പ്രമേഹത്തിന്റെയും രക്തസമ്മര്‍ദ്ദത്തിന്റെയും പിടിയിലമര്‍ന്ന് കേരളീയ യുവത്വം: സമഗ്രപഠനത്തിന് തുടക്കമിട്ട് ആരോഗ്യവകുപ്പ്
Health
പ്രമേഹത്തിന്റെയും രക്തസമ്മര്‍ദ്ദത്തിന്റെയും പിടിയിലമര്‍ന്ന് കേരളീയ യുവത്വം: സമഗ്രപഠനത്തിന് തുടക്കമിട്ട് ആരോഗ്യവകുപ്പ്
ന്യൂസ് ഡെസ്‌ക്
Tuesday, 22nd January 2019, 2:20 pm

കൊച്ചി: സംസ്ഥാനത്ത് ജീവിതശൈലീ രോഗങ്ങള്‍ക്ക് അടിമപ്പെടുന്നവരുടെ എണ്ണം ഭയാനകമാംവിധം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമഗ്രപഠനത്തിന് തുടക്കമിട്ട് ആരോഗ്യവകുപ്പ്. കിരണ്‍ എന്ന പേരില്‍ 14 ജില്ലയില്‍ 4000 വാര്‍ഡിലെ 10 ലക്ഷം ആളുകള്‍ക്കിടയിലാണ് പഠനം നടത്തുക.

മലയാളികള്‍ക്കിടയിലെ പച്ചക്കറിയുടെ ഉപയോഗം, എണ്ണ ഉപയോഗം, മദ്യപാനം, വ്യായാമശീലം തുടങ്ങി ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട ഘടകങ്ങളെക്കുറിച്ച വിവരശേഖരമാണ് പഠനത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് പദ്ധതിയുടെ സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. ബിപിന്‍ ഗോപാല്‍ പറയുന്നത്.

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനു കീഴിലുള്ള അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസും സംസ്ഥാനത്തെ ആരോഗ്യ വകുപ്പും 2016-17 വര്‍ഷത്തില്‍ നടത്തിയ പഠനത്തില്‍ ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പഠനം നടത്താന്‍ തീരുമാനിച്ചത്.

കേരളത്തില്‍ 18 വയസിനു മീതെ പ്രായമുള്ളവരില്‍ ശരാശരി, മൂന്നിലൊരാള്‍ക്ക് രക്തസമ്മര്‍ദ്ദവും അഞ്ചിലൊരാള്‍ക്ക് പ്രമേഹവും ഉണ്ടെന്നാണ് എ.എം.സി.എച്ച്.എസ്.എസിന്റെ പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ ഓഫ് നോണ്‍ കമ്മ്യൂണിക്കബിള്‍ ഡീസീസസ് ഇന്‍ കേരള എന്ന പ്രോജക്ട് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്ത്യയിലെ മറ്റ് ഗ്രാമീണ മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രമേഹ രോഗികള്‍ ഏറ്റവുമധികമുള്ളത് കേരളത്തിലെ ഗ്രാമീണ മേഖലയിലാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. 20.6% ആണ് ഗ്രാമീണ മേഖലയിലെ പ്രമേഹരോഗികള്‍.

ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യമുള്ളപ്പോഴും കേരളത്തിലെ വിദ്യാസമ്പന്നര്‍ക്കുപോലും ഇവയുടെ നിയന്ത്രണം സംബന്ധിച്ച കാര്യങ്ങളില്‍ വലിയ ധാരണയൊന്നുമില്ലെന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നു. “താരതമ്യേന ഭേദപ്പെട്ട വിദ്യാഭ്യാസ നിലവാരമുള്ള ആളുകള്‍ക്കിടയില്‍പോലും ഇവയുടെ ചികിത്സ, നിയന്ത്രണോപാധികള്‍ എന്നിവയെക്കുറിച്ചുള്ള അറിവ് വളരെ പരിമിതമാണ്. കേരളത്തില്‍ രക്താതിസമ്മര്‍ദ്ദമുണ്ടെന്ന് കണ്ടെത്തിയ വ്യക്തികളില്‍ 13 ശതമാനം പേര്‍ക്കും പ്രമേഹമുണ്ടെന്ന് കണ്ടെത്തിയവരില്‍ 16 ശതമാനം പേര്‍ക്കും മാത്രമാണ് രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാര നിലയിലും നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത്. പടിഞ്ഞാറന്‍ നാടുകളില്‍ സമാന കേസുകളില്‍ 50% പേര്‍ക്ക് ഇവ നിയന്ത്രണ വിധേയമാക്കാന്‍ കഴിയുന്നുണ്ട്. ” എന്നു പറഞ്ഞാണ് കേരളത്തിലെ അപകടാവസ്ഥ റിപ്പോര്‍ട്ടില്‍ തുറന്നുകാട്ടുന്നത്.

പ്രമേഹപൂര്‍വ്വാവസ്ഥയില്‍ നിന്ന് പ്രമേഹാവസ്ഥയിലേക്കുള്ള പരിവര്‍ത്തവും ഇവിടെ വളരെ കൂടുതലാണെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവിക അളവിനേക്കാള്‍ കൂടിയിരിക്കുകയും എന്നാല്‍ പൂര്‍ണമായും പ്രമേഹ ബാധയുണ്ട് എന്ന് പറയാവുന്ന അവസ്ഥയെത്തിയിട്ടുമില്ലെങ്കില്‍ അതിനെ പരാമര്‍ശിക്കുന്നതാണ് പ്രമേഹപൂര്‍വ്വാവസ്ഥയെന്നത്.

45-69 വയസുകാരായവരില്‍ മൂന്നില്‍ രണ്ടുപേരും പ്രമേഹപൂര്‍വ്വാവസ്ഥയിലോ അല്ലെങ്കില്‍ പ്രമേഹം ബാധിച്ചവരോ ആണെന്നാണ് പഠനം പറയുന്നത്. അതുകൊണ്ടുതന്നെ അടിയന്തിര ഇടപെടലുകള്‍ വഴി പ്രമേഹസാധ്യത കുറയ്ക്കുകയോ തടയുകയോ ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു.

വിദ്യാഭ്യാസപരമായ പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കിടയില്‍ പ്രമേഹരോഗികള്‍ കൂടുതലാണെന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക അവസ്ഥയെപ്പോലും ഇത്തരം രോഗങ്ങള്‍ ബാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

” പ്രമേഹരോഗമുള്ള വ്യക്തികള്‍ക്ക് സാധാരണഗതിയില്‍ ഒന്നിലേറെ മരുന്നുകള്‍ കഴിക്കേണ്ടി വരാറുണ്ട്. ഹൃദയപേശീ സംബന്ധമായ രോഗങ്ങള്‍, ജീവാപായത്തിനു പോലും കാരണമായേക്കാവുന്ന ഹൃദ്രോഗസാധ്യതകള്‍ ഇവ ഒഴിവാക്കാന്‍ രക്താതിസമ്മര്‍ദ്ദവും മറ്റു തടയേണ്ടതുണ്ട്. തന്മൂലം വരുമാനത്തിന്റെ നല്ലൊരുഭാഗം ചികിത്സയ്ക്കായി ചെലവാക്കാന്‍ ഇത്തരം വ്യക്തികളും കുടുംബങ്ങളും നിര്‍ബന്ധിതരാകുന്നു. ആരോഗ്യകാര്യങ്ങള്‍ക്കുവേണ്ടി കൂടുതല്‍ പണം ചിലവഴിക്കേണ്ടിവരുന്നത് താഴ്ന്ന സമൂഹിക സാമ്പത്തിക നിലയിലുള്ളവരെ ഗൗരവമായി ബാധിക്കുകയും അവരെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു” എന്നാണ് പഠനം കണ്ടെത്തിയത്.

സംസ്ഥാനത്തെ പുരുഷന്മാരില്‍ അഞ്ചിലൊരാള്‍ വീതം ഇപ്പോഴും ഏതെങ്കിലും തരത്തിലുള്ള പുകയില ഉപയോഗക്കാരാണ്. 30% പേര്‍ മദ്യം ഉപയോഗിക്കുന്നവരുമാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

Watch News: