പ്രതിപക്ഷമേ നിങ്ങള്‍ എന്ത് ചെയ്തുവെന്ന അമിത് ഷായുടെ ചോദ്യം, കണക്കുകള്‍ വെച്ചുള്ള യാഥാര്‍ത്ഥ്യം ഇതാണ്
ശ്രിന്‍ഷ രാമകൃഷ്ണന്‍

കോണ്‍ഗ്രസും, ഇടത് ഉള്‍പ്പെടെ മറ്റു പാര്‍ട്ടികള്‍ എന്താണ് ലോക്ക് ഡൗണില്‍ ജനങ്ങളെ സഹായിക്കാന്‍ ചെയ്തതെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ ചോദിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ വിവിധ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ലോക്ക് ഡൗണില്‍ ജനങ്ങളെ സഹായിക്കാന്‍ എന്തെല്ലാം ചെയ്തുവെന്ന് പരിശോധിക്കാം.

അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി യു.പി മിത്ര പോര്‍ട്ടല്‍ ലോഞ്ച് ചെയ്തു. പത്തുലക്ഷം അപേക്ഷയാണ് പോര്‍ട്ടലിലൂടെ ലഭിച്ചത്. ബസിലുള്‍പ്പെടെ നിരവധി പേരെ പ്രിയങ്കയുടെ നേതൃത്വത്തില്‍ നാട്ടില്‍ എത്തിക്കുകയും ചെയ്തു.

കര്‍ണാടക കോണ്‍ഗ്രസ് അതിഥി തൊഴിലാളികള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് നല്‍കി. നിരവധി അതിഥി സംസ്ഥാനത്തൊഴിലാളികള്‍ക്കാണ് ഇവര്‍ ടിക്കറ്റ് ബുക്ക് ചെയ്ത് നല്‍കിയത്.

ലോക്ക് ഡൗണില്‍ കഷ്ടതകളനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ ഡി.എം.കെയും പ്രത്യേക ക്യാമ്പയിന്‍ ചെയ്തു. 20ലക്ഷം ആളുകള്‍ക്കാണ് ഡി.എം.കെ ലോക്ക് ഡൗണില്‍ ഭക്ഷണം നല്‍കിയത്. ഡി.എം.കെ നേതാവ് സ്റ്റാലിന്‍ പറയുന്നത് അനുസരിച്ച് 15,66251 കോളുകളാണ് സഹായം തേടി ഡി.എം.കെ ഓഫീസില്‍ എത്തിയത്.

ലോക്ക് ഡൗണിനു ശേഷം ആം ആദ്മി രാജ്യസഭ എം.പി, സുശില്‍ ഗുപ്ത, സഞ്ജയ് സിങ്, എന്‍.ഡി.ഗുപ്ത തുടങ്ങിയവര്‍ ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. ആവശ്യക്കാരായ നാലായിരം മുതല്‍ ആറായിരം ആളുകള്‍ക്കാണ് നിത്യേന ഇവര്‍ ഭക്ഷണമെത്തിക്കുന്നത്.

കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ എം.പിലാഡ്സ് ഫണ്ട് ഉപയോഗിച്ച് ആയിരം റാപ്പിഡ് ടെസ്റ്റിങ്ങിനുള്ള കിറ്റുകളും, ആയിരം പി.പി.ഇ കിറ്റുകളും എത്തിച്ചിരുന്നു. ഏപ്രില്‍ എഴിന് തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസറെയാണ് അദ്ദേഹം ഇതേല്‍പ്പിച്ചത്.

കേരളത്തിലെ ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി പഴയ ടി.വി ശേഖരിച്ച് ആവശ്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ട്. സ്‌കൂളുകള്‍ ഇപ്പോഴും അടഞ്ഞു കിടക്കുന്നതിനാല്‍ നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതികൊണ്ട് ഗുണമുണ്ടായിട്ടുണ്ട്.

പശ്ചിമ ബംഗാളില്‍ സി.പി.എം ജ്യോതി ദേവി ക്യാന്റീന്‍ എന്ന് പേരില്‍ കുറഞ്ഞ വിലയില്‍ തൊഴില്‍ രഹിതരായവര്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. ഇതിനുപുറമെ 600 കമ്മ്യൂണിറ്റി കിച്ചണും, ആവശ്യക്കാര്‍ക്ക് ഭക്ഷ്യധാന്യവും സി.പി.എം എത്തിക്കുന്നുണ്ട്്.

എന്‍.എസ്.യു.ഐയുടെ പഞ്ചാബ് കമ്മിറ്റിയും, കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിങ്ങും ചേര്‍ന്ന് പാടിയാലയിലും, മൊഹാലിയിലും കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടിലേക്ക് തിരികെയെത്താന്‍ സഹായം നല്‍കിയിരുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 400 ഓളം കശ്മീരി വിദ്യാര്‍ത്ഥികള്‍ എന്‍.എസ്.യുവിന്റെ നേതൃത്വത്തില്‍ നാട്ടിലേക്ക് തിരികെയെത്തിയിട്ടുണ്ട്.

കെ.എം.സി.സിയുടെ നേതൃത്വത്തില്‍ കേരളത്തിലേക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികളെയെത്തിക്കാന്‍ 43 ഫ്ളൈറ്റുകള്‍ ചാര്‍ട്ടര്‍ ചെയ്തു. ആദ്യ ഫ്ളൈറ്റ് ജൂണ്‍ പതിനൊന്നിനും പന്ത്രണ്ടിനുമായി ഷാര്‍ജയില്‍ നിന്ന് കോഴിക്കോട് എത്തും. പാവപ്പെട്ട തൊഴിലാളികള്‍ക്കും കെ.എം.സി.സി ടിക്കറ്റ് എടുത്ത് നല്‍കിയിരുന്നു.

എപ്രില്‍ 14ന് ഹൈദരാബാദ് ന്യൂനപക്ഷ വിഭാഗം ചെയര്‍മാന്‍ സമീര്‍ വാലിയുള്ള പറഞ്ഞത് പാര്‍ട്ടി ഒരുലക്ഷത്തിലധികം ആളുകള്‍ക്ക് ഭക്ഷണം നല്‍കിയെന്നാണ്.

മഹാരാഷ്ട്രയില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ചേരിപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണവും അവശ്യവസ്തുക്കളും എത്തിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ