എഡിറ്റര്‍
എഡിറ്റര്‍
നട്ടെല്ലുണ്ടെങ്കില്‍ മുഖ്യമന്ത്രി ചുംബനസമരം നടത്തിയവര്‍ക്കെതിരെ കേസെടുക്കണം: അനില്‍ അക്കര എം.എല്‍.എ
എഡിറ്റര്‍
Friday 10th March 2017 11:05am

 

കൊച്ചി: ശിവസേനയുടെ സദാചാര ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച് കൊച്ചി മറൈന്‍ ഡ്രൈവില്‍ ചുംബന സമരം നടത്തിയവര്‍ക്കെതിരെ കേസെടുക്കണമെന്ന് അനില്‍ അക്കര എം.എല്‍.എ. പിണറായി വിജയന്‍ നട്ടെല്ലുള്ള മുഖ്യമന്ത്രിയാണെങ്കില്‍ ഇവര്‍ക്കെതിരെകേസെടുക്കണമെന്നാണ് അനില്‍ അക്കര ഫേസ്ബുക്കിലൂടെ ആവശ്യപ്പെടുന്നത്.

‘നട്ടെല്ലുള്ള മുഖ്യമന്ത്രിയാണ് ‘പിണറായിയെങ്കില്‍’ നടുറോഡില്‍ ആഭാസം കാട്ടിയ ഈ വൃത്തി കെട്ടവന്മാര്‍ക്കെതിരെ കേസെടുക്കണം. ചങ്കുണ്ടെങ്കില്‍ അതൊന്ന് കാണിക്കണം’ എന്നാണ് അനില്‍ അക്കര ഫേസ്ബുക്കില്‍ കുറിച്ചത്.

ഇത് ഏതു സ്വാതന്ത്ര്യമായാലും അനുവദിക്കാല്‍ പാടില്ല എന്നു പറഞ്ഞുകൊണ്ടാണ് അനില്‍ അക്കര ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇവര്‍ക്കെതിരെ കേസെടുത്തില്ലെങ്കില്‍ ‘ഇവര്‍ പിണറായിയുടെ വാടകക്കാരെന്നു വിളിക്കേണ്ടിവരും.’


Must Read: നമുക്കുവേണ്ടത് ഇടയ്ക്കിടെ നടത്തേണ്ട ആണ്‍പെണ്‍ കൂട്ടായ്മകളാണ്; ഡി.വൈ.എഫ്.ഐയിലാണ് എന്റെ പ്രതീക്ഷ: ജോയ് മാത്യു 


ബുധനാഴ്ച വൈകുന്നേരം കൊച്ചി മറൈന്‍ ഡ്രൈവില്‍ പൊലീസ് നോക്കി നില്‍ക്കെ ശിവസേനക്കാര്‍ യുവതീ യുവാക്കളെ ചൂരലുമായി ചെന്ന് ആക്രമിക്കുകയായിരുന്നു. ശിവസേനയുടെ സദാചാര ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ചാണ് കിസ് ഓഫ് ലവിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച വൈകുന്നേരം മറൈന്‍ ഡ്രൈവില്‍ ചുംബന സമരം സംഘടിപ്പിച്ചത്.

ഈ സമരത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ നല്‍കിയാണ് അനില്‍ അക്കര ഇവര്‍ക്കെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചിരിക്കുന്നത്.

അതേസമയം അനില്‍ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ‘ആളുകള്‍ പരസ്യമായി കെട്ടിപ്പിടിക്കുന്നതും ഉമ്മ വെയ്ക്കുന്നതും അറസ്റ്റു ചെയ്യപ്പെടേണ്ട കുറ്റകൃത്യമാണ് എന്നത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായം ആണ്.’ എന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവായ അനൂപ് വി.ആര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

‘ഇതല്ലേ പുരോഗമന വലതന്മാരുടെ മാതൃകാ ഹരിതപുരുഷന്‍ അനില്‍ അക്കരെ? പുരോഗമന വോട്ടുകള്‍ മാത്രം നേടിയാണേ്രത അദ്ദേഹം ജയിച്ചത്…’ സുധീഷ് സുധാകരന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

അനില്‍ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ഇതു ഏത് സ്വാതന്ത്ര്യമായാലും അനുവദിക്കാന്‍പാടില്ല. നട്ടെല്ലുള്ള മുഖ്യമന്ത്രിയാണ് ‘പിണറായിയെങ്കില്‍’ നടുറോഡില്‍ ആഭാസം കാട്ടിയ ഈ വൃത്തി കെട്ടവന്മാര്‍ക്കെതിരെ കേസെടുക്കണം ചങ്കുണ്ടെങ്കില്‍ അതൊന്ന് കാണിക്കണം ‘പിണറായി’…അല്ലെങ്കില്‍ ഇവര്‍ പിണറായി യുടെ ‘വാടകക്കാരെന്നു വിളിക്കേണ്ടിവരും ‘.

 

Advertisement