എഡിറ്റര്‍
എഡിറ്റര്‍
അമിത് ഷായ്‌ക്കെതിരെ വാര്‍ത്ത കൊടുത്ത മാധ്യമപ്രവര്‍ത്തകനെ ബി.ജെ.പി അന്വേഷിക്കുന്നതായി മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍; വാര്‍ത്ത കൊടുക്കാതെ ദേശീയ മാധ്യമങ്ങള്‍
എഡിറ്റര്‍
Thursday 23rd November 2017 8:59am

 

മുംബൈ: സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ജഡ്ജിയ്ക്ക് 100 കോടി വാഗ്ദാനം ചെയ്തിരുന്നെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെ ബി.ജെ.പി അന്വേഷിക്കുന്നതായി മാധ്യമപ്രവര്‍ത്തകയുടെ ട്വീറ്റ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് വാര്‍ത്ത കൊടുത്ത മാധ്യമപ്രവര്‍ത്തകനെ അന്വേഷിക്കാന്‍ അമിത് ഷാ ആജ്ഞാപിച്ചു എന്നതാണ് ഹിന്ദുസ്ഥാന്‍ ടൈംസിലെ മാധ്യമപ്രവര്‍ത്തക സുജാത ആനന്ദന്റെ ട്വീറ്റ്.

അതേ സമയം ദേശീയ മാധ്യമങ്ങളൊന്നും തന്നെ സുജാതയുടെ ട്വീറ്റിനെ വാര്‍ത്തായാക്കിയിട്ടില്ല. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സുജാതയുടെ ട്വീറ്റ്. ചൊവ്വാഴ്ച അമിത് ഷായും ഫഡ്‌നാവിസും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ മന്ത്രിസഭാ പുന:സംഘടനയെക്കുറിച്ചുള്ള വാര്‍ത്തകളാണ് ദേശീയ മാധ്യമങ്ങളെല്ലാം ഇരുവരുടെയും കൂടിക്കാഴ്ച സംബന്ധിച്ച നല്‍കിയത്.


Also Read: സംവരണസമരത്തില്‍ നിന്ന് പിന്‍മാറാന്‍ ബി.ജെ.പി 1200 കോടി വാഗ്ദാനം ചെയ്‌തെന്ന് ഹാര്‍ദിക് പട്ടേല്‍


നേരത്തെ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ജഡ്ജിക്ക് 100 കോടി വാഗ്ദാനം ചെയ്തുവെന്ന് സഹോദരി വെളിപ്പെടുത്തിയിരുന്നു. അന്തരിച്ച മുന്‍ സി.ബി.ഐ ജഡ്ജി ഹര്‍കിഷന്‍ ലോയയുടെ സഹോദരി അനുരാധ ബിയാനിയാണ് വെളിപ്പെടുത്തലുമായി രംഗത്തു വന്നത്.

കേസിലെ കോടതി വിധിയെ സ്വാധീനിക്കാന്‍ ഉന്നത ഇടപെടല്‍ ഉണ്ടായിരുന്നുവെന്നും അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ആയിരുന്ന തന്റെ സഹോദരന് 100 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും അനുരാധ പറയുന്നു.

കാരവാന്‍ മാഗസിനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മരണം നടന്ന് മൂന്ന് വര്‍ഷത്തിനു ശേഷമാണ് നിര്‍ണായക വെളിപ്പെടുത്തലുമായി ലോയയുടെ ബന്ധുക്കള്‍ രംഗത്ത് വന്നത്. ജഡ്ജി ലോയ കൊല്ലപ്പെടുമ്പോള്‍ ഗുജറാത്ത് ആഭ്യന്തരവകുപ്പ് മന്ത്രിയും നീതിന്യായ വകുപ്പ് കയ്യാളിയിരുന്നതുമായ അമിത് ഷായാണ് കേസിലെ മുഖ്യ പ്രതികളില്‍ ഒരാള്‍. അമിത് ഷാ ഇപ്പോള്‍ ബി.ജെ.പിയുടെ ദേശീയ അധ്യക്ഷനാണ്.


Also Read: സുഖോയ്-ബ്രഹ്മോസ് സംയോജനം; ഇന്ത്യ ലോകത്തിന്റെ നെറുകയില്‍


2014 ഡിസംബര്‍ ഒന്നിനാണ് കേസ് കൈകാര്യം ചെയ്തിരുന്ന ലോയ നാഗ്പൂരില്‍ വെച്ച് മരണപ്പെടുന്നത്. കേസിന്റെ വിചാരണ നടക്കുന്ന സമയമായിരുന്നു അത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ തിടുക്കം കൂട്ടി പോസ്റ്റ്‌മോര്‍ട്ടം നടത്തിയതില്‍ ദുരൂഹത ഉണ്ടെന്നാണ് ലോയയുടെ സഹോദരിയുടെയും പിതാവിന്റയും വാദം. മരണവിവരം ഭാര്യയേയും ബന്ധുക്കളേയും അറിയിച്ചിരുന്നില്ല.

സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വധക്കേസിലെ ദൃക്സാക്ഷി തുളസീറാം പ്രജാപതിയും വ്യാജഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
സൊഹ്റാബുദ്ദീന്‍ ഷെയ്ഖിനേയും ഭാര്യ കൗസര്‍ബിയേയും ഗുജറാത്ത് പോലീസിന്റെ തീവ്രവാദ വിരുദ്ധ സംഘം 2005 നവംബറില്‍ വ്യാജ ഏറ്റുമുട്ടലിലൂടെ വെടിവെച്ച് കൊല്ലുകയായിരുന്നു.


Also Read: യോഗി നിങ്ങള്‍ ഏറ്റമുട്ടല്‍ കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കുകയാണോ ? യു.പിക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്; 6 മാസത്തിനിടെ സംസ്ഥാനത്ത് 19 ഏറ്റുമുട്ടല്‍ കൊലകള്‍


മുഖ്യ പ്രതിയായ അമിത് ഷാ വിചാരണക്ക് കോടതിയില്‍ ഹാജരാവാതിരുന്നത് ലോയ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ലോയയുടെ മരണം സംഭവിക്കുന്നത് . തുടര്‍ന്ന് 2014 ഡിസംബര്‍ അവസാനത്തോടെ അമിത് ഷായെ കുറ്റവിമുക്തനാക്കി കൊണ്ട് മുംബൈ പ്രത്യേക സിബിഐ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.

Advertisement