹോ’യുടെ കിടിലന്‍ ടീസര്‍ പുറത്തിറങ്ങി


വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായി റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തു നില്‍ക്കാന്‍ താന്‍ തയ്യാറാണ്. സുഹൃത്ത് ജയരാജനെ പോലെ കോടതിയില്‍ പോയി തടയിടാനും താന്‍ തയ്യാറല്ലെന്നും അനില്‍ അക്കര പറഞ്ഞു.

അടാട്ട് ഫാര്‍മേഴ്‌സ് ബാങ്കിലെ സി.പി.ഐ.എം ഭരണകാലഘട്ടമായ 1993 മുതല്‍ 2011 വരെയുള്ള കാലയളവില്‍ സി.പി.ഐ.എം ജില്ലാ നേതൃത്വവും പിണറായി വിജയനും കൈപ്പറ്റിയിട്ടുള്ള അവിഹിത ഇടപാടുകളുടെ രേഖകള്‍ ഈ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായതിനു ശേഷം പുറത്തുവരും. അതുവരെ പിണറായി വിജയന്‍ ലാവ്‌ലിന്‍ കേസില്‍ പ്രതിയായി ജയിലില്‍ പോകാതെ തല്‍സ്ഥാനത്ത് തുടരട്ടെ എന്ന് ദൈവവിശ്വാസിയായ താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും അനില്‍ അക്കര എം.എല്‍.എ പറഞ്ഞു.

Advertisement