ആന്ധ്രയിലെ ആദിവാസികള്‍ വിളയിച്ച കാപ്പിക്ക് പാരിസില്‍ ഗോള്‍ഡ്‌മെഡല്‍
national news
ആന്ധ്രയിലെ ആദിവാസികള്‍ വിളയിച്ച കാപ്പിക്ക് പാരിസില്‍ ഗോള്‍ഡ്‌മെഡല്‍
ന്യൂസ് ഡെസ്‌ക്
Wednesday, 10th October 2018, 6:11 pm

അമരാവതി: പാരിസില്‍ നടന്ന പ്രിക്‌സ് എപിക്‌ചേര്‍സ് എന്ന പരിപാടിയില്‍ ആന്ധ്രയിലെ അറക്ക്‌വാലി കാപ്പി ലോകത്തിലെ മികച്ച കാപ്പിക്കുരുവായി തെരഞ്ഞെടുത്തു. ആന്ധ്രയിലെ ആദിവാസി കര്‍ഷകര്‍ വിളയിച്ച് വില്‍ക്കുന്ന കാപ്പിയാണ് അറക്ക്‌വാലി കാപ്പി.

കഴിഞ്ഞ ഒരു വര്‍ഷം കൊളമ്പോയിലെയും സുമാത്രയിലെയും പ്രശസ്തമായ കാപ്പികുരുക്കളോട് മത്സരിച്ചാണ് അറക്ക്‌വാലി കാപ്പിക്ക് ഈ അംഗീകാരം ലഭിച്ചത്. പാരിസില്‍ അറക്ക് വാലി കാപ്പിക്ക് മാത്രമായി ഒരു കഫേയും, ഗ്രോസറി സ്‌റ്റോറുകളില്‍ പ്രത്യേക സ്റ്റാളുകളും ലഭിച്ചു.

Also read:  ശബരിമല വിധിക്ക് പിന്നില്‍ ആര്‍.എസ്.എസ്; കേസ് നടത്തിയത് അമിത് ഷായോട് അടുപ്പമുള്ള വനിതാ നേതാക്കള്‍: കടകംപള്ളി സുരേന്ദ്രന്‍

ആന്ധ്രയിലെ ആദിവാസി യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ആന്ധ്ര സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതിയായിരുന്നു അറക്ക് വാലി കാപ്പി. നാന്ദി ഫൗണ്ടേഷന്‍ ആണ് അറക്ക്‌വാലി ബ്രന്‍ഡിനെ ലോകോത്തര ശ്രദ്ധ നേടികൊടുക്കാനുള്ള സംരഭം ഏറ്റെടുത്തത്. നാന്ദി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൂടിയായ ആനന്ദ് മഹീന്ദ്രയാണ് വാര്‍ത്ത ട്വിറ്റിലൂടെ അറിയിച്ചത്.

“ഭക്ഷണവിദഗ്ധരുടെ നാട്ടില്‍ ഇന്ത്യയിലെ ഉള്‍നാടന്‍ ഗ്രാമത്തിലെ ആദിവാസി കര്‍ഷകര്‍ വിളയിച്ച കാപ്പിക്ക് അംഗീകാരം ലഭിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഭക്ഷ്യവിപണി പ്രൈമറി മാര്‍ക്കറ്റിലേക്ക് പ്രവേശിക്കാന്‍ സമയമായി ” ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയിലെ കിഴക്കന്‍ മലനിരകളുടെ ഭാഗമാണ് അറക്ക്‌വാലി. ഈ താഴ്‌വരയില്‍ കാപ്പി കൂടാതെ ചക്ക, മാങ്ങ, കുരുമുളക് തുടങ്ങിയ വിളകളും സുലഭമാണ്.