നായകന് സൂപ്പര്‍ ഹീറോ പരിവേഷം നല്‍കുന്ന സിനിമകളില്‍ പേരിനൊരു നായികയാവാന്‍ താത്പര്യമില്ല: അമല പോള്‍
Entertainment news
നായകന് സൂപ്പര്‍ ഹീറോ പരിവേഷം നല്‍കുന്ന സിനിമകളില്‍ പേരിനൊരു നായികയാവാന്‍ താത്പര്യമില്ല: അമല പോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th December 2022, 10:08 am

 

സിനിമാ മേഖല ഇപ്പോഴും പുരുഷകേന്ദ്രീകൃതമാണെന്ന് അമല പോള്‍. നായകന് സൂപ്പര്‍ ഹീറോ പരിവേഷം നല്‍കുന്ന സിനിമകളില്‍ പേരിനൊരു നായികയായി അഭിനയിക്കാന്‍ താത്പര്യമില്ലെന്നും അമല വ്യക്തമാക്കി. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

’18 വയസ്സുമുതല്‍ സിനിമാ മേഖലയില്‍ ജോലിചെയ്യാന്‍ തുടങ്ങിയ ആളാണ് ഞാന്‍. ഇപ്പോള്‍ പതിമൂന്ന് വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. ഇത്രയും നാളത്തെ കഠിനാധ്വാനവും കഴിവുംകൊണ്ട് സിനിമാ മേഖലയില്‍ ഞാനൊരു ഇടം നേടിയിട്ടുണ്ട്. ഇപ്പോഴും സിനിമ ഒരു പുരുഷാധിപത്യമേഖലയാണ്. പുരുഷന്മാരുടെ കാഴ്ചപാടിലൂടെയാണ് ഭൂരിഭാഗം സിനിമകളും അവതരിപ്പിക്കുന്നത്.

അത്തരമൊരു മേഖലയില്‍ സ്ത്രീയുടെ കാഴ്ചപാടില്‍ , അവളുടെ ശക്തിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ കഥകള്‍ പറയാനുള്ള ഇടം എനിക്ക് ലഭിക്കുമ്പോള്‍, അത് പൂര്‍ണമായി ഉപയോഗിക്കണം എന്നത് എന്റെ ഉറച്ച തീരുമാനമാണ്. ബോള്‍ഡായിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നത് അതുകൊണ്ടാണ്.

എല്ലാവരും ചെയ്യുന്നതുപോലെ നായകന് സൂപ്പര്‍ ഹീറോ പരിവേഷം നല്‍കുന്ന സിനിമകളില്‍, പേരിനൊരു നായികയായി ഉയര്‍ന്ന പ്രതിഫലം മേടിക്കാനുളള അവസരം എനിക്കുമുണ്ട്. എന്നാല്‍ അതുപോലെ ചെയ്യാനല്ലല്ലോ ഞാനിവിടെ വന്നത്. മറ്റാരും ഓടിക്കുന്ന വണ്ടിയിലല്ല ഞാന്‍ യാത്ര ചെയ്യുന്നത്. എന്റെ ജീവിതത്തിന്റെ സ്റ്റിയറിങ് എന്റെ കയ്യില്‍ സുരക്ഷിതമാണ്.

 

അതുകൊണ്ട് എനിക്ക് പേടിയില്ല. കൂടുതല്‍ കരുത്തോടെ ഇനിയും സ്ത്രീപക്ഷ സിനിമകള്‍ ചെയ്യാന്‍ ശ്രമിക്കും. മലയാലത്തില്‍ കാര്യങ്ങള്‍ ഒരുപാട് മാറിയിട്ടുണ്ട്. ടീച്ചര്‍ പോലെയുള്ള കൂടുതല്‍ സ്ത്രീപക്ഷ സിനിമകല്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ,’ അമല പറഞ്ഞു.

അതിരനുശേഷം വിവേക് സംവിധാനം ചെയ്യുന്ന ടീച്ചറാണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമ. ഹക്കിം ഷാ, ചെമ്പന്‍ വിനോദ്, മഞ്ജു പിള്ള തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപ്ത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിസംബര്‍ രണ്ടിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

content highlight: amala paul share her opinion about women centric cinema