തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കാന്‍ അമിത് ഷാ എന്താ ദൈവമാണോ; രൂക്ഷ വിമര്‍ശനവുമായി മിസോ നാഷണല്‍ ഫ്രണ്ട്
national news
തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കാന്‍ അമിത് ഷാ എന്താ ദൈവമാണോ; രൂക്ഷ വിമര്‍ശനവുമായി മിസോ നാഷണല്‍ ഫ്രണ്ട്
ന്യൂസ് ഡെസ്‌ക്
Thursday, 6th December 2018, 12:46 pm

ഐസോള്‍: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മിസോ നാഷണല്‍ ഫ്രണ്ട്. ബി.ജെ.പി നേതൃത്വത്തിലുള്ള നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സിന്റെ ഭാഗമാണ് മിസോ നാഷണല്‍ ഫ്രണ്ട്.

2019 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചാല്‍ അടുത്ത 50 വര്‍ഷം ബി.ജെ.പി തന്നെ അധികാരത്തിലിരിക്കുമെന്ന അമിത് ഷായുടെ പ്രസ്താവനക്കെതിരെയായിരുന്നു എം.എന്‍.എഫ് രംഗത്തെത്തിയത്.

ബി.ജെ.പിയുമായി ഒരു തരത്തിലുള്ള സഖ്യത്തിനും എം.എന്‍.എഫ് തയ്യാറാകില്ലെന്നും ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന് എതിരാണ് തങ്ങളെന്നും മുന്‍മുഖ്യമന്ത്രിയും എം.എന്‍.എഫ് നേതാവുമായ സൊറാംതന്‍ഗ പറഞ്ഞു.


സുരേന്ദ്രന്‍ എന്തിന് ശബരിമലയില്‍ പോയി; ഭക്തര്‍ കാണിക്കുന്ന പ്രവര്‍ത്തികളല്ല സുരേന്ദ്രന്‍ കാണിച്ചത്; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി


“”അമിത് ഷാ ദൈവമല്ല പ്രവചനങ്ങള്‍ നടത്താന്‍. രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് ഒരു പ്രവചനവും നടത്താന്‍ പറ്റില്ല. അമിത് ഷായെന്നല്ല മോദിക്ക് പോലും പറ്റില്ല. അടുത്ത 50 വര്‍ഷത്തേക്ക് ബി.ജെ.പി തന്നെ ഭരിക്കുമെന്നൊക്കെയുള്ളത് അദ്ദേഹത്തിന്റെ മനസിലുളള കാര്യമാണ്. അല്ലാതെ അതൊന്നും നടപ്പുള്ള കാര്യമല്ല. രാഷ്ട്രീയത്തില്‍ ആര്‍ക്കും ഒരു പ്രവചനവും നടത്താന്‍ സാധിക്കില്ല. -അദ്ദേഹം പറഞ്ഞു.

അതേസമയം 2019 ലെ തെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് അധികാരത്തിലെത്തുമോ എന്ന ചോദ്യത്തിന് അതില്‍ തനിക്ക് വലിയ പ്രതീക്ഷയില്ലെന്നായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി.

കോണ്‍ഗ്രസ് അടുത്തൊന്നും അധികാരത്തിലെത്താന്‍ സാധ്യതയില്ലെന്ന് അമിത് ഷാ പറഞ്ഞാലും വലിയ കുഴപ്പമില്ലായിരുന്നു. പക്ഷേ അദ്ദേഹം ഉറപ്പിച്ചു പറയുന്നത് അടുത്ത 50 വര്‍ഷത്തേക്ക് ബി.ജെ.പിയെ താഴെയിറക്കാന്‍ ആര്‍ക്കും കഴിയില്ലെന്നാണ്. അതിശയോക്തി കലര്‍ന്ന രീതിയിലാണ് അദ്ദേഹം സംസാരിക്കുന്നത്. – സൊറാംതന്‍ഗ പറഞ്ഞു.

ബി.ജെ.പിയുടെ പ്രത്യയ ശാസ്ത്രത്തോട് തങ്ങള്‍ക്ക് യോജിപ്പില്ലെന്നും ബി.ജെ.പിയുടേത് ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്ന തന്ത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രത്തില്‍ തങ്ങള്‍ അവരുമായി സഖ്യം ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ അവര്‍ ഇപ്പോള്‍ നടത്തുന്ന രാഷ്ട്രീയത്തെ ഞങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞു.

സെപ്റ്റംബറില്‍ നടത്തിയ ബി.ജെ.പി നാഷണല്‍ എക്‌സിക്യൂട്ടീവ് മീറ്റിനിടെയായിരുന്നു 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിക്കുമെന്നും അടുത്ത 50 വര്‍ഷത്തേക്ക് ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ ആര്‍ക്കും കഴിയില്ലെന്നുമുള്ള പ്രഖ്യാപനം അമിത് ഷാ നടത്തിയത്.

2008 മുതല്‍ കോണ്‍ഗ്രസാണ് മിസോറാമില്‍ അധികാരത്തിലിരുന്നത്. 2013 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 34 സീറ്റാണ് ലഭിച്ചത്. നവംബര്‍ 28 നാണ് മിസോറാമില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഡിസംബര്‍ 11 നാണ് വോട്ടെണ്ണല്‍