അമിത് ഷാ പറഞ്ഞുപറ്റിച്ചു: കര്‍ഷകര്‍
farmers protest
അമിത് ഷാ പറഞ്ഞുപറ്റിച്ചു: കര്‍ഷകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd December 2020, 5:45 pm

ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞുപറ്റിച്ചെന്ന് കര്‍ഷകര്‍. ചൊവ്വാഴ്ച നടത്തിയ ചര്‍ച്ചയില്‍ തങ്ങളെ ക്ഷണിക്കുമെന്ന് പറഞ്ഞിട്ടും പങ്കെടുപ്പിച്ചില്ലെന്ന് ഓള്‍ കിസാന്‍ സംഘര്‍ശ് കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ സര്‍ദാര്‍ വി.എം സിംഗ് പറഞ്ഞു.

‘ബുരൈയില്‍ നിലയുറപ്പിക്കുന്ന കര്‍ഷകരുമായി സംസാരിക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് ഉത്തരാഖണ്ഡിലേയും ഉത്തര്‍പ്രദേശിലേയും കര്‍ഷകര്‍ ഇങ്ങോട്ടുമാറിയത്. എന്നാല്‍ സര്‍ക്കാര്‍ ഞങ്ങളെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചില്ല’, വി.എം സിംഗ് പറഞ്ഞു.

അതേസമയം കര്‍ഷക സംഘടനകളുമായി ചൊവ്വാഴ്ച കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ അമിത് ഷാമന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍, വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍ എന്നിവരുമായാണ് അമിത് ഷാ ചര്‍ച്ച നടത്തുന്നത്.

വ്യാഴാഴ്ച കര്‍ഷകര്‍ക്ക് മുന്‍പില്‍ വെക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാവണമെന്ന കാര്യം ചര്‍ച്ച ചെയ്യാനാണ് അമിത് ഷാ യോഗം വിളിച്ചിരിക്കുന്നത്. നേരത്തെ കര്‍ഷകരുമായി ചര്‍ച്ച നടത്തുമെന്ന് പറഞ്ഞത് അമിത് ഷായായിരുന്നു.

എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനും കാര്യങ്ങള്‍ സംസാരിക്കാനുമുള്ള ചുമതല പിന്നീട് രാജ്നാഥ് സിങ്ങിനെ ഏല്‍പ്പിക്കുകയായിരുന്നു. അതേസമയം ദിവസങ്ങള്‍ കഴിയുന്തോറും കര്‍ഷക പ്രക്ഷോഭത്തിന്റെ ശക്തി കൂടിവരുന്നതും അന്താരാഷ്ട്ര തലത്തിലടക്കം വിഷയം ചര്‍ച്ചയായതും കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

നാളെ ഏത് വിധത്തിലുള്ള പ്രശ്നപരിഹാരത്തിനാവും സര്‍ക്കാര്‍ ശ്രമിക്കുകയെന്നതില്‍ വ്യക്തതയില്ല. കാര്‍ഷിക നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന മറ്റൊരു ഉപാധിയും തങ്ങള്‍ അംഗീകരിക്കില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കര്‍ഷകര്‍ക്ക് പിന്തുണയുമായി ദല്‍ഹി വാഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളും സമരപ്പന്തലില്‍ എത്തിയിട്ടുണ്ട്. ദല്‍ഹിയിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയത്.

സിംഗു-തിക്രി അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്കൊപ്പം വിദ്യാര്‍ത്ഥികളും സമരത്തില്‍ അണിനിരന്നിട്ടുണ്ട്. ജനവിരുദ്ധമായ ഇത്തരമൊരു നിയമം നടപ്പാക്കിയതില്‍ രാജ്യത്തെ ജനങ്ങളോട് ബി.ജെ.പി സര്‍ക്കാര്‍ മാപ്പുപറയണമെന്നും നിയമം പിന്‍വലിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Amith Shah Farmers Protest Discussion