പ്രശാന്ത് കിഷോറിന് പാളിയോ?; കോണ്‍ഗ്രസ് വിട്ട് എ.എ.പിയിലേക്കെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെ നെഹ്‌റു കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് നവ്‌ജോത് സിദ്ദു
national news
പ്രശാന്ത് കിഷോറിന് പാളിയോ?; കോണ്‍ഗ്രസ് വിട്ട് എ.എ.പിയിലേക്കെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെ നെഹ്‌റു കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് നവ്‌ജോത് സിദ്ദു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th June 2020, 8:17 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും എം.എല്‍.എയുമായ നവ്‌ജോത് സിദ്ദു പാര്‍ട്ടി വിടുന്നു എന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസം ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ സിദ്ദുവിന് ആംആദ്മി പാര്‍ട്ടിയിലേക്കുള്ള വാതിലുകള്‍ തുറന്നിടുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 2017 ലെ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രശാന്ത് കിഷോര്‍ ഏറ്റെടുത്ത ദൗത്യമായിരുന്നു ഇത് എന്നടക്കമുള്ള ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍, ഈ അഭ്യൂഹങ്ങള്‍ക്കിടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും നേതാക്കളായ പ്രിയങ്കാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിരിക്കുകയാണ് സിദ്ദു. എന്നാല്‍, കോണ്‍ഗ്രസ് വിടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അദ്ദേഹം പ്രതികരിച്ചിട്ടുമില്ല.

അതേസമയം, ആംആദ്മിയില്‍ ചേര്‍ന്നാല്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് സിദ്ദു പ്രശാന്ത് കിഷോറുമായി ചര്‍ച്ച നടത്തിയെന്ന് ഐ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസ് തന്നെ അരികുവല്‍ക്കരിക്കുകയാണെന്ന പരാതി അദ്ദേഹത്തിനുണ്ടെന്നാണ് മറ്റൊരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇദ്ദേഹം നിലവില്‍ കോണ്‍ഗ്രസില്‍ സജീവ പ്രവര്‍ത്തകനല്ല. ഇക്കാര്യങ്ങള്‍ക്കൊണ്ട് സിദ്ദു ആംആദ്മിയില്‍ ചേര്‍ന്നേക്കുമെന്ന സൂചന ശക്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാര്‍ട്ടിയില്‍നിന്നും അകലാനുള്ള നീക്കങ്ങള്‍ സിദ്ദു നടത്തുന്നുണ്ടെന്നാണ് ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെതിരെ സിദ്ദു പലതവണ വിമര്‍ശനങ്ങളുയര്‍ത്തിയിരുന്നു. അതേസമയം, നെഹ്‌റു കുടുംബത്തിനോടുള്ള താല്‍പര്യം സിദ്ദു പ്രകടിപ്പിക്കാറുമുണ്ട്.

സിദ്ദുവിന്റെ ഭാര്യ ഡോ നവ്‌ജോത് കൗര്‍ സിദ്ദുവും അമരീന്ദര്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. എം.ബി.ബി.എസ് ഫീസ് വര്‍ധിപ്പിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ അഭിനന്ദിച്ചും ഇവര്‍ ട്വീറ്റ് ചെയ്തിരുന്നു.

എന്നാല്‍ സിദ്ദു ആംആദ്മിയിലേക്ക് എന്ന റിപ്പോര്‍ട്ടുകളെ ചില എ.എ.പി നേതാക്കള്‍ത്തന്നെ തള്ളി. സിദ്ദു ആംആദ്മിയിലേക്ക് കൂറുമാറിയാല്‍ ഇപ്പോഴുള്ളതിനേക്കാള്‍ അപകടകാരിയായി മാറിയേക്കും എന്ന അഭിപ്രായമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക