ഇനിയും വയ്യ; ഇന്ത്യന്‍ ക്രിക്കറ്റിനോട് ബൈ പറഞ്ഞ് അമ്പാട്ടി റായിഡു
സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് താരം അമ്പാട്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ലോകകപ്പിനുള്ള ഇന്ത്യയുടെ നാലാം നമ്പര്‍ സ്ഥാനത്തേക്ക് മത്സരത്തിനായി അമ്പാട്ടി റായിഡു രംഗത്തുണ്ടായിരുന്നുവെങ്കിലും ടീം പ്രഖ്യാപിച്ചപ്പോള്‍ ഇടം ലഭിച്ചിരുന്നില്ല.

പരിക്കേറ്റ് ധവാനും വിജയ് ശങ്കറും ടീമിന് പുറത്തായിട്ടും തന്നെ പരിഗണിക്കാത്തതാണ് റായ്ഡുവിന്റെ പെട്ടെന്നുള്ള വിരമിക്കല്‍ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.

ഇന്ത്യയ്ക്ക് വേണ്ടി 55 ഏകദിനങ്ങളും ആറു ടിട്വന്റിയും ഈ മുപ്പത്തിമൂന്നുകാരന്‍ കളിച്ചിട്ടുണ്ട്. 55 ഏകദിനങ്ങളില്‍ നിന്ന് 47.05 ശരാശരിയില്‍ 1694 റണ്‍സ് നേടിയിട്ടുണ്ട്. മൂന്ന് സെഞ്ചുറികളും 10 അര്‍ധ സെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്.

ആറു ടിട്വന്റിയില്‍ നിന്ന് 42 റണ്‍സാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. അതേസമയം ഇതുവരെ ഇന്ത്യയ്ക്കായി ടെസ്റ്റ് കളിക്കാന്‍ റായിഡുവിന് അവസരം ലഭിച്ചിട്ടില്ല.

രോഹിത് ശര്‍മ, സുരേഷ് റെയ്‌ന, ശിഖര്‍ ധവാന്‍, ദിനേശ് കാര്‍ത്തിക്, റോബിന്‍ ഉത്തപ്പ, ആര്‍.പി.സിംഗ് തുടങ്ങിയ ശ്രദ്ധേയ താരങ്ങള്‍ ഉദിച്ചുയര്‍ന്ന ഇന്ത്യയുടെ അണ്ടര്‍-19 ടീമിന്റെ നായകനായിരുന്ന റായിഡു. എന്നാല്‍ ഒപ്പം കളിച്ച താരങ്ങളെ പോലെ റായിഡുവിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചില്ല.

ഐ.പി.എല്ലില്‍ നിന്നും താരം പിന്‍വാങ്ങിയതായുള്ള റിപ്പോര്‍ട്ടുണ്ട്. അങ്ങനെയെങ്കില്‍ ബി.സി.സി.ഐയുമായുള്ള റായിഡുവിന്റെ ബന്ധവും അവസാനിക്കും.