മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത ഭിന്നശേഷിക്കാരിയായ ജീവനക്കാരിയെ തല്ലിച്ചതച്ച് മേലുദ്യോഗസ്ഥന്‍; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്
Daily News
മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത ഭിന്നശേഷിക്കാരിയായ ജീവനക്കാരിയെ തല്ലിച്ചതച്ച് മേലുദ്യോഗസ്ഥന്‍; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്
ന്യൂസ് ഡെസ്‌ക്
Tuesday, 30th June 2020, 3:06 pm

ന്യൂദല്‍ഹി: ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ടൂറിസം ഡിപാര്‍ട്‌മെന്റിന് കീഴിലുള്ള ഓഫീസില്‍ ഭിന്നശേഷിക്കാരിയായ ജീവനക്കാരിയെ തല്ലിച്ചതച്ച് മേലുദ്യോഗസ്ഥന്‍.

ഓഫീസില്‍ മാസ്‌ക് ധരിക്കാതെ എത്തിയ ഉദ്യോഗസ്ഥനോട് മാസ്‌ക് ധരിക്കണമെന്ന് ജീവനക്കാരി പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

ഓഫീസിനുള്ളില്‍ കസേരയില്‍ ഇരിക്കുകയായിരുന്ന ജീവനക്കാരിയെ മുടിയ്ക്ക് പിടിച്ച് താഴെ വലിച്ചിട്ട ശേഷം മരത്തടിക്ക് സമാനമായ ദണ്ഡ് ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു ഭാസ്‌ക്കര്‍ എന്ന ഉദ്യോഗസ്ഥന്‍.

ഇയാളെ പിടിച്ചുമാറ്റാന്‍ മറ്റൊരു ജീവനക്കാരന്‍ എത്തിയെങ്കിലും ഇയാള്‍ പിന്‍മാറിയില്ല. നിലത്തുവീണു കിടക്കുന്ന യുവതിയെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു ഇയാള്‍.

പിന്നീട് മറ്റൊരു ജീവനക്കാരന്‍ കൂടി എത്തി ഇയാളുടെ കയ്യില്‍ നിന്നും വടി പിടിച്ചുവാങ്ങുകയും ഇയാളെയും കൂട്ടി ഓഫീസിന് പുറത്തേക്ക് ഇറങ്ങുകയുമായിരുന്നു. ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിരുന്നു.

ആന്ധ്രാപ്രദേശിലെ ടൂറിസം ഡിപാര്‍ട്‌മെന്റിന് കീഴിലുള്ള ഹോട്ടലിലെ മാനേജരാണ് ഭാസ്‌ക്കര്‍. ഓഫീസില്‍ മാസ്‌ക് ധരിക്കാതെ എത്തുന്ന ഇയാളോട് യുവതി മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായത്. വീഡിയോയിലും ഇയാള്‍ മാസ്‌ക് വെച്ചതായി കാണുന്നില്ല.

കൊവിഡ് പശ്ചാത്തലത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് ആന്ധ്ര. ഓഫീസുകളിലും മറ്റും എത്തുന്ന ജീവനക്കാര്‍ മുഴുവന്‍ സമയവും മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുമുണ്ട്.

വിഷയത്തില്‍ ജീവനക്കാരിയുടെ പരാതി നല്‍കിയതിന് പിന്നാലെ ആന്ധ്ര ടൂറിസം മന്ത്രി അവന്തി ശ്രീനിവാസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇയാളെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഇയാളെ ഇന്ന് രാവിലെ അറസ്റ്റുചെയ്ത ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ സെക്ഷന്‍ 354, 355, 324 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ