Administrator
Administrator
‘എന്റെ മനസിലുമുണ്ട്, സഫലമാകാത്ത സ്വപ്‌നങ്ങള്‍’
Administrator
Saturday 15th October 2011 2:20pm

ബോളിവുഡിന്റെ അമൂല്യനിധികളിലൊന്നാണ് അമിതാഭ് ബച്ചന്‍. 69തിലേക്ക് കടന്നിട്ടും ബിഗ് ബിയുടെ തിരക്ക് ഒട്ടും കുറഞ്ഞിട്ടില്ല. പ്രായം കൂടുന്തോറും അദ്ദേഹത്തിന്റെ മൂല്യവും കൂടുന്നു.

തന്റെ ജീവിതത്തിലെ 69ാം വര്‍ഷം ബിഗ് ബിയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. ഒരു മുത്തച്ഛനാകാനുള്ള തയ്യാറെടുപ്പിലാണ് ബിഗ് ബിയിപ്പോള്‍. തന്റെ സ്വപ്‌നങ്ങളും, ലക്ഷ്യങ്ങളും, കാഴ്ചപ്പാടുകളും ബിഗ് ബി തുറന്നുപറയുന്നു.

നിങ്ങളുടെ കുടുംബത്തില്‍ പുതിയൊരാള്‍ കൂടി വരികയാണ്. അതുകൊണ്ടുതന്നെ ഈ വര്‍ഷങ്ങത്തെ പിറന്നാള്‍ സ്‌പെഷലാണ്. പുതിയൊരാളുടെ വരവ് പിറന്നാളിന് മാറ്റുകൂട്ടിയെന്ന് തോന്നുന്നുണ്ടോ?

എല്ലാദിവസത്തിനും പ്രത്യേകതയുണ്ട്. അതുകൊണ്ടുതന്നെ എല്ലാ പിറന്നാളുകളും സെപ്ഷലാണ്- ജനിച്ചവര്‍ക്കും ഇനിയും ജനിക്കാതിരിക്കുന്നവര്‍ക്കും.

മുത്തച്ഛനാകുന്നതിന്റെ സന്തോഷത്തിലാണോ?

അതെ. കുറേ കാലം മുമ്പ് തന്നെ അതിനുള്ള തയ്യാറെടുപ്പിലാണ്.

24 മണിക്കൂറും തിരക്കുള്ള ഒരു നടനായി ഈ 69ാം വയസിലും നിങ്ങള്‍ മുന്നേറുകയാണ്. ഈയവസരത്തില്‍ ചെയ്യാനാഗ്രഹിച്ചിരുന്ന എല്ലാകാര്യവും ചെയ്യാന്‍ കഴിഞ്ഞെന്നു തോന്നുന്നുണ്ടോ?

മുഴുവനായിട്ടില്ല. എനിക്ക് ചെയ്യാന്‍ കഴിയുമെന്ന് കരുതുന്ന ചില കാര്യങ്ങള്‍ കൂടി മനസിലുണ്ട്. എനിക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും ചെയ്യാന്‍ കഴിയും. അവര്‍ക്കും ഞാന്‍ സമയം കാണുന്നു.

സഫലമാകാത്ത എന്തെങ്കിലും ആഗ്രഹം മനസിലുണ്ടോ? ചെയ്യാനാഗ്രഹിക്കുന്ന എന്തെങ്കിലും? കഴിഞ്ഞ ഒരു വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങള്‍ എന്തൊക്കെയായിരുന്നു?

എന്റെ മനസിലും നടക്കാത്ത ചില ആഗ്രഹങ്ങളുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷെ അതെന്താണെന്ന് ചൂണ്ടിക്കാണിക്കുക എന്നത് ബുദ്ധിമുട്ടാണ്.

ഇന്ന് എന്താണ് എനിക്ക് മുന്നിലുള്ളതെന്നാണ് എന്നെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടത്. അല്ലാതെ കഴിഞ്ഞവര്‍ഷം എന്തൊക്കെയായിരുന്നു എന്നല്ല. അതെന്തൊക്കെയാണെന്ന് ഞാന്‍ ഓര്‍മ്മിക്കുന്നു പോലുമില്ല.

അമിതാബച്ചന്‍ എന്ന പേരിന് ഞങ്ങള്‍ക്കിടയില്‍ പല അര്‍ത്ഥങ്ങളുമുണ്ട്. എന്തര്‍ത്ഥമാണ് നിങ്ങള്‍ സ്വന്തം പേരിന് നല്‍കുക?

എന്റെ പേര് എന്റെ രക്ഷിതാക്കള്‍ എനിക്ക് നല്‍കിയതാണ്. അത് തന്നെയാണ് ആ പേരിന്റെ അര്‍ത്ഥം.

ആത്മകഥയെഴുതാത്തതെന്താണെന്ന് പലരും നിങ്ങളോട് ചോദിച്ചിട്ടുണ്ട്. ഇപ്പോള്‍ നിങ്ങളുടെ ചിന്തങ്ങള്‍ ബ്ലോഗില്‍ എഴുതാറില്ലേ. എന്തുകൊണ്ടാണ് അതൊരു ജീവിതകഥയാക്കി എഴുതാനാഗ്രഹിക്കാത്തത്?

എന്റെ ജീവിതം അനുഗ്രഹീതമാണ്. അതുനല്‍കിയതിന് ഞാനെന്റെ രക്ഷിതാക്കളോട് കടപ്പെട്ടിരിക്കുന്നു. ഇതിനപ്പുറം ജീവിതക്കുറിപ്പായി എഴുതുന്നതിന് വലിയ മൂല്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.

കോന്‍ ബനേഗാ ക്രോര്‍പതിയുടെ ഷൂട്ടിങ് കൃത്യമായി നടക്കാറുണ്ടല്ലോ. വിനോദാപാധികളുടെ കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടിനെ ടെലിവിഷന്‍ എങ്ങനെയാണ് സ്വാധീനിച്ചത്?

ടെലിവിഷന്‍ എനിക്ക് ഒരുപാട് അറിവുകള്‍ തന്നു. അതിന്റെ റീച്ച്, വില, അതുണ്ടാക്കുന്ന സ്വാധീനം അതെല്ലാം എനിക്ക് പഠിക്കാന്‍ കഴിഞ്ഞു. ഇന്ത്യയില്‍ ടെലിവിഷന്‍ ഇത്രത്തോളം പ്രചാരം നേടുന്നതിന് മുമ്പ് തന്നെ ഞാന്‍ അതിന്റെ ഭാഗമായി തീര്‍ന്നിരുന്നു. വളരെയേറെ സ്വാധീനമുണ്ടാക്കാന്‍ കഴിയുന്ന മാധ്യമമാണ് ടെലിവിഷന്‍. സിനിമയെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഏറ്റവും നിലനില്‍പ്പുള്ള വിനോദോപാധിയാണിത്.

ആശയവിനിമയവിനിമയത്തിന് വലിയ സ്വാധീനമുള്ള ഈ കാലത്ത് ടെലിവിഷന്‍ പെട്ടെന്നുണ്ടാക്കുന്ന സ്വാധീനം വലിയ സ്വത്താണ്. ക്ഷീണിപ്പിക്കുന്ന ജോലിയാണെങ്കിലും ക്രിയേറ്റീവ് മീഡിയം എന്ന നിലയ്ക്ക് അതെനിക്ക് ഒരുപാട് സംതൃപ്തി നല്‍കുന്നുണ്ട്. അവിടെ ജോലിചെയ്യുന്ന എല്ലാവരുടേയും അനുഭവം ഇതായിരിക്കുമെന്ന് എനിക്കുറപ്പാണ്.

അടുത്തിടെ വരാനിരിക്കുന്ന ചിത്രങ്ങളേതൊക്കെയാണ്?

സത്യം പറയുകയാണെങ്കില്‍ ഞാന്‍ പുതിയ പ്രോജക്ടുകളിലൊന്നും ഏര്‍പ്പെട്ടിട്ടില്ല. പക്ഷെ ചില ചിത്രങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ചര്‍ച്ചകള്‍ കഴിഞ്ഞശേഷം എന്തെങ്കിലും പറയുന്നതല്ലേ ഉചിതം.

ഈ പിറന്നാളിനുശേഷം ജീവിതത്തിലും രാജ്യത്തിലും എന്തൊക്കെ മാറ്റമുണ്ടാകണമെന്ന് പ്രതീക്ഷിക്കുന്നത്?

മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിനായി എന്തിനാണ് ഒരു പിറന്നാള്‍ ദിനത്തിനുവേണ്ടി കാത്തിരിക്കുന്നത്. ഒരാള്‍ മാറ്റംവേണമെന്ന് ശക്തമായി ആഗ്രഹിക്കുകയാണെങ്കില്‍ എല്ലാ ദിവസവും നല്ലതാണ്. എന്റെ ജീവിതം ഞാന്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ സംതൃപ്തവും, ഭാവനയ്ക്കും അപ്പുറമാണ്.

മൂന്നാം ലോക രാജ്യം എന്ന ലേബലിനപ്പുറം എന്റെ രാജ്യത്തിന് വളരാന്‍ കഴിയട്ടെയെന്നാണ് ഞാനാഗ്രഹിക്കുന്നത്. എന്റെ രാജ്യം ഒന്നാം രാജ്യമാകണമെന്നാണ് ഞാനാഗ്രഹിക്കുന്നത്.

കടപ്പാട്: ബോളിവുഡ് വേള്‍ഡ്.കോം

Advertisement