എഡിറ്റര്‍
എഡിറ്റര്‍
അങ്ങനെ ഇന്ത്യമൊത്തം പാട്ടായി അമിട്ടടി; അമിത് ഷായുടെ മുങ്ങലും മലയാളികളുടെ ട്രോളുകളും ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങളും
എഡിറ്റര്‍
Saturday 7th October 2017 8:13am

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷ യാത്ര വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ജാഥയ്ക്ക് പുറത്തു നിന്നും ഇറക്കിയവര്‍ സി.പി.ഐ.എമ്മിന് മുദ്രാവാക്യം മുഴക്കിയതും യോഗി ആദിത്യനാഥ് യു.പി കണ്ടു പഠിക്കാന്‍ കേരളത്തോട് പറഞ്ഞതും മുതല്‍ ആളില്ലെന്ന് കണ്ട് പരിപാടിയില്‍ നിന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ മുങ്ങിയതു വരെ വാര്‍ത്തകള്‍ക്കും ട്രോളുകള്‍ക്കും യാതൊരു കുറവും ബി.ജെ.പി യാത്ര വരുത്തിയിട്ടില്ല.

ബി.ജെ.പി യാത്രക്കിടെ ഏറ്റവും ചര്‍ച്ചയായത് ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആരോടും പറയാതെ മടങ്ങിയതായിരുന്നു. കുമ്മനത്തിന്റെ കുമ്മനടി ആഘോഷിച്ച മലയാളികള്‍ക്ക് പുതിയ വാക്കും ട്രോളിനുള്ള വിഷയവും നല്‍കിയതായിരുന്നു അമിത് ഷായുടെ മുങ്ങല്‍. കുമ്മനടിയ്ക്ക് ശേഷം കേരളക്കര അമിട്ടടി ഏറ്റെടുത്തു. എന്നാല്‍ കേരളക്കരയും കടന്ന് കുമ്മനടി ദേശീയതലത്തിലും ശ്രദ്ധേയമാവുകയാണ്.

പ്രമുഖ ദേശീയ മാധ്യമങ്ങള്‍ അമിത് ഷായുടെ അമിട്ടടിയും മലയാളികളുടെ ട്രോളും വാര്‍ത്തയാക്കിയിരിക്കുകയാണ്. നേരത്തെ അമിത് ഷാ ജാഥയ്ക്ക് ആളില്ലാത്തതിനാല്‍ യാത്രയുപേക്ഷിച്ച് മടങ്ങിയതും ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.

രാഷ്ട്രീയപരമായ കരുത്തരായ, ബീഫ് കഴിക്കുന്ന കേരളത്തിലാണ് ബി.ജെ.പിയുടെ പഥയാത്രയെന്നും ദേശീയ മാധ്യമങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരണം നടക്കുന്ന കേരളത്തെ ജിഹാദിന്റെ നാടാക്കി മാറ്റാനും കമ്യൂണിസ്റ്റുകാര്‍ ആര്‍.എസ്.എസുകാരെ കൊലപ്പെടുത്തുകയാണെന്ന് ആരോപിക്കുകയും ചെയ്യാനാണ് ബി.ജെ.പിയുടെ യാത്രയെന്ന് ദേശീയ മാധ്യമമായ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു.

കുമ്മനത്തിന്റെ മെട്രോ ഉദ്ഘാടനത്തിലെ കുമ്മനടിയ്ക്ക് ശേഷം അമിത്ഷായുടെ മുങ്ങല്‍ അമിട്ടടിയെന്ന വാക്കിന് രൂപം നല്‍കിയിരിക്കുകയാണെന്നും മലയാളികള്‍ തങ്ങളുടെ പൊതു സ്വഭാവം നിലനിര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെയും മറ്റും അമിട്ടടിയേയും ബി.ജെ.പിയുടെ യാത്രയേയും ട്രോളുകയാണെന്നും വാര്‍ത്തയില്‍ പറയുന്നു.

അമിട്ടടിയുടേയും യോഗിയുടെ പരാമര്‍ശത്തിന്റേയും ട്രോളുകളും വാര്‍ത്തയില്‍ കൊണ്ടു വന്നിട്ടുണ്ട്.

വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Advertisement