ദല്‍ഹിയില്‍ കെജ്‌രിവാള്‍-ഷാ വാക് പോര്; വിദ്യാഭ്യാസത്തെ വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഭാഗമാക്കരുതെന്ന് അമിത്ഷായോട്  കെജ്‌രിവാള്‍
Delhi election 2020
ദല്‍ഹിയില്‍ കെജ്‌രിവാള്‍-ഷാ വാക് പോര്; വിദ്യാഭ്യാസത്തെ വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഭാഗമാക്കരുതെന്ന് അമിത്ഷായോട് കെജ്‌രിവാള്‍
ന്യൂസ് ഡെസ്‌ക്
Saturday, 25th January 2020, 7:19 pm

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ രാജ്യതലസ്ഥാനത്ത് കേന്ദ്രമന്ത്രി അമിത്ഷായും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും തമ്മില്‍ വാക്‌പോര്. വിദ്യാഭ്യാസത്തെ വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഭാഗമാക്കരുതെന്ന് കെജ്‌രിവാള്‍ അമിത്ഷായോട് പറഞ്ഞു.

ദല്‍ഹിയില്‍ കെജ്‌രിവാള്‍ അധികാരത്തിലെത്തിയതിന് ശേഷം പുതിയ സ്‌ക്കൂളുകളൊന്നും ആരംഭിച്ചില്ലെന്നും ഇപ്പോഴത്തെ സ്‌ക്കൂളുകളെ ചീത്തയാക്കിയെന്നുമായിരുന്നു അമിത്ഷായുടെ പരാമര്‍ശം. ഇതിന് പിന്നാലെയാണ് കെജ്‌രിവാള്‍ രംഗത്തെത്തിയത്.

‘വിദ്യാഭ്യാസത്തെ വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഭാഗമാക്കരുത്. ദല്‍ഹി സര്‍ക്കാര്‍ സ്‌ക്കൂകളില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും നല്‍കുന്ന പരിശ്രമത്തെ കളിയാക്കരുത്. അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

പിന്നാലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് കെജ്‌രിവാള്‍ 2015 ലെ ദല്‍ഹി തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചതെന്നും എന്നാല്‍ ഇത്തവണ അത് നടക്കില്ലെന്നും അമിത്ഷാ പറഞ്ഞു.

‘ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് 2015 ലെ തെരഞ്ഞെടുപ്പില്‍ കെജ്‌രിവാള്‍ വിജയിച്ചത്. അതിന് ശേഷം എന്താണ് സംഭവിച്ചത്. വാരാണസിയിലും പഞ്ചാബിലും ഹരിയാനയിലും എന്താണ് സംഭവിച്ചത്? അവിടെയൊക്കെ തോറ്റു. ഇത്തവണ ദല്‍ഹിയും നഷ്ടമാവും’, അമിത്ഷാ പറഞ്ഞു.

2020 ല്‍ ദല്‍ഹിയിലെ ജനങ്ങള്‍ മികച്ച തീരുമാനമെടുക്കുമെന്നും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 88 ശതമാനം ബൂത്തിലും ബി.ജെ.പി ജയിച്ചിരുന്നുവെന്നും ട്രെന്റ് ആവര്‍ത്തിക്കുമെന്നും അമിത്ഷാ പറഞ്ഞു.

ഫെബ്രുവരി 8 നാണ് ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും പിടിച്ചെടുത്ത് മികച്ച മുന്നേറ്റമുണ്ടാക്കിയ ആംആദ്മി തന്നെ ഇത്തവണയും വിജയിക്കുമെന്നാണ് പ്രവചനങ്ങള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ