അഭിവന്ദ്യനായ ഫ്രാന്‍സിസ് പാപ്പ,
ഈ കാലഘട്ടത്തിലെ ഏറ്റവും ആദരണീയനും ബഹുമാന്യനുമായ വ്യക്തിത്വമായ അങ്ങയുടെ നേതൃത്വത്തില്‍ ലോകശാന്തിക്കു വേണ്ടി നടപ്പിലാക്കുന്ന ഭക്തിപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളെ ഞാന്‍ ആദരിക്കുകയും മാനിക്കുകയും ചെയ്യുന്നു. ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിലെ ദളിത് ക്രിസ്ത്യാനികളുടെ ദയനീയാവസ്ഥയിലേക്ക് അങ്ങയുടെ ശ്രദ്ധ പതിപ്പിക്കുന്നതിലേക്കാണ് ഈ കത്ത്.
റോമന്‍- ലാറ്റിന്‍-സിറിയന്‍ കത്തോലിക്കാ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന ദളിത് ക്രിസ്ത്യാനികളെ കറുത്തവരായും അധമ ജാതി വിഭാഗവുമായി മറ്റു ക്രിസ്ത്യന്‍ വിഭാഗക്കാര്‍ പരിഗണിച്ചു പോരുന്നതുകൊണ്ട് തന്നെ അവര്‍ അധസ്ഥിത വിഭാഗമാണ്. ഈ ആധുനിക യുഗത്തിലും അവരെ രണ്ടാം തരം പൗരന്മാരായും പാര്ശ്വവല്ക്കരിക്കപ്പെട്ടവരുമായാണ് ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ ഉന്നതരെന്ന് വിളിക്കപ്പെടുന്നവര്‍ കണക്കാക്കുന്നത്.
ഏറ്റവും രസകരമായ വസ്തുതയെന്താണെന്ന് വെച്ചാല്‍, ഇവരെല്ലാവരും ഒരേ പോലെ വിശ്വാസം പിന്തുടരുന്ന, ഒരേ ബൈബിളില്‍ വിശ്വസിക്കുന്ന, ഒരേ പോലെ കുര്‍ബാനയിലും, വേദസംഹിതകളിലും, പത്ത് കല്പ്പനകളിലും, പ്രാര്ത്ഥനാക്രമങ്ങളിലും വിശ്വസിക്കുന്നവരും ഇതിനെല്ലാമപ്പുറം ഒരുപോലെ പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലും വിശ്വസിച്ചു പോരുന്നവരുമാണെന്നതാണ്.

ഫ്രാന്‍സിസ് മാര്‍പ്പാപ്പ
അവരെല്ലാവരും ഒരുപോലെ പ്രാര്‍ത്ഥിക്കുന്നവരും ഉല്പ്പത്തിപരമായ വര്‍ഗ്ഗീകരണത്തില്‍ ഒരേ വിഭാഗത്തില്‍ പെടുന്നവരുമാണ്. എന്നിരുന്നാലും പക്ഷേ ഉന്നതരായ ക്രൈസ്തവര്‍ ദളിത് ക്രിസ്ത്യാനികളോട് വിദ്വേഷത്തില്‍ പെരുമാറുന്നു. ഈ പെരുമാറ്റം ദളിത് ക്രിസ്ത്യാനികളോടുള്ള ക്രിസ്ത്യന്‍ ഇതര വിഭാഗങ്ങളുടെ മനോഭാവത്തേയും ഇതുപോലെ നിര്‍ണയിക്കുന്നു.
ഭൂരിഭാഗം ദളിത് ക്രിസ്ത്യാനികളും കൂലിപ്പണി ചെയ്താണ് ജീവിതം പോറ്റുന്നത്. സര്‍ക്കാര്‍ സര്‍വീസിലെ ഉയര്‍ന്ന മേഖലകളില്‍ 1 ശതമാനവും ക്ലാസ് 4 ജോലികളില്‍ 2 ശതമാനവും മാത്രമാണ് അവര്‍ക്കുള്ള സംവരണം. എന്നാല്‍ അതേ സമയം റോമന്‍ – ലാറ്റിന്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് അവരുടെ ന്യൂനപക്ഷ പദവിയിലൂടെ പ്രത്യേക സംവരണം ലഭിക്കുന്നു. ഭൂരിപക്ഷം വരുന്ന ദളിത് ക്രിസ്ത്യാനികളും ഭൂരഹിതരും തൊഴില്‍ രഹിതരുമാണ്.
ബിസിനസ് മേഖലയിലും അവര്‍ക്ക് കാര്യമായ പങ്കാളിത്തമില്ല. ഹോട്ടലുകളോ, പെട്രോള്‍ പമ്പുകളോ, തിയ്യറ്ററുകളോ, ബസുകളോ അവരുടെ ഉടമസ്ഥതയിലില്ല. ഭൂരിഭാഗത്തിനും സ്വന്തമായി 5 സെന്റിലധികം ഭൂമി പോലുമില്ല. അവര്‍ക്കിടയിലെ അഭ്യസ്ഥവിദ്യരായ യുവാക്കളുടെ തൊഴിലില്ലായ്മ ദിനംപ്രതി രൂക്ഷമായി വര്‍ധിക്കുന്നു.