കളിക്കിടെ 'പാടത്തെ തന്ത്രം' പുറത്തെടുത്ത് പാക് താരങ്ങള്‍; തൊട്ടടുത്ത പന്തില്‍ തന്നെ തന്ത്രം വിജയം കണ്ടു
Cricket
കളിക്കിടെ 'പാടത്തെ തന്ത്രം' പുറത്തെടുത്ത് പാക് താരങ്ങള്‍; തൊട്ടടുത്ത പന്തില്‍ തന്നെ തന്ത്രം വിജയം കണ്ടു
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 19th January 2018, 7:30 pm

വെല്ലിങ്ടണ്‍: അവസാന ഏകദിനത്തിലും പാകിസ്ഥാന് പരാജയം ഏറ്റുവാങ്ങാനായിരുന്നു വിധി. പരമ്പര തൂത്തു വാരിയാണ് കിവീസ് കളിയവസാനിപ്പിച്ചത്. അവസാന ഏകദിനത്തില്‍ പതിനഞ്ച് റണ്‍സിനായിരുന്നു പാക ടീമിന്റെ പരാജയം.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് 271 റണ്‍സ് നേടിയാണ് ബാറ്റിംഗ് അവസാനിപ്പിച്ചത്. ടീമിലെ ഏറ്റവും അനുഭവ സമ്പന്നനായ റോസ് ടെയിലറാണ് ടീമിനെ മുന്നില്‍ നിന്നു നയിച്ചത്. ടെയിലര്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. മറുപടിയ്ക്കായി ഇറങ്ങിയ പാകിസ്ഥാനു വേണ്ടി മുന്‍ നിര കാര്യമായിട്ടൊന്നും ചെയ്യാതെ മടങ്ങിയപ്പോള്‍ വാലറ്റം പൊരുതി നോക്കി.

ഇതിനിടെ രസകരമായ ഒരു നിമിഷത്തിനും മത്സരം സാക്ഷിയായി. ബാറ്റ്‌സ്മാന്മാരെ സംബന്ധിച്ചിടത്തോളം ഏറ്റവും വിലമതിക്കുന്ന വസ്തുവാണ് ക്രിക്കറ്റ് ബാറ്റ്. തങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് അത് നിര്‍മ്മിച്ച് വാങ്ങുകയാണ് ബാറ്റ്‌സ്മാന്മാരുടെ പതിവ് രീതി. തങ്ങളുടെ സ്വന്തം ബാറ്റുകളുമായാണ് താരങ്ങള്‍ കളിക്കാന്‍ പോകുന്നതും.

സ്വന്തം ബാറ്റുകള്‍ക്കിടയില്‍ ഏറ്റവും പ്രിയപ്പെട്ട ഒരെണ്ണം എല്ലാവര്‍ക്കുമുണ്ടാകും. അത് ചെറുതായി ഡാമേജ് സംഭവിച്ചാലും ഉപേക്ഷിക്കാന്‍ തയ്യാറാകില്ല. ചെലപ്പോ ബാറ്റ് മാറ്റിയാല്‍ പിന്നാലെ ഔട്ടാകുമെന്ന തോന്നലുമുണ്ടാകും. പക്ഷെ ഇവിടെ പാക് താരങ്ങള്‍ കളിക്കിടയില്‍ ബാറ്റുകള്‍ പരസ്പരം കൈമാറിയിരിക്കുകയാണ്.

പാക് ഇന്നിംഗ്‌സിന്റെ 46ാം ഓവറിലായിരുന്നു സംഭവം. 23 കാരനായ മുഹമ്മദ് നവാസും ആമിര്‍ യമീനുമാണ് പരസ്പരം ബാറ്റുകള്‍ കൈമാറിയത്. പത്താം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു നവാസും യമീനും ചേര്‍ന്ന് കളിച്ചിരുന്നത്. ബാറ്റ് കൈമാറിയതും തൊട്ടടുത്ത പന്തില്‍ തന്നെ നവാസ് ബൗണ്ടറി നേടുകയും ചെയ്തു. നവാസിന്റേയും യമീമിന്റേയും ബാറ്റ് കൈമാറ്റം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.