ചരിത്രബോധമുള്ളവര്‍ക്ക് രക്തസാക്ഷികുടീരങ്ങള്‍ കുരിശും കുരിശുപള്ളിയും പോലെ വിശുദ്ധമാണ്: പാംപ്ലാനിക്ക് ഒരു തുറന്ന കത്ത്
DISCOURSE
ചരിത്രബോധമുള്ളവര്‍ക്ക് രക്തസാക്ഷികുടീരങ്ങള്‍ കുരിശും കുരിശുപള്ളിയും പോലെ വിശുദ്ധമാണ്: പാംപ്ലാനിക്ക് ഒരു തുറന്ന കത്ത്
സജി മാര്‍ക്കോസ്‌
Sunday, 21st May 2023, 5:28 pm
വരുന്ന തലമുറയ്ക്ക് മനുഷ്യനെപ്പോലെ ജീവിക്കാന്‍ വേണ്ടി പീഡനം സഹിച്ച് ജീവിതം കളഞ്ഞവരാണ്‌ അവര്‍. അനീതിയോടും അസമത്വങ്ങളോടും പൊരുതി ജീവത്യാഗം ചെയ്ത പുണ്യാത്മാക്കള്‍. ഈ നാടെങ്ങും അവരുടെ സ്മാരകങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. ചരിത്രബോധമുള്ള മലയാളിയ്ക്ക് അവയെല്ലാം നിങ്ങളുടെ കുരിശും കുരിശുപള്ളിയും പോലെവിശുദ്ധമായ ഇടങ്ങളാണ്.

പ്രിയ പിതാവേ, ആദ്യമേ ഒരു തിരുത്ത് പറയട്ടെ. യേശുവിന്റെ 12 ശിഷ്യന്‍മാര്‍ രക്തസാക്ഷികളായി എന്നു പിതാവിനോട് ആരാണ് പറഞ്ഞു തന്നത്? ഏത് അരമനയില്‍ നിന്നും ആണ് പഠിച്ചത്? ക്രിസ്തുവിനു ആകെ യൂദാസിന്റെ പകരക്കാരന്‍ മത്ഥിയാസ് ഉള്‍പ്പെടെ 13 ശിശ്യന്‍മാരാണ്‌ ഉണ്ടായിരുന്നത്. അതില്‍ യൂദാസ് ആത്മഹത്യ ചെയ്തു, യോഹന്നാന്‍ പ്രായമായി മരിച്ചതാണ്, രക്തസാക്ഷി ആയിരുന്നില്ല. ഒരു കാലത്ത് ബൈബിള്‍വായിക്കരുത് എന്ന വിശ്വാസികളെ പഠിപ്പിച്ചിരുന്ന സഭയില്‍ നിന്നും വന്ന പിതാവ് കാലം മാറിയത് അറിഞ്ഞില്ലെന്നുണ്ടോ?ബൈബിളിനെ ഉദ്ധരിച്ച് സംസാരിക്കുമ്പോള്‍ അല്പം കൂടി സൂക്ഷ്മത വേണം എന്ന് ആദ്യമേ ഓര്‍മിപ്പിക്കട്ടെ.

ആഹാരം എല്ലിനിടയില്‍ കുത്തുമ്പോള്‍ വായില്‍ തോന്നിയത് രക്തസാക്ഷികളെക്കുറിച്ച് പറയരുത്. ‘തലയില്‍ തോര്‍ത്തുമുണ്ടും കെട്ടി, ചെവിപിറകില്‍ ഒരു ബീഡിയും തിരുകി പാടവരമ്പത്ത് നിവര്‍ന്നു നിന്ന് കൂലി ചോദിച്ചു വാങ്ങിയ മനുഷ്യര്‍’ ഉണ്ടാക്കിയതാണ് ഈ കാണുന്ന കേരളം.

പലരെയും ചെളിയില്‍ ചവിട്ടി താഴ്ത്തി, ആര്‍ക്കും അവരുടെ പേര് പോലും അറിയില്ല. വരുന്ന തലമുറയ്ക്ക് മനുഷ്യനെപ്പോലെ ജീവിക്കാന്‍ വേണ്ടി പീഡനം സഹിച്ച് ജീവിതം കളഞ്ഞവരാണ് അവര്‍. അനീതിയോടും അസമത്വങ്ങളോടും പൊരുതി ജീവത്യാഗം ചെയ്ത പുണ്യാത്മാക്കള്‍. ഈ നാടെങ്ങും അവരുടെ സ്മാരകങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്.

ചരിത്രബോധമുള്ള മലയാളിയ്ക്ക് അവയെല്ലാം നിങ്ങളുടെ കുരിശും കുരിശുപള്ളിയും പോലെവിശുദ്ധമായ ഇടങ്ങളാണ്.

ഇന്ത്യയുടെ പലഭാഗത്ത് നിന്നും ജോലിക്കാര്‍ കേരളത്തില്‍ വരുന്നത് ഇവിടെ മെച്ചപ്പെട്ട കൂലിയുള്ളതുകൊണ്ടാണ്. ഒരു മുതലാളിയും ജന്മിയും സൗജന്യമായി നല്‍കിയതല്ല പിതാവേ, സമരം ചെയ്തും അടികൊണ്ടും, ജീവന്‍ കളഞ്ഞും നേടിയതാണ്. കോയിത്താറ്റില്‍ ചിരുകണ്ഠന്‍, പൊടോര കുഞ്ഞമ്പുനായര്‍, പള്ളിക്കല്‍ അബൂബക്കര്‍, മഠത്തില്‍ അപ്പു, എന്നീ പേരുകളില്‍ ഏതെങ്കിലും കേട്ടിട്ടുണ്ടോ? ആരും തോട്ടില്‍ വീണതല്ല പിതാവേ- ഒരു തെളിവും ഇല്ലാതിരുന്നിട്ടും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ തൂക്കിക്കൊല്ലപ്പെട്ട ഞങ്ങളുടെ സഖാക്കളായിരുന്നു.

പേരുകള്‍ പറഞ്ഞാല്‍ തീരില്ല പിതാവേ. എന്റെ നാട്ടിലെ ഒരു പേര് കൂടി പറയാം. സഖാവ് കാമരാജ്. തോട്ടം തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നടന്ന സമരത്തില്‍ തോട്ടം ഉടമയുടെ ഗുണ്ടകള്‍ വെടി വച്ച് കൊന്നതാണ്, 1979 ല്‍. ഇത്തരം ഒരാളുടെ എങ്കിലും ജീവചരിത്രം വായിക്കണം, പിന്നെ ഇത്തരം വിവരക്കേട് വായില്‍ വരില്ല.

ഒരു ജോലിയും ചെയ്യാതെ, ഒരു നേരമെങ്കിലും വിയര്‍ക്കാതെ ആഹാരം മലമാക്കുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന നിങ്ങള്‍ക്ക് ഒക്കെ ചവിട്ടിത്തേയ്ക്കാനുള്ളതല്ല ഈ നാട്ടിലെ രക്തസാക്ഷികള്‍. പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂടം പണിത്, മലയാളിയുടെ വിദ്യാഭ്യാസത്തിലും അതുവഴിയുള്ള സാമൂഹിക മുന്നേറ്റത്തിലും സംഭാവന ചെയ്ത ക്രിസ്ത്യന്‍ പാതിരിമാരുടെ നിരയില്‍ നിങ്ങളെപ്പോലുള്ള ചരിത്രബോധമില്ലാത്ത വിഷജീവികളെങ്ങിനെ കയറിപ്പറ്റി?

വേണമെങ്കില്‍ ജീവിക്കാവുന്ന സാഹചര്യമുണ്ടായിട്ടും, വര്‍ഗ്ഗസമരത്തിന്റെ തീച്ചൂളയിലേയ്ക്ക് എടുത്ത് ചാടി ജീവത്യാഗം ചെയ്ത രക്തസാക്ഷികളെക്കുറിച്ച്, ഇനിമേല്‍ മര്യാദകെട്ട ഒരു വാക്കു പോലും മിണ്ടിയെപ്പോകരുത്.

എന്ന്,
ജീവന്‍ കളഞ്ഞും പോരാടി പലരും നേടിത്തന്ന സൗകര്യങ്ങള്‍ സൗജന്യമായി അനുഭവിക്കുന്ന ഒരു മലയാളി.

content highlights; An open letter to Thalassery Archbishop Mar Joseph Pamplani.