ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം ഉറപ്പിക്കുന്ന ഫലം; കശ്മീര്‍ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ അമിത് ഷാ
national news
ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം ഉറപ്പിക്കുന്ന ഫലം; കശ്മീര്‍ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ അമിത് ഷാ
ന്യൂസ് ഡെസ്‌ക്
Wednesday, 23rd December 2020, 6:27 pm

ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം ഉറപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് കശ്മീരിലേതെന്ന് അമിത് ഷാ പറഞ്ഞു.

‘ബി.ജെ.പിയ്ക്ക് വോട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി. കശ്മീര്‍ മേഖലയുടെ ക്ഷേമത്തിനായി നരേന്ദ്രമോദിയുടെ കീഴില്‍ ബി.ജെ.പി നിരന്തരം പരിശ്രമിക്കും’, ഷാ പറഞ്ഞു.


ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഗുപ്കാര്‍ സഖ്യമാണ് വിജയിച്ചത്. നാഷണല്‍ കോണ്‍ഫറന്‍സ് 67 സീറ്റും പി.ഡി.പി 27 സീറ്റും നേടി. സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച സി.പി.ഐ.എം 5 സീറ്റിലും ജയിച്ചു.

110 സീറ്റിലാണ് ഗുപ്കാര്‍ സഖ്യം വിജയിച്ചത്. ബി.ജെ.പി 75 സീറ്റില്‍ വിജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.


എന്നാല്‍ തങ്ങളാണ് ജമ്മു കശ്മീരിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന ബി.ജെ.പിയുടെ അവകാശവാദത്തെ രൂക്ഷമായി പരിഹസിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഉമര്‍ അബ്ദുള്ള രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പിയുടെ ഈ നിരാശ കാണുന്നത് രസകരമാണെന്നും ഇത്തരത്തില്‍ പച്ചക്കള്ളം വിളിച്ചുപറയാന്‍ അവര്‍ക്ക് ലജ്ജയില്ലേയെന്നുമായിരുന്നു അദ്ദേഹം ചോദിച്ചത്.

ഇന്നലെ അവര്‍ പറഞ്ഞത് കശ്മീര്‍ താഴ്വരയില്‍ മൂന്ന് സീറ്റ് വരെ കിട്ടിയെന്നായിരുന്നു. ഇന്ന് പറയുന്നു ഏറ്റവും വലിയ ഒറ്റകക്ഷി അവരാണെന്ന്. സഖ്യം ഉള്ളതുകാരണം കുറഞ്ഞ സീറ്റുകളിലാണ് നാഷണല്‍ കോണ്‍ഫറന്‍സ് മത്സരിച്ചത്. എന്നിട്ടും ഏറ്റവും വലിയ ഒറ്റകക്ഷിയാണ് അവരെന്ന് സ്വയം അവകാശപ്പെടുന്നു. ഇതിലൊന്നും അവര്‍ക്ക് നാണം തോന്നുന്നില്ലേ.


അവര്‍ മൂന്ന് സീറ്റ് നേടിയെങ്കില്‍ അവരെ ഞാന്‍ അഭിനന്ദിക്കുന്നു. പക്ഷേ 35 സീറ്റു നേടിയ ഞങ്ങളുടെ കാര്യം എങ്ങനെയാണ്? ബി.ജെ.പി ഞങ്ങളെ വിളിക്കുന്നത് കശ്മീര്‍ അടിസ്ഥാനമാക്കിയുള്ള പാര്‍ട്ടിയെന്നാണ്. അങ്ങനെ വിളിച്ച ഞങ്ങള്‍ക്ക് ജമ്മുവില്‍ 35 സീറ്റുകിട്ടി. എന്നാല്‍ അവര്‍ ജമ്മു മാത്രം അടിസ്ഥാനമാക്കിയല്ലല്ലോ പ്രവര്‍ത്തിച്ചത്’, ഉമര്‍ അബ്ദുള്ള പറഞ്ഞു.

തെരഞ്ഞെടുപ്പ് പരാജയം ബി.ജെ.പിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ തിരിച്ചടി തന്നെയാണെന്നും പൂര്‍ണമായും ഗുപ്കാര്‍ സഖ്യത്തിന്റെ വിജയമാണ് സംഭവിച്ചതെന്നും മെഹബൂബ മുഫ്തി പറഞ്ഞു. അവര്‍ ഞങ്ങളെ തീവ്രവാദികളെന്ന് വിളിച്ചു. ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിച്ചു. ഇന്ത്യയുടെ ഭരണഘടന ദുരുപയോഗം ചെയ്തു.

വ്യാപകമായി റെയ്ഡു നടത്തി. ഒരു അടിസ്ഥാനവുമില്ലാതെ തങ്ങളെ തടങ്കലിലാക്കി. എന്തൊക്കെ സംഭവിച്ചാലും അവസാനം ശ്വാസം വരെ 370 പുനസ്ഥാപിക്കാന്‍ പോരാടും. ആളുകളെ ഭയപ്പെടുത്തി നിശബ്ദരാക്കുന്ന ബി.ജെ.പിയുടെ തന്ത്രത്തിനേറ്റ തിരിച്ചടിയാണ് ഈ പരാജയമെന്നും മുഫ്തി പറഞ്ഞു.

ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ജമ്മു-കശ്മീരിലെ 20 ജില്ലകളില്‍ 13ലും ഗുപ്കാര്‍ സഖ്യമാണ് വിജയിച്ചത്. ജമ്മുവിലെ ആറ് ജില്ലകളില്‍ മാത്രമാണ് ബി.ജെ.പിക്ക് ജയിക്കാനായത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Amit Shah on Jammu and Kashmir DDC elections