ആര്‍.എസ്.എസ് കാര്യാലയം സന്ദര്‍ശിച്ച് ജര്‍മ്മന്‍ അംബാസിഡര്‍; ജര്‍മ്മനിയോട് രാജി ആവശ്യം മുറുകി
RSS
ആര്‍.എസ്.എസ് കാര്യാലയം സന്ദര്‍ശിച്ച് ജര്‍മ്മന്‍ അംബാസിഡര്‍; ജര്‍മ്മനിയോട് രാജി ആവശ്യം മുറുകി
ന്യൂസ് ഡെസ്‌ക്
Friday, 19th July 2019, 6:31 pm

ആര്‍.എസ്.എസ് കാര്യാലയം സന്ദര്‍ശിച്ച ജര്‍മ്മന്‍ അംബാസിഡര്‍ വാള്‍ട്ടര്‍. ജെ.ലിന്‍ഡ്‌നെറുടെ രാജി ആവശ്യപ്പെട്ട് ജര്‍മ്മനിയിലേക്ക് നിരവധി പരാതികള്‍. കാര്യാലയം സന്ദര്‍ശിച്ചതിന് ശേഷം അംബാസിഡര്‍ ട്വിറ്ററില്‍ ചിത്രം ഷെയര്‍ ചെയ്തതിന് പിന്നാലെയാണ് രാജി ആവശ്യം ഉയര്‍ന്നത്. മനുഷ്യാവാകാശ പ്രവര്‍ത്തകരും സംഘടനകളുമാണ് രാജി ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. ജൂലൈ 17നാണ് ചിത്രം ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്.

ട്വീറ്റില്‍ ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായാണ് അംബാസിഡര്‍ ആര്‍.എസ്.എസിനെ വിശേഷിപ്പിക്കുന്നത്.

പശ്ചിമേഷ്യന്‍ വിഷയങ്ങളില്‍ വിശകലന വിദഗ്ദനായ പീറ്റര്‍ ഫെഡറികിന്റെ നേതൃത്വത്തില്‍ വാള്‍ട്ടര്‍. ജെ.ലിന്‍ഡ്‌നെറുടെ രാജി ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ പെറ്റീഷന്‍ സംവിധാനം ആരംഭിച്ചു. പീറ്റര്‍ നേരത്തെ തന്നെ ഇന്ത്യയിലെ മനുഷ്യാവകാശം, ദേശീയതയുടെ അതിപ്രസരം, മതത്തെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ പരീക്ഷണങ്ങള്‍ എന്നിവയെ കുറിച്ച് സജീവമായി തന്നെ പലപ്പോഴും സംസാരിച്ചിരുന്നു.

അംബാസിഡറുടെ സന്ദര്‍ശനം ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടേയും ഫാസിസ്റ്റ് പ്രസ്ഥാനങ്ങളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ആരംഭിച്ച ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പീറ്റര്‍ ഫെഡറികിന്റെ പരാതിയില്‍ പറയുന്നു. ജര്‍മ്മനി ഒരു തരത്തിലും ഫാസിസത്തോട് സഹിഷ്ണുത കാണിക്കുമെന്ന് കരുതുന്നില്ല, പ്രത്യേകിച്ച് നാസി ജര്‍മ്മനിയ്ക്കും മറ്റ് ഫാസിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും ശേഷം അതില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസിനെ പോലുള്ള ഫാസിസ്റ്റ് പ്രസ്ഥാനങ്ങളെ എന്നും പരാതിയിലുണ്ട്.

ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ജല മെര്‍കലും വിദേശകാര്യ മന്ത്രി ഹെയ്‌ക്കോ മാസും വിഷയത്തില്‍ ഇടപെടണമെന്ന് പറഞ്ഞാണ് പരാതി അവസാനിപ്പിക്കുന്നത്.