സൗബിന്‍ക്ക എന്നെ ശ്രദ്ധിക്കണേ, സെലക്ട് ചെയ്യണേ എന്ന് ഒരു സൈഡിലേക്ക് മാറി നിന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു; 'ഒരു ഓഡീഷന്‍ അപാരത' പറഞ്ഞ് അനഘ
Entertainment news
സൗബിന്‍ക്ക എന്നെ ശ്രദ്ധിക്കണേ, സെലക്ട് ചെയ്യണേ എന്ന് ഒരു സൈഡിലേക്ക് മാറി നിന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു; 'ഒരു ഓഡീഷന്‍ അപാരത' പറഞ്ഞ് അനഘ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 9th March 2022, 9:00 am

തിയേറ്ററുകളില്‍ ആഘോഷമായി മാറിയിരിക്കുകയാണ് മമ്മൂട്ടി- അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വ്വം. ഭീഷ്മയില്‍ റേച്ചല്‍ എന്ന കഥാപാത്രമായി വന്ന് സിനിമാസ്വാദകരുടെ ഇഷ്ടം പിടിച്ചുപറ്റിയിരിക്കുകയാണ് നടി അനഘ മരുതോര.

പറുദീസ എന്ന പാട്ടിലൂടെ സിനിമ റിലീസാകുന്നതിന് മുമ്പേ തന്നെ ‘റേച്ചല്‍ എന്ന അനഘ’ സിനിമയുടെ ഭാഗമായി ചര്‍ച്ചയായിരുന്നു.

സൗബിന്‍ ഷാഹിറിന്റെ ആദ്യ സംവിധാന സംരംഭമായ പറവയിലൂടെയാണ് അനഘ മലയാളസിനിമയിലെത്തിയത്. നായക കഥാപാത്രമായ ഷെയ്ന്‍ നിഗം പ്രേമിക്കുന്ന പെണ്‍കുട്ടിയായി ചെറിയ റോളിലായിരുന്നു അനഘ പറവയില്‍ എത്തിയതെങ്കിലും ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

പറവയില്‍ അഭിനയിച്ചതുകൊണ്ട് തന്നെ ഭീഷ്മയില്‍ സൗബിനൊപ്പം അഭിനയിച്ചപ്പോള്‍ കംഫര്‍ട്ട് തോന്നിയിരുന്നെന്നും പറവയിലൂടെയാണ് അമല്‍ നീരദ് തന്നെ ശ്രദ്ധിച്ചതെന്നും ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അനഘ പറഞ്ഞു.

”സൗബിന്‍ ഇക്കയുടെ അടുത്ത് ഒരു കംഫര്‍ട്ട് ഉണ്ടായിരുന്നു. കാരണം, പുള്ളിയുടെ സിനിമയില്‍ അഭിനയിച്ചതാണ്. ഫുള്‍ ടൈം കളിയാക്കലുമൊക്കെയായി, ഫണ്‍ ആയിരുന്നു.

പുള്ളിയുടെ ആദ്യ സിനിമയില്‍ തന്നെ വന്നതിന്റെ ആ ഒരു ഇഷ്ടം ഉണ്ടായിരുന്നു. പിന്നെ, പറവയില്‍ എന്നെ അമല്‍ സാര്‍ കണ്ടിട്ടുണ്ട്. അങ്ങനെയാണ് എന്നെ കൂടുതല്‍ അറിയുന്നത്,” അനഘ പറഞ്ഞു.

പറവയുടെ ഓഡീഷന് വേണ്ടി പോയതും സൗബിനെ ആദ്യമായി നേരില്‍ കണ്ടപ്പോഴുള്ള അനുഭവവും പങ്കുവെക്കുകയാണ് അനഘ.

ഓഡീഷന് വേണ്ടി ചെന്നപ്പോള്‍ ദൂരെ സൗബിന്‍ നില്‍ക്കുന്നതായി കണ്ടു എന്നും, തന്നെ ശ്രദ്ധിക്കണേ, സെലക്ട് ചെയ്യണേ എന്ന് ദൂരെ മാറിനിന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു എന്നുമാണ് അനഘ പറയുന്നത്.

”ഞാന്‍ പറവയുടെ ഓഡീഷനി വേണ്ടി നില്‍ക്കുമ്പൊ സൗബിന്‍ക്ക കുറച്ച് ദൂരെ ഒരു കോര്‍ണറില്‍ നിന്ന് എല്ലാവരെയും വാച്ച് ചെയ്യുകയായിരുന്നു. സൗബിന്‍ക്ക എന്നെ കണ്ടിട്ടുണ്ടോ ഇല്ലേ എന്ന് എനിക്കറിയില്ല.

ഞാനിങ്ങനെ ഒരു സൈഡില്‍ മാറി നിന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു. എന്നെ സെലക്ട് ചെയ്യണേ, എന്നെ എങ്ങനെയെങ്കിലും കാണണേ, എന്നെ കണ്ടിട്ട് എന്തെങ്കിലും നോട്ടീസ് ചെയ്യണേ, എന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു.

പുള്ളി അപ്പോള്‍ ദൂരെ നില്‍ക്കുകയായിരുന്നു. എന്നെ ശ്രദ്ധിച്ചിരുന്നോ എന്ന് അറിയില്ല. അവസാനം എനിക്ക് പറവയില്‍ റോള്‍ കിട്ടി. ഓഡീഷന് വേണ്ടി സൗബിന്‍ക്കയെ ആദ്യമായി ഞാന്‍ നേരിട്ട് കണ്ടപ്പോഴുള്ള എന്റെ സ്‌ട്രോങ് മെമ്മറി എന്ന് പറയുന്നത് അതാണ്,” അനഘ കൂട്ടിച്ചേര്‍ത്തു.


Content Highlight: Anagha Maruthora shares experience of Parava audition with Soubin Shahir