പീഡന പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമം നടത്തി; ഗോവിന്ദന്‍ കുട്ടി സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ഓഡിയോ പുറത്തുവിട്ട് പരാതിക്കാരി
Movie Day
പീഡന പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമം നടത്തി; ഗോവിന്ദന്‍ കുട്ടി സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ഓഡിയോ പുറത്തുവിട്ട് പരാതിക്കാരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th December 2022, 9:39 am

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ നടനും അവതാരകനും എ.ബി.സി മലയാളം യൂട്യൂബ് വാര്‍ത്താ ചാനല്‍ എം.ഡിയുമായ ഗോവിന്ദന്‍ കുട്ടിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി പരാതിക്കാരി. ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് നടന് ജാമ്യം ലഭിച്ചതിന് ശേഷം തന്നെ സ്വാധീനിച്ച് കേസ് പിന്‍വലിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് യുവതി പറഞ്ഞു. സിനിമ മേഖലയിലെ ഉന്നതരെയടക്കം ഉപയോഗിച്ച് തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും യുവതി ആരോപിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു യുവതിയുടെ പ്രതികരണം.

ഗോവിന്ദന്‍ കുട്ടി സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ സംഭാഷണവും യുവതി പുറത്തുവിട്ടു. ‘ഇന്നലെയാണ് നമ്മള്‍ ഈ വിഷയം സംസാരിച്ചത്. അതിനുമുമ്പ് എന്താണെന്ന് വെച്ചാല്‍ എഴുതിക്കോട്ടെ, തീരുമാനിച്ചോട്ടെ എന്ന് കരുതി. നീ എന്റെ പേര് എഴുതുമെന്ന് പേടിച്ചിട്ടൊന്നുമല്ല, ഞാന്‍ നിന്റെ കാമുകനാന്നല്ലേ എഴുതത്തുള്ളൂ. അത് എഴുതിക്കോട്ടെ എനിക്ക് പ്രശ്‌നമൊന്നുമില്ല. നമ്മള്‍ അടിയുണ്ടാകുന്നതിന്റെ കാരണം തന്നെ ഞാന്‍ അത്രത്തോളം പ്രശ്‌നത്തില്‍ നില്‍ക്കുന്നത് കൊണ്ടാണ്. അല്ലെങ്കില്‍ ഞാന്‍ നിന്നെ ഒരിക്കലും അങ്ങനെ ചെയ്യില്ല,’ എന്നാണ് ഓഡിയോയില്‍ ഗോവിന്ദന്‍ കുട്ടി പറഞ്ഞത്.

ഗോവിന്ദന്‍ കുട്ടി കൊല്ലത്തുള്ള റാഫി എന്ന പ്രൊഡ്യൂസറുമായി വന്ന് തന്നെ ക്യാന്‍വാസ് ചെയ്യുകയും കാലില്‍ വീണ് മാപ്പ് പറഞ്ഞ് വിവാഹം കഴിക്കാമെന്ന് പറയുകയും ചെയ്തു. നന്ദഗോപാല്‍ എന്നൊരു മീഡിയേറ്ററെ വെച്ചും സംസാരിച്ചു. അതിന്റെ തെളിവുകളും തന്റെ കയ്യിലുണ്ടെന്ന് യുവതി പറഞ്ഞു.

ഗോവിന്ദന്‍ കുട്ടിക്ക് ഉന്നതതല ബന്ധമുണ്ട്. തന്റെ ബന്ധങ്ങള്‍ ഉപയോഗിച്ച് കേസിനെ ഇല്ലാതാക്കുമെന്ന് തന്നെ വെല്ലുവിളിച്ചിട്ടുണ്ട്. കോടതി പറഞ്ഞ മുന്‍കൂര്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാണ് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നത്. ഈ സാഹചര്യത്തില് നീതി തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഗോവിന്ദന്‍ കുട്ടിയുടെ ജാമ്യം റദ്ദാക്കാന്‍ ആവശ്യമെങ്കില്‍ സുപ്രീം കോടതി വരെ പോകുമെന്നും യുവതി പറയുന്നു.

നവംബര്‍ 24ന് യുവതി നല്‍കിയ പീഡന പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് ഗോവിന്ദന്‍ കുട്ടിക്കെതിരെ കേസെടുത്തത്. ബലാത്സംഗം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എറണാകുളത്തെ വാടക വീട്ടിലും സുഹൃത്തിന്റെ ഇടപ്പള്ളിയിലെ വില്ലയിലും കാറിലും വെച്ച് പലതവണ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.

യൂട്യൂബ് ചാനലില്‍ ടോക്‌ഷോയ്ക്കിടയിലാണ് ഇയാള്‍ യുവതിയെ പരിചയപ്പെട്ടത്. നടന്‍ യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കിയിരുന്നു. പിന്നീട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍, തന്നെ മര്‍ദിച്ചതായും യുവതി പരാതിയില്‍ ആരോപിക്കുന്നു. കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വാട്സാപ്പിലൂടെ നടന്‍ ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്.

Content Highlight: An attempt was made to withdraw the complaint; The complainant released the audio of Govindan Kutty trying to influence her