നിര്‍ത്തൂ..അവന്റെ കാഴ്ച നഷ്ടപ്പെട്ടുപോകും; തൈമൂറിന് നേരെ നിര്‍ത്താതെ ഫ്‌ളാഷ് അടിച്ച ഫോട്ടോഗ്രാഫറോട് ദേഷ്യപ്പെട്ട് സെയ്ഫ് അലി ഖാന്‍
Bollywood
നിര്‍ത്തൂ..അവന്റെ കാഴ്ച നഷ്ടപ്പെട്ടുപോകും; തൈമൂറിന് നേരെ നിര്‍ത്താതെ ഫ്‌ളാഷ് അടിച്ച ഫോട്ടോഗ്രാഫറോട് ദേഷ്യപ്പെട്ട് സെയ്ഫ് അലി ഖാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 13th April 2019, 11:19 am

ന്യൂദല്‍ഹി: വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് കടക്കവേ മകന്‍ തൈമൂറിന് നേരെ തുടരെ ക്യാമറാ ഫ്‌ളാഷ് അടിച്ച ഫോട്ടോഗ്രാഫറോട് ദേഷ്യപ്പെട്ട് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. നിങ്ങള്‍ എന്താണ് ഈ കാണിക്കുന്നതെന്നും അവന്റെ കണ്ണുപൊട്ടിപ്പോകും എന്നും പറഞ്ഞുകൊണ്ടായിരുന്നു സെയ്ഫ് പ്രതികരിച്ചത്.

രണ്ട് വയസുകാരനായ തയ്മൂര്‍ അലി ഖാന്‍ പാപ്പരാസികള്‍ക്ക് എന്നും പ്രിയപ്പെട്ടവനാണ്. തയ്മൂറിനെ കണ്ടാല്‍ കൂട്ടത്തോടെ എത്തി ഫോട്ടോപകര്‍ത്താനും ഇവര്‍ മടിക്കാറില്ല.

സെയ്ഫിന്റെ തോളില്‍ ഇരുന്നായിരുന്നു തയ്മൂര്‍ വിമാനത്താവളത്തിന് പുറത്തേക്ക് വന്നത്. ഒപ്പം കരീനയുമുണ്ടായിരുന്നു. നീല ഷര്‍ട്ടും ചുവപ്പു തൊപ്പിയും വെച്ച് എല്ലാവര്‍ക്കും നേരെ കൈവീശി ‘രാജകീയമായി’ വരുന്ന ആ വരവ് പകര്‍ത്താനായിരുന്നു പാപ്പരാസികള്‍ തിരക്ക് കൂട്ടിയത്.

എന്നാല്‍ ഒന്നോ രണ്ടോ തവണ ഫോട്ടോ എടുത്തിട്ടും നിര്‍ത്താതെ സെയ്ഫിന് മുന്നിലായി ഓടിക്കൊണ്ടായിരുന്നു ഫോട്ടോഗ്രാഫര്‍ ഫോട്ടോ പകര്‍ത്താനായി ഫ്‌ളാഷ് അടിച്ചത്. ഇതോടെ സെയ്ഫ് അലി ഖാന്‍ ഇടപെടുകയായിരുന്നു. ” നിങ്ങള്‍ക്ക് ഫോട്ടോ എടുക്കാം. നിങ്ങള്‍ എടുക്കുകയും ചെയ്യും. പോസ് ചെയ്തു തരേണ്ടത് ഞങ്ങളുടെ വിധിയാണ്’ എന്നും സെയ്ഫ് പറഞ്ഞു.

സെയ്ഫിന്റെ കുടുംബ വീടായ പട്ടൗഡിയിലേക്കുള്ള യാത്രയിലായിരുന്നു ഇവര്‍. മുംബൈ എയര്‍പോര്‍ട്ടില്‍ നില്‍ക്കുന്ന ഫോട്ടോയും ദല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തിയ ഫോട്ടോയും താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.