മെസിയുമല്ല റോണോയുമല്ല, 'ഞാന്‍ കണ്ട ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ ആ സിറ്റി താരം'; ഇനിയേസ്റ്റ
Sports News
മെസിയുമല്ല റോണോയുമല്ല, 'ഞാന്‍ കണ്ട ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ ആ സിറ്റി താരം'; ഇനിയേസ്റ്റ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 29th November 2023, 12:35 pm

മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം ഡേവിഡ് സില്‍വയാണ് താന്‍ കണ്ട ഏറ്റവും മികച്ച ഫുട്‌ബോളറെന്ന് ബാഴ്‌സലോണയുടെ സ്പാനിഷ് ഇതിഹാസ താരം ആന്ദ്രേ ഇനിയേസ്റ്റ. അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് ബാഴ്‌സയിലെ തന്റെ സഹതാരം കൂടിയായ മെസിയെ തഴഞ്ഞുകൊണ്ട് സില്‍വയെ തെരഞ്ഞെടുത്തത്.

ബാഴ്‌സയുടെ എക്കാലത്തെയും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ ഇനിയേസ്റ്റ 489 മത്സരങ്ങളില്‍ മെസിക്കൊപ്പം ബൂട്ടുകെട്ടിയിട്ടുണ്ട്. ബാഴ്‌സയില്‍ കളിച്ച 75 ശതമാനത്തോളം മത്സരത്തിലും മെസി ഇനിയേസ്റ്റക്കൊപ്പം പന്ത് തട്ടിയിരുന്നു. 53 തവണയാണ് മെസി – ഇനിയേസ്റ്റ കൂട്ടുകെട്ടില്‍ ബ്ലൂഗ്രാന സ്‌കോര്‍ ചെയ്തത്.

 

 

ന്യൂഡ് പ്രൊജക്ടിന് നല്‍കിയ അഭിമുഖത്തിലാണ് നാല് തവണ യുവേഫ ചാമ്പ്യന്‍സ് ട്രോഫിയും ഒമ്പത് തവണ ലാലിഗ കിരീടവുമുയര്‍ത്തിയ ഇനിയേസ്റ്റ തന്റെ ഗോട്ട് താരത്തെ കുറിച്ച് സംസാരിച്ചത്.

‘എന്നെ സംബന്ധിച്ച്, ഞാന്‍ ഡേവിഡ് സില്‍വയെ എക്കാലത്തും വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. ഡേവിഡ് സില്‍വയാണ് മികച്ച താരം,’ ഇനിയേസ്റ്റ പറഞ്ഞു.

സ്പാനിഷ് ടീമില്‍ ഇനിയേസ്റ്റയും സില്‍വയും 92 അവസരങ്ങളില്‍ ഒരുമിച്ച് പന്ത് തട്ടിയിട്ടുണ്ട്. മൂന്ന് തവണയാണ് ഈ കൂട്ടുകെട്ടില്‍ ഗോള്‍ പിറന്നത്.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ എക്കാലത്തേയും മികച്ച താരങ്ങളില്‍ പ്രധാനിയാണ് ഡേവിഡ് സില്‍വ. 2010 സമ്മറില്‍ 24 മില്യണ്‍ പൗണ്ടിന് സിറ്റിയിലെത്തിയ സില്‍വ നീണ്ട പത്ത വര്‍ഷക്കാലം സിറ്റിസണ്‍സിന്റെ വിശ്വസ്തനായിരുന്നു.

ഇക്കാലയളവില്‍ സിറ്റിക്കായി 436 മത്സരം കളിച്ച സില്‍വ 77 ഗോളും 140 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.

മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം നാല് തവണ പ്രീമിയര്‍ ലീഗ് കപ്പും രണ്ട് തവണ എഫ്.എ കപ്പും സ്വന്തമാക്കിയിരുന്നു. 2023 ജൂലൈയിലാണ് താരം തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

 

Content highlight:  Andres Iniesta picked former Manchester City star David Silva as the world’s best footballer