അമേരിക്കയിലേക്കുള്ള കുടിയേറ്റക്കാരെ തടയാന്‍ അതിര്‍ത്തിയില്‍ വൈദ്യുതീകരിച്ച കൂര്‍ത്ത മുനമ്പുകള്‍ വേണമെന്ന് ട്രംപ്
World News
അമേരിക്കയിലേക്കുള്ള കുടിയേറ്റക്കാരെ തടയാന്‍ അതിര്‍ത്തിയില്‍ വൈദ്യുതീകരിച്ച കൂര്‍ത്ത മുനമ്പുകള്‍ വേണമെന്ന് ട്രംപ്
ന്യൂസ് ഡെസ്‌ക്
Wednesday, 2nd October 2019, 7:49 pm

വാഷിങ്ടണ്‍: അമേരിക്കന്‍ ഐക്യനാടുകളിലേക്കുള്ള കുടിയേറ്റക്കാരെ തടയാന്‍ അതിര്‍ത്തിയില്‍ വൈദ്യുതീകരിച്ച കൂര്‍ത്ത മുനമ്പുകള്‍ സ്ഥാപിക്കണമെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.

കുടിയേറ്റക്കാരുടെ വിഷയത്തില്‍ എക്കാലത്തും അതൃപ്തി പ്രകടിപ്പിക്കുന്ന ട്രംപ് അതിര്‍ത്തിയില്‍ വൈദ്യുതീകരിച്ച കൂര്‍ത്ത മുനമ്പുകള്‍ കൊണ്ട് മതില്‍ തീര്‍ക്കണമെന്നും അങ്ങനെ വെച്ചാല്‍ അത് മനുഷ്യ മാംസത്തെ തുളച്ചെടുക്കുമെന്നും പറഞ്ഞു. അതിര്‍ത്തിയെ ശക്തിപ്പെടുത്താന്‍ പാമ്പുകളെയും മുതലകളെയും ഇട്ട വെള്ളം നിറച്ച കിടങ്ങുകള്‍ നിര്‍മിക്കണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഓവല്‍ ഓഫീസിലെ വൈറ്റ് ഹൗസ് ഉപദേഷ്ടാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ട്രംപ് ഇക്കാര്യങ്ങള്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കുടിയേറ്റക്കാരെ ശ്രദ്ധയില്‍പെട്ടാല്‍ അവരുടെ കാലിന് വെടി വെയ്ക്കാനും മെക്‌സിക്കോയുമായി ചേര്‍ന്നു നില്‍ക്കുന്ന 2000 മൈല്‍ വരുന്ന അതിര്‍ത്തി അടുത്ത ദിവസം തന്നെ അടയ്ക്കാനും ട്രംപ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

യോഗത്തില്‍ ഉള്‍പ്പെട്ട ഒരു ഡസനിലധികം വരുന്ന വൈറ്റ് ഹൗസ് ഭരണ നിര്‍വഹണ ഉദ്യോഗസ്ഥരുമായുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ലേഖനം ഒക്ടോബര്‍ എട്ടിന് പ്രസിദ്ധീകരിക്കാന്‍ പോകുന്ന ന്യൂയോര്‍ക്ക് ടൈംസിലെ റിപ്പോര്‍ട്ടര്‍മാരായ മൈക്കിള്‍ ഷിയറും ജൂലീ ഹെര്‍ഷ്ഫീല്‍ഡ് ഡേവിസും ചേര്‍ന്ന് എഴുതിയ പുസ്തകത്തില്‍ നിന്നും എടുത്തതാണ്. ട്രംപിന്റെ 30 മിനുട്ട് ചര്‍ച്ച രണ്ടു മണിക്കൂര്‍ വരെ നീണ്ടു.

ആഭ്യന്തര സുരക്ഷാ സെക്രട്ടറി കെര്‍സ്‌ജെന്‍ നീല്‍സന്‍, സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ മേധാവി കെവിന്‍ കെ മാക്അലീനാന്‍, വൈറ്റ് ഹൗസ് സഹായി സ്റ്റീഫന്‍ മില്ലര്‍ തുടങ്ങിയവരാണ് ട്രംപിന്റെ കൂടിക്കാഴ്ചയില്‍ അംഗങ്ങളായുണ്ടായിരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കുടിയേറ്റ വിഷയത്തില്‍ മൈക്ക് പോംപിയോയുടേയും നീല്‍സണിന്റെയും മൃദു സമീപനത്തില്‍ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചു.

നീല്‍സണിനെ കാണാന്‍ മതിയായ ഒരു കാഴ്ചക്കാരനെപ്പോലെയില്ലെന്നു പറഞ്ഞും,പോംപിയോയെ അമേരിക്കയിലേക്കു കടക്കാന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാരെ തടയുന്നതിന് മെക്‌സിക്കോയുമായുള്ള കരാര്‍ ഒഴിവാക്കിയതിനും ട്രംപ് ശകാരിച്ചു.

മുഴുവന്‍ കുടിയേറ്റക്കാരെയും ഒഴിപ്പിക്കുക എന്നതു മാത്രമാണ് പൂര്‍ണ പരിഹാരം എന്നും ട്രംപ് പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് ചെയ്തു.